രഞ്ജി ട്രോഫി: സൗരാഷ്ട്രക്കെതിരേ കേരളത്തിന് സമനില

കേരളം മൂന്നു വിക്കറ്റ് നഷ്ടത്തിൽ 154 റൺസെന്ന നിലയിൽ നിൽക്കെയാണ് മത്സരം അവസാനിപ്പച്ചത്
ranji trophy kerala vs saurashtra

ടീം കേരള

Updated on

തിരുവനന്തപുരം: കേരളവും സൗരാഷ്ട്രയും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം സമനിലയിൽ കലാശിച്ചു. സൗരാഷ്ട്ര ഉയർത്തിയ 330 റൺസ് വിജയലക്ഷ‍്യത്തിലേക്ക് ബാറ്റു വീശിയ കേരളം മൂന്നു വിക്കറ്റ് നഷ്ടത്തിൽ 154 റൺസെന്ന നിലയിൽ നിൽക്കെയാണ് മത്സരം അവസാനിപ്പച്ചത്.

‌ഇതോടെ ഒന്നാം ഇന്നിങ്സിന്‍റെ ലീഡിന്‍റെ പിൻബലത്തിൽ കേരളത്തിന് മൂന്നു പോയിന്‍റുകൾ ലഭിച്ചു. ഓപ്പണിങ് ബാറ്റർ രോഹൻ കുന്നുമ്മൽ, സച്ചിൻ ബേബി, അഭിഷേക് ജെ. നായർ എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ഇന്നിങ്സിൽ കേരളത്തിനു നഷ്ടമായത്. വരുൺ- അഹമ്മദ് ഇമ്രാൻ സഖ‍്യത്തിന്‍റെ ചെറുത്തു നിൽപ്പാണ് ടീമിനെ സമനിലയിലെത്തിച്ചത്. 58 റൺസ് ഇരുവരും നേടി പുറത്താവാതെ നിന്നു.

നേരത്തെ ചിരാഗ് ജാനിയുടെ (152) സെഞ്ചുറിയുടെ കരുത്തിലായിരുന്നു സൗരാഷ്ട്ര രണ്ടാം ഇന്നിങ്സിൽ 402 റൺസ് അടിച്ചെടുത്തത്. ആദ്യ ഇന്നിങ്സിൽ തകർന്നടിഞ്ഞ സൗരാഷ്ട്രയുടെ ബാറ്റിങ് നിര ഫോം വീണ്ടെടുത്തതായിരുന്നു മൂന്നാം ദിവസത്തെ ശ്രദ്ധേയമാക്കിയത്. കളി തുടങ്ങി രണ്ടാം ഓവറിൽ തന്നെ ജയ് ഗോഹിലിന്‍റെയും വൈകാതെ ഗജ്ജർ സമ്മറിന്‍റെയും വിക്കറ്റുകൾ നഷ്ടമായെങ്കിലും സൗരാഷ്ട്ര ശക്തമായി തിരിച്ചു വന്നു.

24 റൺസെടുത്ത ജയ് ഗോഹിൽ നിധീഷിന്‍റെ പന്തിൽ എൽബി ഡബ്ല്യു ആയപ്പോൾ 31 റൺസെടുത്ത ഗജ്ജറിനെ ബേസിൽ എൻ പി ക്ലീൻ ബൌൾഡാക്കുകയായിരുന്നു. എന്നാൽ അർപ്പിത് വസവദയും ചിരാഗ് ജാനിയും ചേർന്ന കൂട്ടുകെട്ട് സൗരാഷ്ട്രയ്ക്ക് കരുത്തായി. കരുതലോടെ ബാറ്റ് ചെയ്ത ഇരുവരും ചേർന്ന് വിക്കറ്റുകൾ നഷ്ടപ്പെടുത്താതെ ദിവസത്തിന്‍റെ ആദ്യ പകുതി പൂർത്തിയാക്കി.

ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ മൂന്ന് വിക്കറ്റിന് 159 റൺസെന്ന നിലയിലായിരുന്നു സൗരാഷ്ട്ര. നിലയുറപ്പിച്ചതോടെ ഇരുവരും ചേർന്ന് അനായാസം ഇന്നിങ്സ് മുന്നോട്ടു നീക്കി. അർപ്പിത് അർദ്ധ സെഞ്ച്വറിയും ചിരാഗ് സെഞ്ച്വറിയും പൂർത്തിയാക്കി. ഇരുവരും ചേർന്ന് 174 റൺസാണ് കൂട്ടിച്ചേർത്തത്. 74 റൺസെടുത്ത അർപ്പിതിനെ പുറത്താക്കി ബാബ അപരാജിത്താണ് കൂട്ടുകെട്ടിന് അവസാനമിട്ടത്.

തുടർന്ന് ചിരാഗിന് കൂട്ടായി പ്രേരക് മങ്കാദ് എത്തിയതോടെ സൗരാഷ്ട്രയുടെ സ്കോറിങ് വേഗത്തിലായി. ഇരുവരും ചേർന്ന് 17 ഓവറിൽ 105 റൺസ് കൂട്ടിച്ചേർത്തു. 152 റൺസെടുത്ത ചിരാഗ് ജാനിയെ ബേസിൽ പന്തിൽ ക്ലീൻ ബൌൾഡാക്കുകയായിരുന്നു. 14 ബൌണ്ടറിയും നാല് സിക്സുകളും അടങ്ങുന്നതായിരുന്നു ചിരാഗിന്‍റെ ഇന്നിങ്സ്. കേരളത്തിന് വേണ്ടി എം.ഡി. നിധീഷ് നാലും എൻ.പി. ബേസിൽ മൂന്നും ഏദൻ ആപ്പിൾ ടോം രണ്ടും ബാബ അപരാജിത്, അങ്കിത് ശർമ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com