രഞ്ജി ട്രോഫി ഫൈനൽ സമനില: വിദർഭ ചാംപ്യൻമാർ

വിദർഭയുടെ രണ്ടാം ഇന്നിങ്സ് സ്കോർ 375/9 എന്ന നിലയിൽ മത്സരം സമനിലയിൽ അവസാനിപ്പിക്കുകയായിരുന്നു. 37 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡിന്‍റെ ബലത്തിൽ വിദർഭ ചാംപ്യൻമാരായി.
Karun Nair Vidarbha's batting hero

കരുൺ നായർ വിദർഭയുടെ ബാറ്റിങ് ഹീറോ

Updated on

നാഗ്പുർ: വിദർഭയും കേരളവും തമ്മിലുള്ള രഞ്ജി ട്രോഫി ഫൈനൽ മത്സരം സമനിലയിൽ അവസാനിച്ചു. എന്നാൽ, 37 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡിന്‍റെ ബലത്തിൽ വിദർഭ ചാംപ്യൻമാരായി. മൂന്നാം വട്ടമാണ് രാജ്യത്തെ പ്രീമിയർ ഫസ്റ്റ് ക്ലാസ് ടൂർണമെന്‍റിൽ വിദർഭ ചാംപ്യൻമാരാകുന്നത്.

അഞ്ചാം ദിവസം വിദർഭയുടെ രണ്ടാമിന്നിങ്സ് സ്കോർ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 375 റൺസ് എന്ന നിലയിലെത്തിയപ്പോഴാണ് മത്സരം സമനിലയിൽ അവസാനിപ്പിക്കാൻ ധാരണയായത്. ഈ സമയം അവർക്ക് 412 റൺസിന്‍റെ ഓവറോൾ ലീഡുണ്ടായിരുന്നു. 30 ഓവറുകളിൽ താഴെ മാത്രം ശേഷിക്കെ മത്സരത്തിനു ഫലമുണ്ടാകില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് സമനിലയിൽ അവസാനിപ്പിച്ചത്.

അവസാന ദിവസം രാവിലെ തന്നെ വിദർഭ‍യ്ക്ക് കരുൺ നായരുടെ വിക്കറ്റ് നഷ്ടമായി. ആദിത്യ സർവാതെയുടെ പന്തിൽ കരുൺ നായരെ വിക്കറ്റ് കീപ്പർ മുഹമ്മദ് അസറുദ്ദീൻ സ്റ്റമ്പ് ചെയ്യുകയായിരുന്നു. തലേന്നത്തെ സ്കോറായ 132 റൺസിനോട് മൂന്ന് റൺസ് കൂടിയേ കരുണിന് കൂട്ടിച്ചേർക്കാനായുള്ളൂ. ആദ്യ ഇന്നിങ്സിൽ 86 റൺസും നേടിയിരുന്നു.

പിന്നാലെ അക്ഷയ് വഡ്കർ (25), ഹർഷ് ദുബെ (4) എന്നിവരുടെ വിക്കറ്റ് കൂടി വീണപ്പോൾ കേരളത്തിനു നേരിയ പ്രതീക്ഷ. പക്ഷേ, അക്ഷയ് കർനേവാർ (31), ദർശൻ നൽകണ്ഡെ (51 നോട്ടൗട്ട്) എന്നിവരുടെ ചെറുത്തുനിൽപ്പ് ആ പ്രതീക്ഷയും തല്ലിക്കെടുത്തി. കർനേവാറും നചികേത് ഭൂടെയും (3) കൂടി പുറത്തായ ശേഷം പതിനൊന്നാം നമ്പർ ബാറ്റർ യാഷ് ഠാക്കൂർ 29 പന്ത് പ്രതിരോധിച്ചതോടെ മത്സരം സമനിലയിൽ അവസാനിപ്പിക്കുകയും ചെയ്തു.

ഒന്നാം ഇന്നിങ്സിൽ വിദർഭയെ കേരളം 379 റൺസിന് പുറത്താക്കിയിരുന്നു. ഡാനിഷ് മലേവാറിന്‍റെ സെഞ്ചുറിയാണ് വിദർഭയ്ക്ക് കരുത്തേകിയത്. മറുപടി ബാറ്റിങ്ങിൽ കേരളം 342 റൺസിന് പുറത്തായി. 37 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ വിദർഭയ്ക്ക് പിന്നീട് ഏഴ് റൺസിനിടെ രണ്ടു വിക്കറ്റ് നഷ്ടമായെങ്കിലും കരുൺ നായരും മലേവറും ചേർന്നാണ് ടീമിനെ മുന്നോട്ട് നയിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com