
കേരള ക്രിക്കറ്റ് ടീം
തിരുവനന്തപുരം: കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ഒന്നാം ഇന്നിങ്സിൽ മഹാരാഷ്ട്ര 239 റൺസിന് പുറത്തായി. കേരളത്തിനു വേണ്ടി 5 വിക്കറ്റ് വീഴ്ത്തിയ എം.ഡി. നിധീഷാണ് മഹാരാഷ്ട്രയെ തകർത്തത്. നിധീഷിനു പുറമെ എൻ. പി. ബേസിൽ മൂന്നും ഏദൻ ആപ്പിൾ ടോം, അങ്കിത് ശർമ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മഹാരാഷ്ട്രയ്ക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്. സ്കോർബോർഡിൽ റൺസ് ചേർക്കുന്നതിനു മുൻപേ തന്നെ ആദ‍്യ മൂന്നു വിക്കറ്റുകളും നഷ്ടമായി. പ‍്യഥ്വി ഷാ (0), അർഷിൻ കുൽകർണി (0), സിദ്ധേഷ് വീർ (0) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
ക‍്യാപ്റ്റൻ അങ്കിത് ബാവ്നെയും സൗരഭ് നവാലെയും പുറത്തായതോടെ പ്രതിരോധത്തിലായ ടീമിനെ ജലജ് സക്സേനയും ഋതുരാജ് ഗെയ്ക്‌വാദും ചേർന്നാണ് കരകയറ്റിയത്. ഇരുവരും ആറാം വിക്കറ്റിൽ 122 റൺസ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 91 റൺസ് നേടിയ ഗെയ്ക്‌വാദ് തന്നെയാണ് മഹാരാഷ്ട്രയുടെ ടോപ് സ്കോറർ.
7 വിക്കറ്റ് നഷ്ടത്തിൽ 179 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച മഹാരാഷ്ട്രയ്ക്കു വേണ്ടി വിക്കി ഒസ്ത്വാൾ- രാമകൃഷ്ണ ഘോഷ് സഖ‍്യം ചേർത്ത 59 റൺസ് കൂട്ടുകെട്ടാണ് 239 റൺസിലെത്താൻ സഹായിച്ചത്.
മഹാരാഷ്ട്ര പ്ലെയിങ് ഇലവന്‍: അങ്കിത് ബാവ്‌നെ(ക്യാപ്റ്റൻ), പൃഥ്വി ഷാ, അര്‍ഷിന്‍ കുല്‍ക്കര്‍ണി, എസ്.എ. വീര്‍, ഋതുരാജ് ഗെയ്‌ക്‌വാദ്, സൗരഭ് നവാലെ, ജലജ് സക്‌സേന, വിക്കി ഓട്‌സ്വാള്‍, രാമകൃഷ്ണ ഘോഷ്‌കർ, മുകേഷ് ചൗധരി, രജനീഷ് ഗുർബാനി.
കേരള പ്ലെയിങ് ഇലവന്‍: അക്ഷയ് ചന്ദ്രൻ, രോഹൻ കുന്നുമ്മൽ, ബാബ അപരാജിത്ത്, സഞ്ജു സാംസൺ, സച്ചിൻ ബേബി, സൽമാൻ നിസാർ, മുഹമ്മദ് അസറുദ്ദീൻ, അങ്കിത് ശർമ, എം.ഡി. നിധീഷ്, നെടുമൺകുഴി ബേസിൽ, ഏദൻ ആപ്പിൾ ടോം.