

ആർ. അശ്വിൻ, രോഹിത് ശർമ, വിരാട് കോലി
ന‍്യൂഡൽഹി: സീനിയർ താരങ്ങളായ രോഹിത് ശർമയെയും വിരാട് കോലിയെയും ഇന്ത‍്യൻ ടീമിൽ നിന്നും പുറത്താക്കുന്നത് അസാധ‍്യമായ കാര‍്യമാണെന്ന് മുൻ ഇന്ത‍്യൻ താരം രവിചന്ദ്ര അശ്വിൻ. ഇരുവരും കളിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവരെ രണ്ടുപേരെയും തൊടാൻ ആർക്കും സാധിക്കില്ലെന്നും അശ്വിൻ തന്‍റെ യൂട‍്യൂബ് ചാനലിലൂടെ തുറന്നടിച്ചു.
അതേസമയം, രോഹിത് ശർമയുടെ മേൽ സമ്മർദമില്ലെന്ന റിപ്പോർട്ടുകൾ അദ്ദേഹം തള്ളി. അവർ രണ്ടുപേരും ബാറ്റർമാരാണ്. അവർ റൺസ് നേടിയിട്ടുണ്ട്. അവരെ തൊടാൻ സാധിക്കില്ല. രോഹിത് ശർമയുടെ വിരമിക്കൽ സാധ‍്യതയെ പറ്റിയുള്ള വാർത്തകൾ നോക്കിയാൽ അത് പുറത്തു നിന്നുള്ള ശബ്ദമല്ലായിരുന്നു. തീയില്ലെങ്കിൽ പുകയുണ്ടാകില്ല.
അവിടെ തീയുണ്ടായിരുന്നു, പക്ഷേ രോഹിത് റൺസ് നേടി. എങ്ങനെ അത് സാധ‍്യമാക്കാമെന്ന് അദ്ദേഹം കാണിച്ചു തന്നു. 2027ലെ ലോകകപ്പ് കളിക്കുന്നതിൽ രോഹിത് ശർമയ്ക്ക് യാതൊരു സംശയവുമില്ല. രോഹിതിനെയും വിരാടിനെയും തൊടാൻ അവർക്ക് പറ്റില്ല. അവർക്ക് വലിയൊരു സൈന‍്യമുണ്ട്. അവരുടെ കളി കാണാൻ വേണ്ടിയാണ് ആളുകൾ വരുന്നത്. അശ്വിൻ പറഞ്ഞു.
ലോർഡ്സിലേത് രോഹിത് ശർമയുടെ അവസാന മത്സരമായിരിക്കുമെന്ന റിപ്പോർട്ടുകൾ ബിസിസിഐ തള്ളിയത് എടുത്തു പറയേണ്ടതാണ്. എന്നാൽ യുവതാരം യശസ്വി ജയ്സ്വാളിന് കഴിഞ്ഞ രണ്ടു മത്സരങ്ങളിലും അവസരം നൽകാൻ സെലക്റ്റർമാർ ആഗ്രഹിക്കുന്നുവെന്നത് കണക്കിലെടുക്കുമ്പോൾ സീനിയർ ബാറ്റർമാർക്ക് സമ്മർദം വലുതാണ്. അശ്വിൻ കൂട്ടിച്ചേർത്തു. അതേസമയം, സീനിയർ താരങ്ങളായ മുഹമ്മദ് സിറാജ്, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, എന്നിവരെ ടീമിലെടുക്കാത്തതിലും അശ്വിൻ പ്രതികരിച്ചു.
നിങ്ങൾ സിറാജിനെയോ ഷമിയെയോ ഭുവനേശ്വറിനെയോ ടീമിലെടുക്കാതിരിക്കുമ്പോൾ കേവലം 10 പേർ മാത്രമെ നിങ്ങളോട് ചോദിക്കുകയുള്ളൂ. കൂടിപ്പോയാൽ 1,000 പേർ ചോദിക്കും. 10,000 പേർ അവരെ പറ്റി ചോദിക്കുന്നതും പരിഗണിക്കാം. പക്ഷേ ഒരു ശബ്ദവും ഉണ്ടാകില്ല. ബൗളർമാർക്കു വേണ്ടി ശബ്ദം ഉയർത്തുന്ന ഒരു ദിവസം വന്നാൽ അവരെ ഒഴിവാക്കുന്നത് പ്രയാസമായിരിക്കും. അശ്വിൻ പറഞ്ഞു. ഇംഗ്ലണ്ടിനെതിരേ ലോർഡ്സിൽ നടന്നത് രോഹിത് ശർമയുടെ അവസാന ഏകദിന മത്സരമായിരിക്കുമെന്നായിരുന്നു ചില ദേശീയ മാധ‍്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നത്.
എന്നാൽ ആ മത്സരത്തിൽ സെഞ്ചുറി നേടികൊണ്ടായിരുന്നു രോഹിത് വിമർശകർക്ക് മറുപടി നൽകിയത്. ടീമിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കുകയെന്നതാണ് തന്‍റെ ജോലിയെന്നും ആളുകൾ തന്നെ പറ്റി പറയുന്നതിൽ തനിക്ക് ആശങ്കയില്ലെന്നും മത്സരത്തിനു ശേഷം രോഹിത് പ്രതികരിച്ചിരുന്നു. രോഹിത് ശർമയ്ക്ക് പുറമെ വിരാട് കോലിയും മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത് ആരാധകർക്ക് മികച്ച കാഴ്ച ഒരുക്കിയിരുന്നു.