വിടരാത്ത വസന്തങ്ങൾ: കാംബ്ലിയുടെ വഴിയേ പൃഥ്വി ഷാ?

വിനോദ് കാംബ്ലിയുമായി പല താരതമ്യങ്ങൾക്കും സാധ്യതയുണ്ട് പൃഥ്വി ഷായ്ക്ക്, പ്രതിഭയുടെ കാര്യത്തിലും, വിസ്‌മയിപ്പിക്കുന്ന തുടക്കത്തിനു ശേഷം പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ പോയ പ്രകടനങ്ങളുടെ കാര്യത്തിലും
വിടരാത്ത വസന്തങ്ങൾ: കാംബ്ലിയുടെ വഴിയേ പൃഥ്വി ഷാ?

വി.കെ. സഞ്‌ജു

പ്രതീക്ഷകൾക്കൊത്ത് ഉയരാതെ പോയ പ്രതിഭകൾക്ക് ഒരു പഞ്ഞവുമില്ല ഇന്ത്യൻ ക്രിക്കറ്റിൽ. മനീന്ദർ സിങ്ങും ലക്ഷ്മൺ ശിവരാമകൃഷ്ണനും മുതൽ വിനോദ് കാംബ്ലിയും എസ്. ശ്രീശാന്തും വരെ നീളുന്ന പട്ടികയിൽ പലരും ലോക ക്രിക്കറ്റിനെ അടക്കിവാഴാൻ മാത്രം പ്രതിഭയുള്ളവരായിരുന്നു, പല കാരണങ്ങളാൽ വിടരാതെ പോയ വസന്തങ്ങൾ.

കൂട്ടത്തിൽ വിനോദ് കാംബ്ലിയുമായി പല താരതമ്യങ്ങൾക്കും സാധ്യതയുള്ള ബാറ്ററാണ് പൃഥ്വി ഷാ, പ്രതിഭയുടെ കാര്യത്തിൽ മാത്രമല്ല, വിസ്‌മയിപ്പിക്കുന്ന തുടക്കത്തിനു ശേഷം പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ പോയ പ്രകടനങ്ങളുടെ കാര്യത്തിലും അതങ്ങനെ തന്നെ.

കാംബ്ലിയെക്കുറിച്ചും പറയുമ്പോൾ സച്ചിൻ ടെൻഡുൽക്കറെ 'ടാഗ്' ചെയ്യാതെ പോകാൻ പറ്റില്ലെന്നു പറയുന്നതു പോലെയാണ് പൃഥ്വി ഷായെക്കുറിച്ചു പറയുമ്പോൾ ശുഭ്‌മാൻ ഗില്ലിന്‍റെ കാര്യവും; സമകാലികരും സമാന പ്രതിഭകളും. ശാരദാശ്രമം സ്കൂളിനു വേണ്ടി സച്ചിനും കാംബ്ലിയും ചേർന്നുയർത്തിയ 664 റൺസിന്‍റെ അന്നത്തെ ലോക റെക്കോഡ് ഇന്ത്യൻ ക്രിക്കറ്റിന്‍റെ വീരേതിഹാസങ്ങളിലെ അനശ്വരമായ അധ്യായമാണ്. 2018ൽ ഇന്ത്യ അണ്ടർ-19 ലോകകപ്പ് നേടുന്നത് പൃഥ്വി ഷായുടെ ക്യാപ്റ്റൻസിയിലാണ്, ശുഭ്‌മാൻ ഗിൽ ആ ടൂർണമെന്‍റിലെ ടോപ് സ്കോററും.

ഗില്ലിനെക്കാൾ മാസങ്ങൾക്കും മുൻപേ ദേശീയ ടീമിലെത്തിയതാണ് പൃഥ്വി ഷാ. ഏതൊരു സ്ട്രോക്ക് പ്ലെയർക്കും ഇന്ത്യയിൽ സംഭവിക്കുന്നതു പോലെ ആദ്യത്തെ താരതമ്യം സച്ചിനുമായി തന്നെയായിരുന്നു. പക്ഷേ, വലങ്കയ്യനാണെങ്കിലും ബാക്ക് ലിഫ്റ്റിനും ഫുട്ട് വർക്കിനും ബാറ്റ് വീശലിൽ വായുവിലുതിരുന്ന അർധവൃത്തങ്ങൾക്കുമെല്ലാം ബ്രയൻ ലാറയുമായായിരുന്നു സമാനത കൂടുതൽ. ആക്രമണോത്സുകതയിൽ വീരേന്ദർ സെവാഗുമായും.

സച്ചിൻ ടെൻഡുൽക്കർ 1989ൽ അരങ്ങേറ്റം കുറിച്ച് രണ്ടു വർഷത്തിനു ശേഷമാണ് വിനോദ് കാംബ്ലിയുടെ അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്കുള്ള വരവ്. ഏറ്റവും വേഗത്തിൽ ആയിരം ടെസ്റ്റ് റൺസ്, കുറഞ്ഞ പ്രായത്തിൽ ഇരട്ട സെഞ്ചുറി നേടുന്ന ഇന്ത്യൻ താരം, തുടരെ രണ്ട് ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരം എന്നിങ്ങനെ റെക്കോഡ് പ്രളയവുമായി ഒരു ഒന്നൊന്നര വരവ്. സച്ചിനെക്കാൾ മുൻപേ ഏകദിനത്തിൽ സെഞ്ചുറിയും ടെസ്റ്റിൽ ഇരട്ട സെഞ്ചുറിയും നേടിയത് കാംബ്ലിയാണ്. പക്ഷേ, അന്താരാഷ്‌ട്ര കരിയർ അവസാനിപ്പിക്കുമ്പോൾ സച്ചിന്‍റെ സെഞ്ചുറികളുടെ എണ്ണം നൂറായിരുന്നു, കാംബ്ലിയുടേത് ആറും!

സ്കൂൾ ക്രിക്കറ്റിൽ സച്ചിനും കാംബ്ലിയും റെക്കോഡ് സ്ഥാപിച്ച ഹാരിസ് ഷീൽഡ് ടൂർണമെന്‍റിൽ ഒറ്റ ഇന്നിങ്‌സിൽ 546 റൺസെടുത്തുകൊണ്ടാണ് പൃഥ്വി ഷായും ഇന്ത്യൻ ക്രിക്കറ്റിന്‍റെ റഡാറിലേക്ക് പറന്നുകയറുന്നത്. പതിനേഴാം വയസിൽ ദുലീപ് ട്രോഫി സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരമായി. ടെസ്റ്റ് അരങ്ങേറ്റത്തിൽ സെഞ്ചുറി കുറിക്കുന്ന പ്രായം കുറഞ്ഞ ഇന്ത്യക്കാരനുമായി.

പൃഥ്വി ഷാ ‌സ്ട്രൈക്ക് റേറ്റിന്‍റെ കാര്യത്തിൽ വിനോദ് കാംബ്ലിയെക്കാൾ ഏറെ മുന്നിലാണ്. എന്നാൽ, ടെസ്റ്റ് ക്രിക്കറ്റിൽ അറുപതിനോടടുത്ത സ്ട്രൈക്ക് റേറ്റ് കാംബ്ലിയുടെ കാലത്തെ ബാറ്റിങ് രീതികൾ വച്ചു നോക്കിയാൽ സമകാലികരെക്കാൾ ഉയരത്തിൽ തന്നെയാണ്.

2019ൽ നിരോധിത മരുന്ന് ഉപയോഗിച്ചതിനു പിടിക്കപ്പെട്ട് നിരോധനം ഏറ്റുവാങ്ങിയതോടെയാണ് ഷായുടെ കരിയർ തന്നെ തകിടം മറിയുന്നത്. അതിനു ശേഷം ബാറ്റിങ് ടെക്നിക്കൊക്കെ മെച്ചപ്പെടുത്തി ആഭ്യന്തര ക്രിക്കറ്റിൽ നല്ല തിരിച്ചുവരവ് തന്നെ നടത്തിയെങ്കിലും നിരന്തരം അച്ചടക്കമില്ലായ്മ സംശയിക്കപ്പെട്ടു, കളിക്കളത്തിന് അകത്തും പുറത്തും. സന്നാഹ മത്സരത്തിൽ ഫീൽഡ് ചെയ്യാൻ മടി കാണിച്ചതിനെക്കുറിച്ച് ക്യാപ്റ്റനായിരുന്ന അജിങ്ക്യ രഹാനെ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഐപിഎല്ലിലും പലപ്പോഴും ഫീൽഡിൽ സംരക്ഷണം കൊടുക്കേണ്ട കളിക്കാരനായി ഷാ മാറി.

മറുവശത്ത്, അണ്ടർ-19 ടീമിലെ കൂട്ടുകാരൻ ശുഭ്‌മാൻ ഗിൽ ദേശീയ ടീമിലെത്താൻ കുറച്ചു വൈകിയെങ്കിലും ഇതിനകം മൂന്നു ഫോർമാറ്റിലും അനിവാര്യ ഘടകമായി മാറിക്കഴിഞ്ഞു. വിരാട് കോലിയോട് ഉപമിക്കാവുന്ന വലിയ കഠിനാധ്വാനവും നിരന്തരം മെച്ചപ്പെടാനുള്ള മനസ്ഥിതിയും അതിനു പിന്നിലുണ്ട്.

കാംബ്ലിയുടെ സ്ഥിരതയില്ലാമയ്ക്കു പിന്നിൽ ഏകാഗ്രതയും അച്ചടക്കമില്ലായ്‌മയുമെല്ലാമുണ്ടായിരുന്നു. ഇതേ പാതയിൽ പൃഥ്വിയുടെ നിഴലും വീണു തുടങ്ങിയെന്നു വേണം മുംബൈയിൽ വച്ച് മോഡലുമായുണ്ടായ തെരുവ് യുദ്ധത്തിൽനിന്നു മനസിലാക്കാൻ.

വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളും ലഹരി ഉപയോഗവും പെട്ടെന്നു കിട്ടിയ പ്രശസ്തിയും പണവുമെല്ലാം കാംബ്ലിയുടെ പ്രകടനത്തെ ബാധിച്ചു, അതു കരിയറിന്‍റെ അകാല അസ്തമയത്തിലേക്കും വഴിതെളിച്ചു.

കളത്തിനു പുറത്തെ കാര്യങ്ങൾ പരിശീലനത്തെയും പ്രകടനത്തെയുമെല്ലാം ബാധിക്കുമെന്നു മാത്രമല്ല, ക്രിക്കറ്റ് പ്രേമികളുടെയും സെലക്റ്റർമാരുടെയും അപ്രീതിക്കു പാത്രമാക്കുകയും ചെയ്യുമെന്ന് കാംബ്ലിയെ ഒന്നു തിരിഞ്ഞുനോക്കിയാൽ പൃഥ്വിക്കു മനസിലാകും. ഇരുപത്തിമൂന്നാം വയസിൽ തിരിച്ചുവരാൻ സമയവും ഏറെ ബാക്കിയാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com