

പ്രിയാംശ് ആര‍്യ
ഇന്ദോർ: തമിഴ്നാടിനെതിരായ സയീദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ തകർപ്പൻ ബാറ്റിങ് പ്രകടനവുമായി ഡൽഹി ക‍്യാപ്റ്റൻ പ്രിയാംശ് ആര‍്യ. ഇന്ദോറിലെ ഡാലി കോളെജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 68 പന്തിൽ നിന്നും 181 റൺസാണ് താരം അടിച്ചെടുത്തത്.
19 സിക്സും 7 ബൗണ്ടറികളും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ബാറ്റിങ് പ്രകടനം. 18 പന്തിൽ നിന്നും അർധസെഞ്ചുറി തികച്ച പ്രിയാംശ് 36 പന്തിൽ നിന്നുമാണ് സെഞ്ചുറി നേടിയത്.
ജമ്മു കശ്മീർ, പഞ്ചാബ്, ഹരിയാന എന്നീ ടീമുകൾക്കെതിരേ നടന്ന മത്സരങ്ങളിൽ നേരത്തെ അർധസെഞ്ചുറി നേടിയതോടെ ഇത്തവണത്തെ സയീദ് മുഷ്താഖ് അലി ട്രോഫിയിൽ റൺവേട്ടക്കാരനായി പ്രിയാംശ് മാറി. 6 ഇന്നിങ്സുകളിൽ നിന്നും 60. 33 ബാറ്റിങ് ശരാശരിയിൽ 362 റൺസാണ് താരം നേടിയത്. ഒരു ടി20 ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന ബാറ്ററെന്ന നേട്ടം പ്രിയാംശ് സ്വന്തമാക്കി.
ടി20 ക്രിക്കറ്റിൽ തന്നെ ഒരു ഇന്ത‍്യൻ താരം നേടുന്ന ഉയർന്ന വ‍്യക്തിഗത സ്കോറാണിത്. പ്രിയാംശിന്‍റെ ബാറ്റിങ് വെടിക്കെട്ടിന്‍റെ മികവിൽ തമിഴ്നാടിനെതിരേ ഡൽഹി 5 വിക്കറ്റ് നഷ്ടത്തിൽ 275 റൺസ് അടിച്ചെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ തമിഴ്നാട് 18.3 ഓവറിൽ 159 റൺസിന് കൂടാരം കയറിയതോടെ 116 റൺസിന് ഡൽഹി വിജയിച്ചു.