
ആർ. അശ്വിൻ
ചെന്നൈ: മുൻ ഇന്ത‍്യൻ ക്രിക്കറ്റ് താരം ആർ. അശ്വിൻ പന്തിൽ കൃത്രിമത്വം നടത്തിയെന്ന ആരോപണം തള്ളി തമിഴ്നാട് പ്രീമിയർ ലീഗ് (ടിഎൻപിഎൽ) അധികൃതർ. വിഷയത്തിൽ പരിശോധന നടത്തിയതായും അശ്വിൻ കൃത്രിമത്വം നടത്തിയെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ടിഎൻപിഎൽ സിഇഒ പ്രസന്ന കണ്ണൻ വ‍്യക്തമാക്കി. എല്ലാ ടീമുകൾക്കും തൂവാല നൽകാറുണ്ടെന്നും അമ്പയർമാർ പന്ത് മത്സരത്തിലുടനീളം പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂൺ 14ന് മധുരൈ പാന്തേഴ്സും ദിണ്ടിഗൽ ഡ്രാഗൻസും തമ്മിലുണ്ടായ മത്സരത്തിനിടെ പന്തിന്‍റെ ഭാരം കൂട്ടുന്നതിനു വേണ്ടി രാസവസ്തുക്കൾ ചേർത്ത തൂവാല ഉപയോഗിച്ച് പന്തിൽ കൃത്രിമം കാണിച്ചുവെന്നായിരുന്നു അശ്വിനും ടീമിനുമെതിരേയും ഉയർന്ന ആരോപണം.
തുടർന്ന് ടിഎൻപിഎൽ അധികൃതർ പരാതി സ്വീകരിക്കുകയും മധുരൈ പാന്തേഴ്സിനോട് തെളിവുകൾ ഹാജരാക്കാൻ ആവശ‍്യപ്പെടുകയും ചെയ്തു. എന്നാൽ തെളിവുകൾ ഹാജരാക്കാൻ ടീമിന് സാധിച്ചില്ല. ഇതോടെ മധുരൈ പാന്തേഴ്സിനെതിരേ നടപടി സ്വീകരിച്ചേക്കുമെന്നാണ് വിവരം.