തുടരെ ആറാം വിജയം: ആർസിബി ഐപിഎൽ പ്ലേഓഫിൽ, ധോണിയുടെ ചെന്നൈ പുറത്ത്

ഈ ഐപിഎൽ സീസണിലെ ഏറ്റവും വാശിയേറിയതാകുമെന്നു പ്രവചിക്കപ്പെട്ട മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ കീഴടക്കിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു പ്ലേഓഫിൽ സ്ഥാനമുറപ്പിച്ചു
തുടരെ ആറാം വിജയം: ആർസിബി ഐപിഎൽ പ്ലേഓഫിൽ, ധോണിയുടെ ചെന്നൈ പുറത്ത്
പ്ലേഓഫ് പ്രവേശനം ആഘോഷിക്കുന്ന വിരാട് കോലിയും ഫാഫ് ഡു പ്ലെസിയും സഹതാരങ്ങളും.

ബംഗളൂരു: പ്ലേഓഫ് കാണാതെ പുറത്താകുമെന്ന് കടുത്ത ആരാധകർ പോലും ഉറപ്പിച്ച ഘട്ടത്തിൽ നിന്ന് ആറ് തുടർ വിജയങ്ങളുമായി അവിശ്വസനീയ തിരിച്ചുവരവ് നടത്തിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, അസാധ്യമെന്നു കരുതിയത് ഒടുവിൽ സാധ്യമാക്കി- പ്ലേഓഫിൽ ഇടമുറപ്പിച്ചു.

ഇതോടെ, ഐപിഎൽ പതിനേഴാം സീസണിന്‍റെ പ്ലേഓഫിൽ ഇടം പിടിക്കുന്ന നാലാമത്തെ ടീമായി മാറിരിക്കുകയാണ് ആർസിബി. കോൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളാണ് നേരത്തെ സ്ഥാനം നേടിയിരുന്നത്.

വരും മത്സരങ്ങൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നിർണയിക്കും. ഒന്നാം സ്ഥാനം 19 പോയിന്‍റുമായി കെകെആർ ഉറപ്പിച്ചുകഴിഞ്ഞു. നാലാം സ്ഥാനത്ത് ആർസിബി ആവും. ആദ്യ രണ്ടു സ്ഥാനങ്ങളിൽ വരുന്ന ടീമുകൾ ക്വാളിഫയറിൽ കളിച്ച്, ജയിക്കുന്നവർ നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടും. തോൽക്കുന്നവർ മൂന്നും നാലും സ്ഥാനക്കാർ തമ്മിലുള്ള എലിമിനേറ്ററിൽ ജയിക്കുന്നവരുമായി ഏറ്റുമുട്ടും. അതിലെ ജേതാക്കളായിരിക്കും ഫൈനലിലെത്തുന്ന രണ്ടാമത്തെ ടീം. എലിമിനേറ്ററിൽ തോൽക്കുന്ന ടീമിന് പിന്നെ അവസരമില്ല.

സ്കോർ: ആർസിബി 20 ഓവറിൽ 218/5, സിഎസ്‌കെ 20 ഓവറിൽ 191/7.

നേരത്തെ, അതീവ നിർണായകമായ മത്സരത്തിൽ ജയിച്ചാൽ മാത്രം പോരാ, പതിനെട്ടു റൺസ് മാർജിനിൽ ജയിച്ച് റൺ റേറ്റ് ഉയർത്തണം എന്നതായിരുന്നു ആർസിബിക്ക് പ്ലേഓഫ് യോഗ്യത നേടാനുള്ള സമവാക്യം. രണ്ടാമത് ബാറ്റ് ചെയ്യുകയാണെങ്കിൽ 11 പന്ത് ബാക്കി നിൽക്കെ ജയിക്കുകയും വേണമായിരുന്നു. ടോസ് നേടിയ ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്ക്‌വാദ് ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്.

വിരാട് കോലിയും (29 പന്തിൽ 47) ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിയും (39 പന്തിൽ 54) ചേർന്ന് പതിവിലും മികച്ച തുടക്കം ആർസിബിക്കു നൽകി. ഇടയ്ക്കു വന്ന മഴ സ്കോറിങ് നിരക്ക് അൽപ്പം നിയന്ത്രിച്ചെങ്കിലും രജത് പാട്ടീദാർ (23 പന്തിൽ 41), കാമറൂൺ ഗ്രീൻ (17 പന്തിൽ 38 നോട്ടൗട്ട്), ദിനേശ് കാർത്തിക്ക് (6 പന്തിൽ 14), ഗ്ലെൻ മാക്സ്വെൽ (5 പന്തിൽ 16) എന്നിവർ ചേർന്ന് ആർസിബിയെ 20 ഓവറിൽ 218/5 എന്ന നിലയിലെത്തിച്ചു.

മഴ കളി മുടക്കുകയോ, അതല്ലെങ്കിൽ മറുപടിയായി 200 റൺസെടുക്കുകയോ ചെയ്താൽ പോലും ചെന്നൈക്ക് പ്ലേഓഫിൽ കടക്കാമായിരുന്നു. ജയം അനിവാര്യമായിരുന്നില്ല. എന്നാൽ, നേരിട്ട ആദ്യ പന്തിൽ ക്യാപ്റ്റൻ ഗെയ്ക്ക്വാദിനെയും (0) മൂന്നാം ഓവറിൽ ഡാരിൽ മിച്ചലിനെയും (4) ന ഷ്ടമായതോടെ ചെന്നൈ പരുങ്ങി. അവിടെനിന്ന് ഓപ്പണർ രചിൻ രവീന്ദ്രയും (37 പന്തിൽ 61) വെറ്ററന്‍ ബാറ്റർ അജിങ്ക്യ രഹാനെയും (22 പന്തിൽ 33) അവർക്കു വീണ്ടും പ്രതീക്ഷ നൽകി. പക്ഷേ, ശിവം ദുബെയുമായുള്ള (7) ധാരണപ്പിശകിൽ രചിൻ റണ്ണൗട്ടായത് കളിയുടെ ഗതി തിരിച്ചു.

ഇതോടെ ജയപ്രതീക്ഷ കൈവിട്ട ചെന്നൈ പ്ലേഓഫ് കളിക്കാനുള്ള ടോട്ടലെങ്കിലും ഉറപ്പിക്കാനുള്ള ശ്രമത്തിലായി. മിച്ചൽ സാന്‍റ്നർ (3) ഡുപ്ലെസിയുടെ അസാധ്യമായൊരു ക്യാച്ചിൽ പുറത്തായ ശേഷം രവീന്ദ്ര ജഡേജയും (22 പന്തിൽ 42 നോട്ടൗട്ട്) എം.എസ്. ധോണിയും (13 പന്തിൽ 25) ചേർന്ന് ചെന്നൈയെ അതിലേക്ക് എത്തിക്കുമെന്നു തന്നെ തോന്നിച്ചു. അവസാന ഓവറിൽ പ്ലേഓഫ് യോഗ്യതയ്ക്ക് 17 റൺസ് എന്ന ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ധോണി ആദ്യ പന്തിൽ യാഷ് ദയാലിനെ സിക്സറിനു പറത്തി. പക്ഷേ, രണ്ടാം പന്തിൽ ബൗണ്ടറി ക്യാച്ചിൽ തല പുറത്ത്.

അപ്പോഴും മികച്ച ഫോമിൽ ജഡേജ മറുവശത്തുള്ളത് ചെന്നൈ ആരാധകർക്കു പ്രതീക്ഷയായിരുന്നു. മൂന്നാം പന്ത് ശാർദൂൽ ഠാക്കൂർ കണക്റ്റ് ചെയ്തില്ല. നാലാം പന്തിൽ സിംഗിൾ എടുത്ത് ജഡേജയ്ക്ക് സ്ട്രൈക്ക് കൈമാറുമ്പോൾ രണ്ട് പന്തിൽ 11 റൺസെടുത്താൽ പ്ലേഓഫ് എന്നായി ഇക്വേഷൻ. എന്നാൽ, അടുത്ത രണ്ടു പന്തും ജഡേജയ്ക്ക് കണക്റ്റ് ചെയ്യാനാവാതെ വന്നതോടെ ആർസിബി ആരാധകരെ ആവേശത്തിലാറാടിച്ചുകൊണ്ട് കോലിയും കൂട്ടരും 27 റൺസ് വിജയവുമായി പ്ലേഓഫിലേക്ക് ആധികാരികമായി തന്നെ മാർച്ച് ചെയ്തു.

Trending

No stories found.

Latest News

No stories found.