

അഹമ്മദാബാദ്: ഞായറാഴ്ച നടക്കുന്ന ഐപിഎൽ മത്സരത്തിൽ ഏറ്റുമുട്ടുമ്പോൾ ഗുജറാത്ത് ടൈറ്റൻസിന്‍റെയും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെയും ലക്ഷ്യം ഉയിർത്തെഴുന്നേൽപ്പ്. ആർസിബിയെ അപേക്ഷിച്ച് ഭേദപ്പെട്ട പ്രകടനമാണ് ജിടിയുടേതെങ്കിലും, ആർസിബി മധ്യനിരയിൽ സംഭവിച്ച പരിവർത്തനം ഏതു ബൗളിങ് നിരയെയും ആശങ്കപ്പെടുത്തും. ആർസിബി ഇതുവരെ രണ്ടു ജയമാണ് നേടിയതെങ്കിൽ, ജിടി നാലു കളി ജയിച്ചിട്ടുണ്ട്. ആർസിബി പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനത്ത് തുടരുന്നു. ജിടിക്കും ചെന്നൈ സൂപ്പർ കിങ്സിനും എട്ട് പോയിന്‍റ് വീതം.
ഗുജറാത്തിനെ സംബന്ധിച്ച്, പേസ് ബൗളിങ് നിരയാണ് പ്രധാന ആശങ്ക. മോഹിത് ശർമയും (10 വിക്കറ്റ്) ഉമേഷ് യാദവും (7) സന്ദീപ് വാര്യരും (5) പ്രധാനപ്പെട്ട വിക്കറ്റുകൾ നേടിയെങ്കിലും മൂവരും ഓവറിൽ ശരാശരി പത്തു റൺസിലധികം വഴങ്ങുന്നു. വിദേശ പേസർമാരായ സ്പെൻസർ ജോൺസൺ, അസ്മത്തുള്ള ഒമർസായ് എന്നിവർക്കും കാര്യമായ പ്രഭാവം ചെലുത്താനായിട്ടില്ല.
റഷീദ് ഖാൻ (8 വിക്കറ്റ്), ആർ. സായ് കിഷോർ (6), നൂർ അഹമ്മദ് (6) എന്നിവരടങ്ങിയ സ്പിൻ വിഭാഗത്തിനും മാച്ച് വിന്നിങ് പ്രകടനങ്ങൾ സ്ഥിരമായി പുറത്തെടുക്കാനാവുന്നില്ല.
രജത് പാട്ടീദാറും കാമറൂൺ ഗ്രീനും ഫോം വീണ്ടെടുത്തതാണ് ആർസിബി മധ്യനിരയ്ക്ക് പുതുശക്തി പകരുന്നത്. പ്രത്യേകിച്ച് സ്പിന്നർമാർക്കെതിരേ പാട്ടീദാർ കൂടുതൽ അപകടകാരിയാകുന്നു. കെകെആറിനെതിരേ 23 പന്തിലും എസ്ആർഎച്ചിനെതിരേ 20 പന്തിലും പാട്ടീദാർ അർധ സെഞ്ചുറികൾ നേടിയിരുന്നു. ഇതോടെ ദിനേശ് കാർത്തിക്കിനെയും മഹിപാൽ ലോംറോറിനെയും അമിതമായി ആശ്രയിക്കേണ്ട അവസ്ഥയിൽ നിന്ന് ആർസിബി കരകയറിയെന്നു കരുതാം.
ഗുജറാത്തിന്‍റെ കാര്യത്തിൽ ക്യാപ്റ്റൻ ശുഭ്‌മൻ ഗില്ലും യുവതാരം സായ് സുദർശനും 300 റൺസിനടുത്ത് സ്കോർ ചെയ്തിട്ടുണ്ടെങ്കിലും, മധ്യനിര പിന്തുണ നൽകുന്നതിൽ നിരന്തരം പരാജയപ്പെടുന്നു. രാഹുൽ തേവാത്തിയ (153), ഡേവിഡ് മില്ലർ (138), വിജയ് ശങ്കർ (73), ഷാറുഖ് ഖാൻ (30) എന്നിവർക്കൊന്നും മാച്ച് വിന്നിങ് ഇന്നിങ്സ് കളിക്കാനാവുന്നില്ല.
മറുവശത്ത്, മുഹമ്മദ് സിറാജും യാഷ് ദയാലും കരൺ ശർമയും കാമറൂൺ ഗ്രീനും അടങ്ങുന്ന ആർസിബി ബൗളിങ് നിരയും ഫോം വീണ്ടെടുക്കുന്നതിന്‍റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിട്ടുണ്ട്.