രഞ്ജി ട്രോഫി കേരളം - മധ്യ പ്രദേശ് 3ാം ദിവസം | Ranji Trophy Kerala vs MP Day 3

ഏദൻ ആപ്പിൾ ടോം

File

രഞ്ജി ട്രോഫി: കേരളം ശക്തമായ നിലയിൽ

നാല് വിക്കറ്റ് നേടിയ ഏദൻ ആപ്പിൾ ടോം, മൂന്ന് വിക്കറ്റ് നേടിയ എം.ഡി. നിധീഷ് എന്നിവരാണ് മധ്യ പ്രദേശിനെ തകർത്തത്. പിന്നാലെ സച്ചിൻ ബേബിയും ബാബാ അപരാജിതും കേരളത്തിനു വേണ്ടി അർധ സെഞ്ചുറി നേടി
Published on

ഇന്ദോർ: മധ്യ പ്രദേശിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ കേരളം ശക്തമായ നിലയിൽ. മൂന്നാം ദിവസം ആതിഥേയരെ 192 റൺസിന് എറിഞ്ഞിട്ട കേരളം 89 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ് നേടി. തുടർന്ന് രണ്ടാം ഇന്നിങ്സിൽ 226/3 എന്ന നിലയിലാണ് കേരളം കളി അവസാനിപ്പിച്ചിരിക്കുന്നത്.

ഇപ്പോൾ 315 റൺസിന്‍റെ ഓവറോൾ ലീഡുണ്ട്. സീസണിൽ ഇതുവരെ ഒരു മത്സരം പോലും ജയിക്കാത്ത കേരളത്തിന് അവസാന ദിവസം മധ്യ പ്രദേശിനെ എറിഞ്ഞിട്ട് മുഴുവൻ പോയിന്‍റും നേടാനുള്ള സുവർണാവസരമാണ് ഒരുങ്ങിയിരിക്കുന്നത്.

ആറ് വിക്കറ്റിന് 155 റൺസ് എന്ന നിലയിൽ ഒന്നാമിന്നിങ്സ് ബാറ്റിങ് പുനരാരംഭിച്ച മധ്യ പ്രദേശിന് 37 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിച്ച നാലു വിക്കറ്റും നഷ്ടമായി. നാല് വിക്കറ്റ് നേടിയ ഏദൻ ആപ്പിൾ ടോം, മൂന്ന് വിക്കറ്റ് നേടിയ എം.ഡി. നിധീഷ് എന്നിവരാണ് മധ്യ പ്രദേശിന്‍റെ ബാറ്റിങ് തകർച്ചയ്ക്ക് പ്രധാന കാരണക്കാരായത്.

അഭിജിത് പ്രവീൺ, ശ്രീഹരി എസ്. നായർ, ബാബാ അപരാജിത് എന്നിവർക്ക് ഓരോ വിക്കറ്റ്. 67 റൺസെടുത്ത സാരാംശ് ജയിൻ ആണ് മധ്യ പ്രദേശിന്‍റെ ടോപ് സ്കോറർ.

രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിൽ കേരളത്തിന് രോഹൻ കുന്നുമ്മലിനെ (7) വേഗത്തിൽ നഷ്ടമായി. എന്നാൽ, അഭിഷേക് നായർക്കൊപ്പം (30) രണ്ടാം വിക്കറ്റിൽ 68 റൺസ് കൂട്ടിച്ചേർത്ത മുൻ ക്യാപ്റ്റൻ സച്ചിൻ ബേബി ടീമിനെ ഭദ്രമായ അടിത്തറ നൽകി.

അഭിജിത്തിനു പിന്നാലെ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീനും (2) പുറത്തായെങ്കിലും, ബാബാ അപരാജിതിൽ സച്ചിനു പറ്റിയ പങ്കാളിയെ കിട്ടി. സച്ചിൻ ബേബി പ്രതിരോധത്തിൽ ശ്രദ്ധയൂന്നിയപ്പോൾ, ഏകദിന ശൈലിയിൽ ബാറ്റ് വീശിയ അപരാജിതാണ് ടീമിനു ജയസാധ്യതയുള്ള സ്കോർ ഉറപ്പാക്കിയത്.

മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ 85 റൺസുമായി സച്ചിനും 89 റൺസുമായി അപരാജിതും പുറത്താകാതെ നിൽക്കുന്നു. ഇരുവർക്കും സെഞ്ചുറി തികയ്ക്കാൻ സമയം നൽകിയ ശേഷം കേരളം ഇന്നിങ്സ് ഡിക്ലയർ ചെയ്യാനാണ് സാധ്യത.

logo
Metro Vaartha
www.metrovaartha.com