ജീവിതകാലം മുഴുവൻ കളിക്കാനാവില്ല, വിദ്യാഭ്യാസം പ്രധാനം: പി.വി. സിന്ധു

കായിക ജീവിതം എപ്പോൾ വേണമെങ്കിലും അവസാനിക്കാം, അതിനാൽ വിദ്യാഭ്യാസം കൂടെയുണ്ടാകണം. തന്‍റെ എം.ബി.എ പഠനത്തെക്കുറിച്ചും പരിക്കുകളെക്കുറിച്ചും പി.വി. സിന്ധു സംസാരിക്കുന്നു.
PV Sindhu on Importance of Education

പി.വി. സിന്ധു

file

Updated on

ഗുരുഗ്രാം: കായിക താരങ്ങൾക്ക് നല്ല വിദ്യാഭ്യാസം അത്യാവശ്യമാണെന്ന് രണ്ട് ഒളിമ്പിക് മെഡലുകൾ നേടിയ ഇന്ത്യൻ ബാഡ്മിന്‍റൺ താരം പി.വി. സിന്ധു. പരിക്കുകൾ മൂലം കരിയർ എപ്പോൾ വേണമെങ്കിലും അവസാനിക്കാവുന്ന ഒന്നാണെന്നും, അതിനാൽ പഠനത്തെ അവഗണിച്ച് കായികരംഗത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വലിയ അപകടമാണെന്നും ബുധനാഴ്ച അവർ മുന്നറിയിപ്പ് നൽകി.

ഡിപിഎസ് ഇന്‍റർനാഷണലിൽ വിദ്യാഭ്യാസ വിചക്ഷണയായ ദേവയാനി ജയ്പൂരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുൻ ലോക ചാംപ്യൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തന്‍റെ സ്വന്തം കരിയറിലെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടാണ് സിന്ധു ഈ കാര്യങ്ങൾ ഊന്നിപ്പറഞ്ഞത്.

"ഞാൻ വർഷങ്ങളായി കളിക്കുന്നു. ഏതെങ്കിലും ഒരു ഘട്ടത്തിൽ വിരമിക്കേണ്ടി വരും, അതാണ് യാഥാർഥ്യം. 45-ഓ 60-ഓ വയസ്സുവരെ ഒരാൾക്ക് ഏറ്റവും ഉയർന്ന തലത്തിൽ കളിക്കാൻ കഴിയില്ല. അത് നമ്മൾ അംഗീകരിക്കണം. എന്നാൽ വിദ്യാഭ്യാസം ജീവിതകാലം മുഴുവൻ കൂടെയുണ്ടാകും," സിന്ധു പറഞ്ഞു. കായിക താരങ്ങൾ പഠനത്തിന് മുൻഗണന നൽകണമെന്ന് ദേശീയ കോച്ച് പുല്ലേല ഗോപിചന്ദ് പറഞ്ഞിട്ടുള്ള കാര്യത്തെ അവർ ശരിവച്ചു.

"ആരും വെള്ളിത്താലത്തിൽ ഭാഗ്യവുമായി ജനിക്കുന്നവരല്ല. പഠനത്തിലായാലും സ്പോർട്സിലായാലും കഠിനാധ്വാനം ചെയ്തേ തീരൂ. ഞാൻ എം.ബി.എ പൂർത്തിയാക്കിയതാണ്. രാവിലെ പരിശീലനത്തിന് പോയി തിരികെ വന്ന് പഠിക്കുക, വീണ്ടും വൈകുന്നേരം പരിശീലനത്തിന് പോകുക എന്നത് എളുപ്പമല്ലെന്ന് എനിക്കറിയാം. പക്ഷേ, കരിയറിൽ സ്പോർട്സ് എന്നത് ഒരു ചെറിയ കാലയളവ് മാത്രമാണ്. വിദ്യാഭ്യാസം എപ്പോഴും തുണയായുണ്ടാകും," അവർ വ്യക്തമാക്കി.

അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തുന്ന ബോംബാക്രമണത്തെത്തുടർന്ന് വ്യോമപാത അടച്ചതിനാൽ ഏതാനും ദിവസങ്ങളായി ദുബായിൽ കുടുങ്ങിയ സിന്ധു ഇപ്പോൾ വിശ്രമത്തിലാണ്.

കഠിനമായ പരിക്കുകളിൽ നിന്ന് തിരിച്ചുവരുന്നത് പ്രയാസകരമായതിനാലാണ് വളർന്നുവരുന്ന താരങ്ങളോട് പഠനത്തിൽ ശ്രദ്ധിക്കണമെന്ന് താൻ ആവശ്യപ്പെടുന്നതെന്ന് 30-കാരിയായ സിന്ധു പറഞ്ഞു.

2016-ലെ ഒളിംപിക്സിന് തൊട്ടുമുമ്പ് തന്‍റെ കരിയറിന് തന്നെ ഭീഷണിയായ ഇടതുകാലിലെ പരിക്ക് സിന്ധു അനുസ്മരിച്ചു. ആറുമാസത്തോളം കളിക്കളത്തിന് പുറത്തിരിക്കേണ്ടി വന്ന ആ സമയത്ത് തനിക്ക് ഇനി കളിക്കാൻ കഴിയുമോ എന്ന് സ്വയം സംശയിച്ചിരുന്നതായും അവർ പറഞ്ഞു. എന്നാൽ ആ വെല്ലുവിളികളെ അതിജീവിച്ച് റിയോ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടാൻ അവർക്ക് സാധിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com