
പ്രൈം വോളിബോള്‍ ലീഗില്‍ ചൊവ്വാഴ്ച്ച നടന്ന കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്-മുംബൈ മിറ്റിയോഴ്‌സ് മത്സരത്തില്‍ നിന്ന്
ഹൈദരാബാദ്: പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് നാലാം തോല്‍വി. പൊരുതിക്കളിച്ചിട്ടും മുംബൈ മിറ്റിയോഴ്‌സിനോട് അഞ്ച് സെറ്റ് കളിയില്‍ തോറ്റു. സ്‌കോര്‍: 7-15, 15-7, 15-13, 15-8, 15-11. തുടര്‍ച്ചയായ നാലാം ജയത്തോടെ മുംബൈ പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തി. 11 പോയിന്‍റായി. എ. കാര്‍ത്തിക്കാണ് കളിയിലെ താരം. അഞ്ച് കളി പൂര്‍ത്തിയാക്കിയ കൊച്ചി ഒമ്പതാമതാണ്. ഇനി രണ്ട് മത്സരങ്ങള്‍ മാത്രമാണ് കൊച്ചിക്ക് അവശേഷിക്കുന്നത്. 19ന് കാലിക്കറ്റ് ഹീറോസുമായാണ് അടുത്ത മത്സരം.
ആദ്യ സെറ്റില്‍ തകര്‍ന്നുപോയ കൊച്ചി അടുത്ത രണ്ട് സെറ്റുകളില്‍ തകര്‍പ്പന്‍ കളിയാണ് പുറത്തെടുത്തത്. പക്ഷേ, മിന്നുന്ന ഫോമിലുള്ള മുംബൈ നിര്‍ണായക ഘട്ടത്തില്‍ കളിപിടിക്കുകായിരുന്നു. മുംബൈ സെറ്റര്‍ ഓം ലാഡ് വസന്തിന്‍റെ കരുത്തുറ്റ പാസുകളിലൂടെയായിരുന്നു മുംബൈയുടെ തുടക്കം. കൊച്ചിക്ക് മറുപടിയുണ്ടായില്ല. എറിന്‍ വര്‍ഗീസിലായിരുന്നു പ്രതീക്ഷ. പക്ഷേ, എറിന്‍റെ സ്‌പൈക്കുകളെ പീറ്റര്‍ അല്‍സ്റ്റാദ് ഒസ്റ്റവിക് ബ്ലോക്ക് ചെയ്തതോടെ മുംബൈ ലീഡില്‍ കയറി.
ഒന്നാന്തരം പ്രതിരോധവുമായിരുന്നു മുംബൈക്ക്. ഹേമന്ദിനെയും കെ അമലിനെയും ആക്രമണനിരയിലെത്തിച്ച് കൊച്ചി ഒരു കൈ നോക്കി. അതിന് ഫലവുംകിട്ടി. അമരീന്ദര്‍പാല്‍ സിങിന്‍റെ ഒന്നാന്തരം ബ്ലോക്കുകളും തുണയായി. ഒടുവില്‍ ഹേമന്ദിന്‍റെ സൂപ്പര്‍ പോയിന്റിലൂടെ കൊച്ചി ഒപ്പമെത്തുകയും ചെയ്തു. രണ്ടാം സെറ്റ് കിട്ടിയതോടെ കൊച്ചി ആത്മവിശ്വാസത്തിലായി. സെറ്റര്‍ മൗഹ്‌സിനായിരുന്നു കുന്തമുന. മികച്ച രീതിയില്‍ പാസിങ് നടത്തി. അറ്റാക്കില്‍ അഭിഷേകിന്‍റെ മികവും കൂടിയായപ്പോള്‍ കൊച്ചി ലീഡുയര്‍ത്തി.
മുംബൈ തന്ത്രം മാറ്റി. മുതിര്‍ന്ന ബ്ലോക്കര്‍ എ കാര്‍ത്തികിനെയും സെറ്റര്‍ വിപുല്‍ കുമാറിനെയും കളത്തിലിറക്കി. കളിയില്‍ മുംബൈ മേധാധിത്തം നേടുകയായിരുന്നു പിന്നീട്. അമിത് ഗുലിയയുടെ ഒന്നാന്തരം റിസപ്ഷനുകള്‍ കളിയിലെ അഞ്ചാം സെറ്റിലേക്ക് നയിക്കുകയും ചെയ്തു. അഞ്ചാം സെറ്റില്‍ കൊച്ചി എളുപ്പത്തില്‍ വിട്ടുകൊടുത്തില്ല. അമലിന്‍റെ സെര്‍വുകള്‍ മുംബൈയെ പരീക്ഷിച്ചു. പക്ഷേ, ശുഭം ചൗധരിയുടെ നിര്‍ണായക ബ്ലോക്കുകള്‍ മുംബൈക്ക് തുണയായി. ഒടുവില്‍ മതിയാസ് ലോഫ്‌റ്റെന്‍സിന്‍റെ ആക്രമണ വൈഭവം മുംബൈക്ക് സെറ്റും മത്സരവും സമ്മാനിച്ചു.
നാളെ (ബുധന്‍) ആദ്യ കളിയില്‍ ചെന്നൈ ബ്ലിറ്റ്‌സ് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെ നേരിടും. വൈകിട്ട് 6.30നാണ് കളി. രാത്രി 8.30ന് ബംഗളൂരു ടോര്‍പിഡോസും കാലിക്കറ്റ് ഹീറോസും തമ്മില്‍ കളിക്കും. ആദ്യ നാല് കളിയും തോറ്റ കാലിക്കറ്റ് ആദ്യ ജയം തേടിയാണ് ഇന്നിറങ്ങുന്നത്.