
പ്രൈം വോളിബോള്‍ ലീഗില്‍ ബുധനാഴ്ച്ച നടന്ന മുംബൈ മിറ്റിയോഴ്‌സ്-ബംഗളൂരു ടോര്‍പ്പിഡോസ് മത്സരത്തിൽ നിന്ന്
ഹൈദാരാബാദ്: ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗിലെ കരുത്തരുടെ പോരില്‍ മുംബൈ മിറ്റിയോഴ്‌സിന് ജയം. ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ ബംഗളൂരു ടോര്‍പ്പിഡോസിനെ 3-1ന് തോല്‍പ്പിച്ച് മുംബൈ ഒന്നാം സ്ഥാനവും ഉറപ്പിച്ചു. സ്‌കോര്‍: 15-13, 15-13, 20-18, 15-10. ശുഭം ചൗധരി പ്ലെയര്‍ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു.
ഒക്റ്റോബര്‍ 24ന് നടക്കുന്ന ഒന്നാം സെമിഫൈനലില്‍ നാലാം സ്ഥാനക്കാരായിരിക്കും മുംബൈയുടെ എതിരാളികള്‍. 7 മത്സരങ്ങളില്‍ ആറും ജയിച്ച മുംബൈ, 17 പോയിന്‍റുമായാണ് ലീഗ് ഘട്ടം പൂര്‍ത്തിയാക്കിയത്. തോറ്റെങ്കിലും ബംഗളൂരു ടോര്‍പ്പിഡോസിന്‍റെ രണ്ടാം സ്ഥാനത്തിനും ഇളക്കമില്ല, ഏഴില്‍ അഞ്ച് ജയവുമായി 14 പോയിന്‍റ്. മൂന്നാം സ്ഥാനക്കാരുമായാണ് 24ന് ബംഗളൂരിന്‍റെ സെമി പോരാട്ടം.
ആദ്യ രണ്ട് സെറ്റുകളിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നു. മുംബൈ സെറ്റര്‍ ഓം ലാഡിന്‍റെ പ്രകടനമായിരുന്നു ശ്രദ്ധേയം. മാത്തിയാസ് ലോഫ്‌റ്റെസ്‌നസിന്‍റെയും ശുഭം ചൗധരിയുടെയും സ്‌പൈക്കുകള്‍ കൂടി വന്നതോടെ മിറ്റിയോഴ്‌സ് കരുത്താര്‍ജിച്ചു.
ബംഗളൂരുവിന് വേണ്ടി ജോയല്‍ ബെഞ്ചമിന്‍ മികച്ച പ്രകടനം നടത്തിയെങ്കിലും, പീറ്റര്‍ ഓസ്റ്റ്‌വിക്കിന്‍റെ മികച്ച ബ്ലോക്കുകള്‍ മിറ്റിയോഴ്‌സിന് സഹായകമായി. അമിത് ഗുലിയയുടെ ശക്തമായ സ്‌പൈക്കുകളും ബംഗളൂരിന് നിര്‍ണായക ലീഡ് നല്‍കി. ആദ്യ രണ്ട് സെറ്റുകള്‍ മുംബൈ നേടി. മൂന്നാം സെറ്റില്‍ ബംഗളൂരു തിരിച്ചടിച്ചു.
മുജീബിനൊപ്പം പെൻറോസും ചേര്‍ന്ന് പ്രതിരോധം ശക്തമാക്കി. അമിത് ഗുലിയ സമ്മര്‍ദം ചെലുത്തിയെങ്കിലും സൂപ്പര്‍ പോയിന്‍റ് ഉള്‍പ്പെടെ സെറ്റ് ബംഗളൂരിന് അനുകൂലമാക്കി. പെന്‍ റോസിന്‍റെ സ്‌പൈക്കിലൂടെ 20-18ന് അവര്‍ സെറ്റും നേടി മുംബൈയുടെ ജയം വൈകിപ്പിച്ചു.
ഒരു സെറ്റ് വഴങ്ങിയെങ്കിലും, കാര്‍ത്തിക്കിന്‍റെ കിടിലന്‍ സര്‍വുകളിലൂടെയും, ഓം ലാഡിന്‍റെ സ്ലോ സെര്‍വിലൂടെയും മിറ്റിയോഴ്‌സ് വീണ്ടും ആധിപത്യം സ്ഥാപിച്ചു. ലോഫ്‌റ്റെസ്‌നസിന്‍റെ ബ്ലോക്കിലൂടെ നിര്‍ണായക ജയം സ്വന്തമാക്കിയ ബംഗളൂരു, ലീഗ് ഘട്ടത്തിലെ തങ്ങളുടെ ഒന്നാം സ്ഥാനത്തിനും സിമന്‍റ് പാകി. ലീഗില്‍ വ‍്യാഴാഴ്ച വിശ്രമ ദിനമാണ്. മത്സരങ്ങളില്ല. 24നാണ് സെമി ഫൈനല്‍ പോരാട്ടങ്ങള്‍. കലാശക്കളി 26ന്.