

ആശ ശോഭന
തിരുവനന്തപുരം: അടുത്ത ആഭ്യന്തര ക്രിക്കറ്റ് സീസണിലും ദേശീയ ക്രിക്കറ്റ് താരം ആശ ശോഭന കേരളത്തിനു വേണ്ടി തന്നെ കളിക്കും. ഇന്ത്യൻ റെയിൽവേസിൽ ജോലിയുള്ള ആശയെ റെയിൽവേ ക്രിക്കറ്റ് ടീമിന്‍റെ ക്യാംപിൽ ഉൾപ്പെടുത്തിയിരുന്നതിനാൽ കേരളത്തിനു വിട്ടുകിട്ടില്ലെന്ന് ആശങ്കയുണ്ടായിരുന്നു. ഇതെത്തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടാണ് ആശയെ കേരള ക്യാംപിൽ തിരിച്ചെത്തിച്ചത്.
കഴിഞ്ഞ സീസണിൽ കേരള വനിതാ ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റനായിരുന്നു ആശ. കേരളത്തിനായി തുടർന്നു കളിക്കുണമെന്ന് ആശ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ആശയെ ടീമിൽ നിലനിർത്താൻ അനുവദിക്കണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനും അഭ്യർഥിച്ചു. ഇതു പരിഗണിച്ചാണ് സുരേഷ് ഗോപി ഈ വിഷയത്തിൽ ഇടപെട്ട് ആശയ്ക്ക് കേരളത്തിനു വേണ്ടി കളിക്കാൻ റെയിൽവേസിന്‍റെ അനുമതി നേടിയെടുത്തത്.
രണ്ട് മാസം മുൻപ് നടന്ന സീചെം ട്രോഫിയിൽ ആശയുടെ നേതൃത്തിലിറങ്ങിയ കേരള ടീം ചാംപ്യന്‍മാരായിരുന്നു. ലെഗ് സ്പിൻ ബൗളറും ലോവർ മിഡിൽ ഓർഡർ ബാറ്ററുമായ ആശ രണ്ട് മത്സരങ്ങളിൽ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരവും സ്വന്തമാക്കി.
തിരുവനന്തപുരം സ്വദേശിനിയായ ആശ കേരളത്തിന്‍റെ ജൂനിയർ ടീമിലൂടെയാണ് ക്രിക്കറ്റ് കരിയർ ആരംഭിക്കുന്നത്. പിന്നീട് പോണ്ടിച്ചേരി, റെയിൽവേസ് പോണ്ടിച്ചേരി ടീമുകൾക്കായി കളഇച്ചു. വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനു വേണ്ടി നടത്തിയ ഉജ്വല പ്രകടനങ്ങളാണ് ആശയെ ദേശീയ ശ്രദ്ധയിലേക്കു കൊണ്ടുവന്നതും ദേശീയ ടീമിലെത്തിച്ചതും.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാല് വിക്കറ്റ് പ്രകടനം ആശയുടെ മൂല്യം ഉയർത്തിയെങ്കിലും പിന്നീട് പരുക്ക് കാരണം കുറച്ചു കാലം കളിക്കളത്തിൽനിന്ന് വിട്ടുനിൽക്കേണ്ടിവന്നത് തിരിച്ചടിയായിരുന്നു.