ബ്രിസ്ബെയ്നിൽ കനത്ത മഴ; മൂന്നാം ടെസ്റ്റിന്‍റെ ആദ‍്യ ദിനം തടസം

കനത്ത മഴയെ തുടർന്ന് ആദ‍്യ സെഷനിൽ 13.2 ഓവർ മാത്രമാണ് കളി നടന്നത്
Heavy rain in Brisbane; first day of third Test abandoned
ബ്രിസ്ബെയ്നിൽ കനത്ത മഴ; മൂന്നാം ടെസ്റ്റിലെ ആദ‍്യ ദിനം ഉപേക്ഷിച്ചു
Updated on

ബ്രിസ്ബെയ്ൻ: മഴമൂലം ഇന്ത‍്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിലെ ആദ‍്യ ദിനം ഭൂരിഭാഗവും ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്ന് ആദ‍്യ സെഷനിൽ 13.2 ഓവർ മാത്രമാണ് കളി നടന്നത്. ടോസ് നേടിയ ഇന്ത‍്യ ഓസ്ട്രേലിയയെ ബാറ്റിങ്ങിനയച്ചു. 13.2 ഓവറിൽ വിക്കറ്റ് നഷ്ടപെടാതെ ഓസ്ട്രേലിയ 28 റൺസെടുത്ത് നിൽക്കെയാണ് മഴയെ തുടർന്ന് കളി നിർത്തിവച്ചത്. 19 റൺസുമായി ഉസ്മാൻ ഖവാജയും 4 റൺസുമായി നഥാൻ മക്സ്വീനിയുമായിരുന്നു ക്രീസിൽ.

പിന്നീട് ലഞ്ചിനു ശേഷം കുറച്ചുസമയം മഴ മാറിയെങ്കിലും മഴ വീണ്ടും കനത്തതോടെ അവസാന രണ്ട് സെഷനുകളും ഒരു പന്തുപോലും എറിയാനാവാതെ ഉപേക്ഷിക്കുകയായിരുന്നു. 15 ഓവറിൽ താഴെ മാത്രം കളി നടന്നതിനാൽ കാണികൾക്ക് മത്സര ടിക്കറ്റുകളുടെ പണം തിരിച്ചു നൽകുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. ആദ‍്യ ദിനം ഓവറുകൾ നഷ്ടമായത് മൂലം രണ്ടാം ദിനം മത്സരം അരമണിക്കൂറിന് മുന്നേ തുടങ്ങും. ടെസ്റ്റിന്‍റെ രണ്ടാം ദിനവും മഴ കനക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.

രണ്ട് മാറ്റങ്ങളുമായാണ് ഇന്ത‍്യ ഗാബയിൽ മൂന്നാം ടെസ്റ്റ് കളിക്കാനിറങ്ങിയത്. രവിചന്ദ്രൻ അശ്വിന് പകരം രവിന്ദ്ര ജഡേജയും ഹർഷിത് റാണയ്ക്ക് പകരം ആകാശ്ദീപ് സിങ്ങും. ഓസീസ് ടീമിലാകട്ടെ സ്കോട്ട് ബോലാൻഡിന് പകരം ജോസ് ഹേസിൽവുഡ് ടീമിൽ തിരിച്ചെത്തി. മികച്ച തുടക്കത്തോടെയായിരുന്നു ഓസീസിന്‍റെ ബാറ്റിങ്.

ഒരവസരം പോലും നൽകാതെയാണ് ഓസീസ് ഓപ്പണർമാർ 13 ഓവറും കളിച്ചത്. ആദ‍്യ ഓവറുകളിൽ ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനും ഓസീസ് ഓപ്പണർമാർക്കെതിരേ കാര‍്യമായ ഭീഷണി ഉയർത്താനായില്ല. ബൗളിങ് മാറ്റമായി ആകാശ് ദീപിനെ കൊണ്ടുവന്നെങ്കിലും വിക്കറ്റ് വീഴ്ത്താൻ ആകാശിനുമായില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com