
ചെന്നൈ: ഐപിഎല്ലിനിടെ സൺറൈസേഴ്സ് ഹൈദരാബാദ് ടീം സഹ ഉടമ കാവ്യ മാരന്‍റെ സങ്കടം കണ്ട് തന്‍റെ മനസ് തകർന്നെന്ന് സൂപ്പർ താരം രജനികാന്ത്. ജയിലർ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് പരാമർശം.
തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ മരുമകനും കേന്ദ്രമന്ത്രിയുമായിരുന്ന മുരശൊലി മാരന്‍റെ മകനും സൺ ഗ്രൂപ്പ് ചെയർമാനുമായ കലാനിധി മാരന്‍റെ മകളാണ് കാവ്യ. സൺറൈസേഴ്സിന്‍റെ സഹ ഉടമ കൂടിയായ കലാനിധിയുടെ സാന്നിധ്യത്തിലാണ് രജനികാന്ത് തന്‍റെ മനസ് തുറന്നത്. ടീമിലേക്ക് കൂടുതൽ മികച്ച കളിക്കാരെ കൊണ്ടുവരണമെന്നും അദ്ദേഹത്തോട് രജനികാന്ത് അഭ്യർഥിച്ചു.
ഐപിഎൽ മത്സരങ്ങൾക്കിടെ ഏറെ വൈറലായിരുന്നു കാവ്യയുടെ ഭാവ പ്രകടനങ്ങൾ. സൺറൈസേഴ്സിന്‍റെ എല്ലാ ഹോം മത്സരങ്ങളിലും കാവ്യ വിഐപി ഗ്യാലറിയിലുണ്ടായിരുന്നു. എന്നാൽ, സീസണിൽ ഏറ്റവും മോശം പ്രകടനം നടത്തിയ ടീമുകളിലൊന്നായാണ് എസ്ആർഎച്ച് സീസൺ അവസാനിപ്പിച്ചത്.