ഐപിഎൽ വെടിക്കെട്ടിനു തിരികൊളുത്താൻ സിഎസ്‌കെ - ആർസിബി പോരാട്ടം

ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ രാത്രി എട്ടിന് ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും തമ്മിൽ ഉദ്ഘാടന മത്സരം
സിഎസ്കെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്ക്വാദും ആർസിബി ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിയും.
സിഎസ്കെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്ക്വാദും ആർസിബി ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിയും.File photo

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്‍റെ ആവേശക്കാഴ്ചകള്‍ക്ക് വെള്ളിയാഴ്ച തുടക്കമാകുന്നു. ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ രാത്രി എട്ടിന് ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും തമ്മിലാണ് ഉദ്ഘാടന പോരാട്ടം.

ആദ്യ സീസൺ മുതൽ ചെന്നൈയെ നയിച്ച മഹേന്ദ്ര സിങ് ധോണി അപ്രതീക്ഷിതമായി നായക പദവി ഒഴിഞ്ഞതിനു പിന്നാലെയാണ് നിലവിലുള്ള ചാംപ്യന്മാരായ ചെന്നൈ കളിക്കാനിറങ്ങുന്നത്. ഫാഫ് ഡുപ്ലെസി നയിക്കുന്ന, വിരാട് കോലി കളിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവാണ് ചെന്നൈയുടെ എതിരാളികള്‍ എന്നതുകൊണ്ടുതന്നെ പോരാട്ടം തീപാറുമെന്നുറപ്പ്.

ചെന്നൈക്ക് പുതിയ തുടക്കം

ചെന്നൈയെ സംബന്ധിച്ച് ഇതൊരു പുതിയ അധ്യായത്തിന്‍റെ തുടക്കമാണ്. കഴിഞ്ഞ 16 സീസണുകളില്‍ അവരെ നയിച്ച ധോണി ഇത്തവണ ഏതു റോളിലായിരിക്കും ടീമിനൊപ്പം തുടരുക എന്ന് ആരാധകര്‍ ഉറ്റുനോക്കുന്നു. ഓപ്പണര്‍ ഋതുരാജ് ഗെയ്ക്ക്‌വാദ് നയിക്കുന്ന ടീമില്‍ മികച്ച താരങ്ങള്‍ ഏറെയുണ്ട്. മികച്ച ഓള്‍റൗണ്ടർമാരുടെ സമ്മേളനമാണ് സിഎസ്‌കെയില്‍. സ്പിന്‍ ഓള്‍റൗണ്ടർമാരായ രചിന്‍ രവീന്ദ്രയും മൊയീൻ അലിയും രവീന്ദ്ര ജഡേജയും മിച്ചൽ സാന്‍റ്നറും വിശ്വസിക്കാവുന്ന ബാറ്റർമാരാണ്. ശ്രീലങ്കയില്‍നിന്നുള്ള മഹീഷ് തീക്ഷണയും കൂടിയാകുമ്പോൾ സ്പിൻ വിഭാഗം ശക്തം. പേസ് ബൗളിങ് ഓൾറൗണ്ടറായ ഡാരിൽ മിച്ചൽ മധ്യനിരയെ ഒറ്റയ്ക്ക് ചുമലിലേറ്റാൻ കെൽപ്പുള്ള ബാറ്ററുമാണ്.

ഡെവൺ കോണ്‍വെ പരുക്കിന്‍റെ പിടിയിലായതിനാൽ രചിന്‍ രവീന്ദ്രയാകും ഋതുരാജ് ഗെയ്ക്ക്‌വാദിന്‍റെ ഓപ്പണിങ് പങ്കാളി. അജിങ്ക്യ രഹാനെ, ശിവം ദുബെ എന്നിവരാണ് ചെന്നൈയുടെ ശ്രദ്ധേയരായ മറ്റ് ബാറ്റർമാർ. പുതുമുഖം സമീർ റിസ്വിയും പ്രതീക്ഷയുണർത്തുന്നു. പേസ് ബൗളിങ് നിരയിൽ ശാര്‍ദൂല്‍ ഠാക്കൂറും ദീപക് ചഹറും തുഷാര്‍ ദേശ്പാണ്ഡെയുമാണ് ഇന്ത്യൻ സാന്നിധ്യങ്ങൾ. ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റായ ശ്രീലങ്കൻ സ്ലിങ്ങർ മതീശ പതിരണയ്ക്ക് പരുക്ക് കാരണം ആദ്യ മത്സരങ്ങൾ നഷ്ടമാകും.

വിറപ്പിക്കാന്‍ ബംഗളൂരു

ഏതൊരു ടീമും മോഹിക്കുന്ന ബാറ്റിങ് ലൈനപ്പാണ് ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന്‍റേത്. ഫാഫ് ഡുപ്ലസി, വിരാട് കോലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, കാമറൂണ്‍ ഗ്രീന്‍... കടലാസിൽ ഏറ്റവും സുശക്തമായ നിര. ദിനേശ് കാർത്തിക്കോ അനുജ് റാവത്തോ വിക്കറ്റ് കീപ്പറാകും. മുഹമ്മദ് സിറാജും ലോക്കി ഫെര്‍ഗുസനും നേതൃത്വം നല്‍കുന്ന ബൗളിങ് നിരയില്‍ ഇന്ത്യയുടെ പുത്തൻ പ്രതീക്ഷ ആകാശ് ദീപും ഉൾപ്പെടുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com