പ്രൈം വോളി: ഹൈദരാബാദിനെ വീഴ്ത്തി, കോല്‍ക്കത്തയ്ക്ക് നിര്‍ണായക ജയം

നാലാം സീസണില്‍ ആതിഥേയരായ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ 3-1ന് തകര്‍ത്ത് കോല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് വിജയവഴിയില്‍ തിരിച്ചെത്തി
prime volleyball league hyderabad vs kolkata

ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സും കോല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സും തമ്മിലുള്ള മത്സരത്തിൽ നിന്ന്

Updated on

ഹൈദരാബാദ്: ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ആര്‍.ആര്‍. കാബെല്‍ പ്രൈം വോളിബോള്‍ ലീഗിന്‍റെ നാലാം സീസണില്‍ ആതിഥേയരായ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ 3-1ന് തകര്‍ത്ത് കോല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് വിജയവഴിയില്‍ തിരിച്ചെത്തി. ദീപാവലി ദിനത്തിൽ നടന്ന മത്സരത്തില്‍ 15-9, 15-13, 9-15, 15-13 എന്ന സ്‌കോറിനാണ് കോല്‍ക്കത്ത നിര്‍ണായക ജയം സ്വന്തമാക്കിയത്. പങ്കജ് ശര്‍മയാണ് കളിയിലെ താരം. ജയത്തോടെ 9 പോയിന്‍റുമായി കോല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

ഹൈദരാബാദിന്‍റെ പ്രീത് കരണും യുഡി യമമോട്ടോയും ചേര്‍ന്ന് ആക്രമണം തുടങ്ങിയെങ്കിലും, പങ്കജ് ശര്‍മയും മുഹമ്മദ് ഇഖ്ബാലും ചേര്‍ന്നുള്ള കോല്‍ക്കത്തയുടെ പ്രതിരോധം ശക്തമായിരുന്നു. ജിതിന്‍റെ തന്ത്രങ്ങള്‍ക്കനുസരിച്ച് അശ്വല്‍ റായിയും മതിന്‍ തകാവറും നടത്തിയ ആക്രമണങ്ങളും, മധ്യഭാഗത്ത് ഇക്ബാല്‍ നടത്തിയ ശക്തമായ പ്രതിരോധവും കോല്‍ക്കത്തക്ക് മേല്‍ക്കൈ നല്‍കി. തുടരെ രണ്ട് സെറ്റുകള്‍ കോല്‍ക്കത്ത നേടിയതോടെ ഹൈദരാബാദ് ഫോര്‍മേഷനില്‍ മാറ്റം വരുത്തി. ജോണ്‍ ജോസഫ്, ഗുരു പ്രശാന്ത്, പോളോ ലമൗനിയര്‍ എന്നിവരെ കളത്തിലിറക്കി. പങ്കജിന്മേലുള്ള പോളോയുടെ ബ്ലോക്കും, ജോണിന്‍റെ ബ്ലോക്കിലൂടെ ലഭിച്ച നിര്‍ണായക സൂപ്പര്‍ പോയിന്‍റും ബ്ലാക്‌ഹോക്‌സിന് മൂന്നാം സെറ്റ് സമ്മാനിച്ചു.

നിര്‍ണായകമായ നാലാം സെറ്റില്‍ ലമൗനിയര്‍ ഹൈദരാബാദിന് മികച്ച തുടക്കം നല്‍കിയെങ്കിലും, പങ്കജിന്‍റെയും അശ്വലിന്‍റെയും കൃത്യമായ ക്രോസ്‌കോര്‍ട്ട് ആക്രമണങ്ങളിലൂടെ കോല്‍ക്കത്തയും ഒപ്പത്തിനൊപ്പം നിന്നു. നിര്‍ണായക സൂപ്പര്‍ പോയിന്‍റ് നേടിയ തണ്ടര്‍ബോള്‍ട്ട്‌സ് രാഹുലിന്‍റെ ശക്തമായ സ്‌പൈക്കിലൂടെ പോയിന്‍റ് നില ഉയര്‍ത്തി 14-13ല്‍ നില്‍ക്കേ ശിഖര്‍ സിങ് മധ്യത്തില്‍ നിന്നുള്ള ഷോട്ട് ലക്ഷ്യം തെറ്റിച്ചതോടെ കോല്‍ക്കത്ത നിര്‍ണായക ജയത്തോടെ ദീപാവലി ആഘോഷിച്ചു.

ചൊവ്വാഴ്ച ലീഗില്‍ ഒരേയൊരു മത്സരം. കഴിഞ്ഞദിവസം കേരള ഡെര്‍ബിയില്‍ കാലിക്കറ്റ് ഹീറോസിനെ തോല്‍പ്പിച്ച കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെ നേരിടും. കൊച്ചിയുടെ അവസാന മത്സരമാണിത്. നിലവിലെ ജേതാക്കളെ നാല് സെറ്റ് പോരാട്ടത്തില്‍ കീഴടക്കിയ കൊച്ചി സെമിസാധ്യത നിലനിര്‍ത്തിയിരുന്നു. പി.എ. മൊഹ്‌സിന്‍റെ മികവിലായിരുന്നു ജയം. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കൊച്ചി രണ്ട് ജയമുള്‍പ്പെടെ ഏഴ് പോയിന്‍റുമായി പട്ടികയില്‍ എട്ടാമതാണ്. പതിനാല് പോയിന്‍റുമായി ബംഗളൂരു ടോര്‍പ്പിഡോസ് മാത്രമാണ് നിലവില്‍ സെമിഫൈനല്‍ ഉറപ്പാക്കിയത്. ചൊവ്വാഴ്ച നേരിട്ടുള്ള സെറ്റുകള്‍ക്ക് ജയിക്കാനായാല്‍ കൊച്ചിക്ക് പത്ത് പോയിന്‍റാവും. ഇതോടൊപ്പം മറ്റു ടീമുകളുടെ ഇനിയുള്ള മത്സരഫലം കൂടി ആശ്രയിച്ചായിരിക്കും കൊച്ചിയുടെ സാധ്യതകള്‍.

Image Caption

പ്രൈം വോളിബോള്‍ ലീഗില്‍ തിങ്കളാഴ്ച്ച നടന്ന കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ്-ഹൈദരാബാദ് ബ്ലാക്‌ഹോക്‌സ് മത്സരത്തില്‍ നിന്ന്‌

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com