
മുംബൈ: ഓഫ്‌സ്പിന്നർ ആർ. അശ്വിൻ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഇടംപിടിച്ചു. പരുക്കേറ്റ അക്ഷർ പട്ടേലിനു പകരക്കാരനായാണ് അശ്വിനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച 15-അംഗ ടീമിൽ മാറ്റം വരുത്താനുള്ള സമയ പരിധി സെപ്റ്റംബർ 29ന് അവസാനിരിക്കെയാണ് തലേന്നുള്ള പ്രഖ്യാപനം.
2011ൽ ലോകകപ്പ് നേടിയ ഇന്ത്യൻ സംഘത്തിലും അശ്വിൻ അംഗമായിരുന്നു. അന്നത്തെ ലോകജേതാക്കളിൽ ഇപ്പോഴും ടീമിൽ ശേഷിക്കുന്ന മറ്റൊരാൾ വിരാട് കോലി മാത്രം.
നേരത്തെ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ് എന്നിങ്ങനെ മൂന്ന് ഇടങ്കയ്യൻ സ്പിന്നർമാരെ ടീമിൽ ഉൾപ്പെടുത്തിയത് വലിയ വിമർശനങ്ങൾക്കു കാരണമായിരുന്നു. അശ്വിന്‍റെ വരവോടെ സ്പിൻ വിഭാഗത്തിൽ കൂടുതൽ വൈവിധ്യം നൽകാൻ സാധിക്കുന്നു. അശ്വിൻ ഇല്ലാതെ ടീം പ്രഖ്യാപിച്ച ശേഷവും അദ്ദേഹം പരിഗണനയിലാണെന്ന സൂചനകൾ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും ചീഫ് സെലക്റ്റർ അജിത് അഗാർക്കറും നൽകിയിരുന്നതാണ്.
അതേസമയം, ഏഷ്യ കപ്പിനിടെ പരുക്കേറ്റ അക്ഷറിനു പകരം വാഷിങ്ടൺ സുന്ദറിനെ ടീമിൽ ഉൾപ്പെടുത്തിയത് അശ്വിന്‍റെ സാധ്യത മങ്ങിയോ എന്ന സംശയമുണർത്തിയിരുന്നു. പക്ഷേ, ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലേക്ക് തിരിച്ചുവിളിക്കപ്പെട്ടതോടെ വീണ്ടും സജീവ പരിഗണനയിലെത്തി. ഇതിനിടെ, തയാറെടുപ്പെന്നോണം തമിഴ്‌നാട്ടിൽ നടന്ന ഒരു പ്രാദേശിക ഏകദിന ടൂർണമെന്‍റിൽ അശ്വിൻ കളിക്കുകയും ചെയ്തിരുന്നു.
മുപ്പത്തേഴുകാരനായ അശ്വിൻ പതിനെട്ടു മാസത്തെ ഇടവേളയ്ക്കു ശേഷം ഏകദിന ക്രിക്കറ്റ് കളിക്കുന്നത് ഓസ്ട്രേലിയക്കെതിരായ പരമ്പരയിലാണ്. ആദ്യ മത്സരത്തിൽ 47 റൺസിന് ഒരു വിക്കറ്റും രണ്ടാം മത്സരത്തിൽ 41 റൺസിന് മൂന്നു വിക്കറ്റും നേടി.