
സെഞ്ചുറി നേടി കരുൺ നായർ; കേരളത്തിനെതിരേ വിദർഭ മികച്ച ലീഡിലേക്ക്
നാഗ്പുർ: രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിനെതിരേ വിദർഭ വമ്പൻ ലീഡിലേക്ക്. രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 249 റൺസെടുത്തു കഴിഞ്ഞ ടീമിന് ഇപ്പോൾ 286 റൺസിന്‍റെ ഓവറോൾ ലീഡുണ്ട്.
കരുൺ നായരുടെ സെഞ്ചുറിയാണ് മികച്ച ലീഡിലെത്താൻ സഹായിച്ചത്. ഇവിടെനിന്നൊരു തിരിച്ചുവരവിന് കേരളം ഇനി അദ്ഭുതം കാട്ടണം. അവസാന ദിവസമായ ഞായറാഴ്ച ആദ്യ സെഷനിൽ വിദർഭയെ ഓൾഔട്ടാക്കിയ ശേഷം ഏകദിന ശൈലിയിൽ ഒരു ചെയ്സിലൂടെ മാത്രമേ കേരളത്തിന് ഇനി കിരീടത്തിലേക്ക് എത്താൻ സാധിക്കൂ.
മത്സരം സമനിലയിൽ അവസാനിച്ചാലും ഒന്നാം ഇന്നിങ്സ് ലീഡിന്‍റെ ബലത്തിൽ വിദർഭ കിരീടം നേടും.
നാലാം ദിവസത്തിന്‍റെ തുടക്കത്തിലേ തന്നെ രണ്ടു വിക്കറ്റ് നഷ്ടമായ വിദർഭയെ ഡാനിഷ് മാലേവാർ - കരുൺ നായർ കൂട്ടുകെട്ടാണ് വിജയ സാധ്യതയിലെത്തിച്ചത്. മൂന്നാം വിക്കറ്റിൽ 182 റൺസിന്‍റെ കൂട്ടുകെട്ട് ഇവർ പടുത്തുയർത്തി. ഒടുവിൽ അക്ഷയ് ചന്ദ്രനാണ് ഡാനിഷ് മാലേവറിനെ പുറത്താക്കി കൂട്ടുകെട്ട് തകർത്തത്.
162 പന്തുകൾ നേരിട്ട മാലേവർ 5 ബൗണ്ടറിയടക്കം 73 റൺസ് നേടി. 280 പന്ത് നേരിട്ട് 132 റൺസെടുത്ത കരുൺ നായർ പുറത്താകാതെ നിൽക്കുന്നു. 24 റൺസെടുത്ത യാഷ് റാത്തോഡിന്‍റെ വിക്കറ്റ് കൂടി വീഴ്ത്താൻ കേരളത്തിനു സാധിച്ചെങ്കിലും വൈകിപ്പോയെന്നാണ് ഇതുവരെയുള്ള സൂചന.്
കേരളത്തിനു വേണ്ടി എം.ഡി. നിതീഷ്, ജലജ് സക്സേന, അക്ഷയ് ചന്ദ്രൻ, ആദിത്യ സർവാതെ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. ഒന്നാം ഇന്നിങ്സിൽ കേരളം വിദർഭയോട് 37 റൺസിന്‍റെ ലീഡ് വഴങ്ങിയിരുന്നു. വിദർഭയടെ ഒന്നാം ഇന്നിങ്സ് 379 റൺസിൽ അവസാനിപ്പിച്ച കേരളം 342 റൺസിന് പുറത്താകുകയായിരുന്നു.