രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരേ ചണ്ഡിഗഢിന് 277 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്

സെഞ്ച്വറി നേടിയ ക്യാപ്റ്റൻ മനൻ വോറയുടെയും അർജുൻ ആസാദിന്‍റെയും ഇന്നിങ്സുകളാണ് ചണ്ഡിഗഢിന് മുതൽക്കൂട്ടായത്
ranji trophy kerala chandigarh

രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരേ ചണ്ഡിഗഢിന് 277 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്

Updated on

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരേ ചണ്ഡിഗഢ് ശക്തമായ നിലയിൽ. ആദ്യ ഇന്നിങ്സിൽ 416 റൺസെടുത്ത ചണ്ഡിഗഢ്, 277 റൺസിന്‍റെ ലീഡ് സ്വന്തമാക്കി. തുട‍ർന്ന് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ കേരളം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 21 റൺസെന്ന നിലയിലാണ്.

സ്കോർ - ഒന്നാം ഇന്നിങ്സ് - കേരളം 139, ചണ്ഡി​ഗഢ് - 416 രണ്ടാം ഇന്നിങ്സ് - കേരളം 21/2

സെഞ്ച്വറി നേടിയ ക്യാപ്റ്റൻ മനൻ വോറയുടെയും അർജുൻ ആസാദിന്‍റെയും ഇന്നിങ്സുകളാണ് ചണ്ഡിഗഢിന് മുതൽക്കൂട്ടായത്. ഒരു വിക്കറ്റ് നഷ്ടത്തിൽ 142 റൺസെന്ന നിലയിൽ കളി പുനരാരംഭിച്ച ചണ്ഡിഗഢിനായി മനൻ വോറയും അർജുൻ ആസാദും ചേർന്ന് രണ്ടാം വിക്കറ്റിൽ 161 റൺസാണ് കൂട്ടിച്ചേർത്തത്. ആദ്യ സെഷനിൽ തന്നെ ഇരുവരും സെഞ്ച്വറി പൂർത്തിയാക്കി.

102 റൺസെടുത്ത അർജുൻ ആസാദിനെ ഏദൻ ആപ്പിൾ ടോം ക്ലീൻ ബൗൾഡാക്കി. തുടർന്നെത്തിയ ശിവം ഭാംബ്രി 41 റൺസെടുത്ത് പുറത്തായി. വിഷ്ണു വിനോദിന്റെ പന്തിൽ ബാബ അപരാജിത് ക്യാച്ചെടുത്താണ് ഭാംബ്രി പുറത്തായത്. ഉച്ചഭക്ഷണത്തിന് ശേഷമുള്ള ആദ്യ ഓവറിൽ തന്നെ 113 റൺസെടുത്ത മനൻ വോറയെയും വിഷ്ണു വിനോദ് തന്നെ മടക്കി.

തുടർന്നെത്തിയവരിൽ അർജിത് സിങ് (52) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഒരു ഘട്ടത്തിൽ കൂറ്റൻ സ്കോറിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ചണ്ഡിഗഢിനെ സാവധാനം കേരള ബൗളർമാർ പിടിച്ചുകെട്ടി. 143 റൺസിനിടെ അവസാന ആറ് വിക്കറ്റുകൾ വീഴ്ത്തിയ കേരളം ചണ്ഡിഗഢിന്റെ ഇന്നിങ്സ് 416-ൽ അവസാനിപ്പിച്ചു. തരൺപ്രീത് സിങ് 25ഉം വിഷു 31ഉം റൺസ് നേടി. നാല് വിക്കറ്റ് വീഴ്ത്തിയ ഏദൻ ആപ്പിൾ ടോമാണ് കേരള ബൗളിങ് നിരയിൽ ഏറ്റവും തിളങ്ങിയത്. വിഷ്ണു വിനോദ് രണ്ട് വിക്കറ്റും നിധീഷ് എം.ഡി, ബാബ അപരാജിത്, ശ്രീഹരി എസ്. നായർ, അങ്കിത് ശർമ്മ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

രണ്ടാം ഇന്നിങ്സിലും കേരളത്തിന്‍റെ തുടക്കം മികച്ചതായില്ല. 21 റൺസെടുക്കുന്നതിനിടെ കേരളത്തിന് രണ്ട് വിക്കറ്റ് നഷ്ടമായി. നാല് റൺസെടുത്ത അഭിഷേക് ജെ. നായരുടെയും 11 റൺസെടുത്ത രോഹൻ കുന്നുമ്മലിന്‍റെയും വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോൾ നാല് റൺസോടെ സച്ചിൻ ബേബി ക്രീസിലുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com