നാഗ്പുർ: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ ഫൈനലിൽ കേരളത്തിനെതിരേ വിദർഭ ശക്തമായ നിലയിൽ. ആദ്യ ദിവസം മത്സരം അവസാനിപ്പിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 254 റൺസ് എന്ന നിലയിലാണ് ആതിഥേയർ.
24 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ശേഷമാണ് വിദർഭ ശക്തമായി തിരിച്ചടിച്ചത്. ഡാനിഷ് മലേവറുടെ സെഞ്ചുറിയും കരുൺ നായരുടെ അർധ സെഞ്ചുറിയും വിദർഭ ഇന്നിങ്സിനു കരുത്ത് പകർന്നു. മലേവർ 138 റൺസെടുത്ത് പുറത്താകാതെ നിൽക്കുന്നു. മികച്ച ഫോമിലുള്ള യാഷ് ഠാക്കൂറാണ് (5*) കൂട്ടിന്.
നേരത്തെ, ടോസ് നേടിയ കേരള ക്യാപ്റ്റൻ സച്ചിൻ ബേബി ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്നിങ്സിലെ രണ്ടാമത്തെ പന്തിൽ തന്നെ കേരളം ആദ്യ വിക്കറ്റും നേടി. ഓപ്പണർ പാർഥ് രെഖാഡെയെ (0) എം.ഡി. നിധീഷ് വിക്കറ്റിനു മുന്നിൽ കുടുക്കി.
പേസ് ബൗളർ ദർശൻ നൽകണ്ഡെയാണ് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനിറങ്ങിയത്. ഏഴാം ഓവർ വരെ പിടിച്ചുനിന്ന നൽകണ്ഡെ 21 പന്തിൽ നേടിയത് ഒരു റൺ മാത്രം. നിധീഷിന്‍റെ പന്തിൽ തന്നെ എൻ.പി. ബേസിലിനു ക്യാച്ച് നൽകി പുറത്താകുകയും ചെയ്തു.
പതിമൂന്നാം ഓവറിൽ യുവ പേസ് ബൗളർ ഏദൻ ആപ്പിൾ ടോം കേരളത്തിന് മൂന്നാം വിക്കറ്റും സമ്മാനിച്ചു. അപകടകാരിയായ ഓപ്പണർ ധ്രുവ് ഷോരെ (35 പന്തിൽ 16) വിക്കറ്റ് കീപ്പർ മുഹമ്മദ് അസറുദ്ദീന് ക്യാച്ച് സമ്മാനിച്ച് മടങ്ങുകയായിരുന്നു.
ഇതോടെ, കേരളം ആധിപത്യം സ്ഥാപിച്ചെന്ന തോന്നലുളവായെങ്കിലും, തുടർന്നങ്ങോട്ട് ഡാനിഷ് മലേവറും കരുൺ നായരും ചേർന്ന് പ്രതിരോധത്തിന്‍റെ കോട്ട കെട്ടുകയായിരുന്നു. നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇവർ 215 റൺസാണ് കൂട്ടിച്ചേർത്തത്.
ഒടുവിൽ ബൈ റൺ ഓടാനുള്ള ശ്രമത്തിനിടെ, സെക്കൻഡ് സ്ലിപ്പ് പൊസിഷനിൽനിന്ന് രോഹൻ കുന്നുമ്മലിന്‍റെ ഡയറക്റ്റ് ത്രോയിൽ റണ്ണൗട്ടാകുകയായിരുന്നു കരുൺ നായർ. തുടർന്നെത്തിയ യാഷ് ഠാക്കൂർ കൂടുതൽ നഷ്ടം കൂടാതെ മലേവറിനൊപ്പം ദിവസം പൂർത്തിയാക്കുകയും ചെയ്തു.
സെമി ഫൈനൽ കളിച്ച ടീമിൽ ഒരു മാറ്റവുമായാണ് കേരളം കളിക്കാനിറങ്ങിയത്. ടോപ് ഓർഡർ ബാറ്റർ വരുൺ നായനാർക്കു പകരം പേസ് ബൗളർ ഏദൻ ആപ്പിൾ ടോം പ്ലെയിങ് ഇലവനിലെത്തി.