
മുംബൈ: അഭ്രപാളിയിൽ ആവേശമേറ്റുന്ന താരം, ഗ്രൗണ്ടിലെ കളിയാവേശം നേരിട്ടു കാണാൻ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെത്തി. ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ഏകദിനം വീക്ഷിക്കാനായി സ്റ്റൈൽ മന്നൻ രജനികാന്താണു സ്റ്റേഡിയത്തിലെത്തിയത്. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍റെ ക്ഷണം സ്വീകരിച്ചായിരുന്നു രജനിയുടെ വരവ്.
നേരത്തെ വിമാനത്താവളത്തിലെത്തിയ രജനികാന്തിനെയും കുടുംബത്തെയും അസോസിയേഷൻ ഭാരവാഹികൾ സ്വീകരിച്ചു. മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് അമോൽ ഖാലെയോടൊപ്പമാണു രജനികാന്ത് ഏകദിനം വീക്ഷിക്കുന്നത്.
ക്ഷണം സ്വീകരിച്ചു ഏകദിനം കാണാനായി രജനികാന്ത് വന്നതിൽ ഏറെ സന്തോഷമുണ്ടെന്നു അമോൽ ഖാലെ പ്രതികരിച്ചു. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ എന്ന ചിത്രത്തിന്‍റെ തിരക്കുകൾക്കിടയിലായിരുന്നു രജനികാന്ത്.