

ഡൊമിനിക്ക: ഇതിഹാസ താരങ്ങളുടെ ശ്രേണിയില്‍ താനുമുണ്ടെന്ന് ഒരിക്കല്‍ക്കൂടി ഉറക്കെ പ്രഖ്യാപിച്ച് ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിന്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റ് വിജയത്തില്‍ ഇന്ത്യയുടെ വിജയം അനായാസമാക്കിയത് അശ്വിന്റെ മിന്നുന്ന പ്രകടനം. ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിങ്സുകളില്‍ നിന്നുമായി താരം 12 വിക്കറ്റാണ് വീഴ്ത്തിയത്.
ആദ്യ ഇന്നിങ്സില്‍ അഞ്ചുവിക്കറ്റെടുത്ത അശ്വിന് രണ്ടാം ഇന്നിങ്സില്‍ അത് ഏഴാക്കി ഉയര്‍ത്തി. ഇതോടെ അശ്വിന് ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത രണ്ടാമത്തെ ബൗളര്‍ എന്ന അത്യപൂര്‍വമായ റെക്കോഡ് സ്വന്തമാക്കി. അശ്വിന്റെ അക്കൗണ്ടില്‍ നിലവില്‍ 709 വിക്കറ്റുകളാണുള്ളത്. വെറും 271 മത്സരങ്ങളില്‍ നിന്നാണ് അശ്വിന് ഇത്രയും വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
ഹര്ഭജന് സിങ്ങിന്റെ പേരിലുള്ള റെക്കോഡാണ് (707) അശ്വിന് തകര്‍ത്തത്. ഇത്രയും വിക്കറ്റുകളെടുക്കാന്‍ ഹര്ഭജന് 365 മത്സരങ്ങള്‍ കളിക്കേണ്ടിവന്നു. 25.67 ആണ് അശ്വിന്റെ ബൗളിങ് ആവറേജ്. 34 തവണ അഞ്ചുവിക്കറ്റ് വീഴ്ത്തിയ താരം പത്ത് വിക്കറ്റ് നേട്ടം എട്ട് തവണ സ്വന്തമാക്കി. ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ബൗളര്‍ അനില്‍ കുംബ്ലെയാണ്. കുംബ്ലെ 401 മത്സരങ്ങളില്‍ നിന്ന് 953 വിക്കറ്റുകളാണ് വീഴ്ത്തിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ 10 വിക്കറ്റ് നേടിയതോടെ അനില്‍ കുംബ്ലൈയുടെ പേരിലുള്ള ഏറ്റവുമധികം പത്തുവിക്കറ്റ് വീഴ്ത്തിയ താരമെന്ന റെക്കോഡിനൊപ്പം അശ്വിനെത്തി. ഇരുവരും എട്ടുതവണ വീതം 10 വിക്കറ്റ് വീഴ്ത്തി. ഹര്‍ഭജന്റെ അക്കൗണ്ടില്‍ അഞ്ചെണ്ണമാണുള്ളത്. ഓസ്ട്രേലിയയ്ക്കെതിരേ ഏഴു തവണയും ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, എന്നീ ടീമുകള്‍ക്കെതിരേ ആറ് തവണയും ദക്ഷിണാഫ്രിക്കയ്ക്കെതിരേ അഞ്ചു തവണയും ശ്രീലങ്കയ്ക്കെതിരേ മൂന്നു തവണയും ബംഗ്ലാദേശിനെതിരേ ഒരു തവണയും അഞ്ചു വിക്കറ്റ് നേട്ടം അശ്വിന് കൈവരിച്ചിട്ടുണ്ട്.