രാജസ്ഥാൻ 3 - 0, മുംബൈ 0 - 3

സ്വന്തം തട്ടകമായ മുംബൈ വാംഖഡെയിലും ഇളിഭ്യരായി മുംബൈ ഇന്ത്യന്‍സ്. നായകനെന്ന ബഹുമാനം പോലും നല്‍കാത്ത കാണികള്‍ക്കു മുന്നില്‍ ഹാര്‍ദിക് പാണ്ഡ്യ പരാജയം സമ്മതിച്ചു
രാജസ്ഥാൻ 3 - 0, മുംബൈ 0 - 3

മുംബൈ: സ്വന്തം തട്ടകമായ മുംബൈ വാംഖഡെയിലും ഇളിഭ്യരായി മുംബൈ ഇന്ത്യന്‍സ്. നായകനെന്ന ബഹുമാനം പോലും നല്‍കാത്ത കാണികള്‍ക്കു മുന്നില്‍ ഹാര്‍ദിക് പാണ്ഡ്യ പരാജയം സമ്മതിച്ചു. ആദ്യ ജയം പ്രതീക്ഷിച്ചിറങ്ങിയ മുംബൈക്ക് സീസണിലെ മൂന്നാം തോല്‍വി. രാജസ്ഥാന്‍ റോയല്‍സ് ആറ് വിക്കറ്റിനാണ് മുംബൈയെ പരാജയപ്പെടുത്തിയത്. ടോസ് ആനുകൂല്യം നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 15.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് നേടി മുംബൈയെ മറികടന്നു.

39 പന്തുകളില്‍ 54 റണ്‍സ് നേടിയ റിയാന്‍ പരാഗിന്‍റെ മികച്ച ഇന്നിങ്സാണ് രാജസ്ഥാന് അനായാസ ജയമൊരുക്കിയത്. എട്ട് റണ്‍സ് നേടി ശിവം ദുബെയായിരുന്നു വിജയിക്കുമ്പോള്‍ ക്രീസിലെ പരാഗിന്‍റെ കൂട്ട്. കഴിഞ്ഞ കളിയിലും രാജസ്ഥാന്‍റെ രക്ഷകനായത് റിയാന്‍ പരാഗ് ആയിരുന്നു. പതിനാറാം ഓവറിലെ അവസാന മൂന്ന് പന്തുകളില്‍ രണ്ട് സിക്സും ഒരു ഫോറും നേടിയായിരുന്നു പരാഗിന്‍റെ ഫിനിഷിങ്. താരതമ്യേന ചെറിയ സ്കോറായതിനാല്‍, പതിയെയായിരുന്നു രാജസ്ഥാന്‍റെ മറുപടി. യുവതാരം ക്വെന മഫാകയുടെ ആദ്യ ഓവറില്‍ത്തന്നെ യശസ്വി ജയ്സ്വാള്‍ പുറത്തായി. ടിം ഡേവിഡിന് ക്യാച്ച് നല്‍കിയാണ് മടക്കം.

മഫാകയുടെ ഐപിഎലിലെ ആദ്യ വിക്കറ്റ് കൂടിയായിരുന്നു ഇത്. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, 10 പന്തുകള്‍ നേരിട്ട് 12 റണ്‍സ് നേടി പുറത്തായി. ആകാശ് മധ്‌വാലിനാണ് വിക്കറ്റ്.

പവര്‍ പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 46 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്. ടീം സ്കോര്‍ 48-ല്‍ നില്‍ക്കേ, ജോഷ് ബട്‌ലറും (16 പന്തില്‍ 13) പുറത്തായി. പിയൂഷ് ചൗളക്ക് ക്യാച്ച് നല്‍കി ആകാശ് മധ്‌വാല്‍ തന്നെയാണ് ബട്‌ലറെയും മടക്കിയത്. പിന്നാലെയ രവിചന്ദ്രന്‍ അശ്വിനെയും മധ്‌വാല്‍ തന്നെ മടക്കി. നാലോവറില്‍ 20 റണ്‍സ് വിട്ടുനല്‍കിയ മധ്‌വാല്‍ മൂന്ന് വിക്കറ്റും നേടി. മഫാകയ്ക്കാണ് ശേഷിച്ച വിക്കറ്റ്.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ, നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുത്തു. മൂന്നു വീതം വിക്കറ്റുകള്‍ നേടിയ ട്രെന്‍റ് ബോള്‍ട്ടും യുസ്വേന്ദ്ര ചാഹലുമാണ് മുംബൈയെ ചെറിയ സ്കോറിലൊതുക്കിയത്. തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം ഹാര്‍ദിക് പാണ്ഡ്യയും തിലക് വര്‍മയും ചേര്‍ന്ന് രക്ഷാദൗത്യം നടത്തിയെങ്കിലും മികച്ച സ്കോറിലേക്കെത്തിക്കാന്‍ ഇരുവര്‍ക്കുമായില്ല. പാണ്ഡ്യ 21 പന്തില്‍ 34 റണ്‍സ് നേടി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com