ആണ്‍കുട്ടികള്‍ക്കൊപ്പം പരിശീലനം: ഇവള്‍ പെണ്‍ 'വിരാട്'

കഴിഞ്ഞ വര്‍ഷം ടീമില്‍ നിന്ന് പുറത്തായതിന് ശേഷം മുംബൈയില്‍ 14 വയസുള്ള ആണ്‍കുട്ടികള്‍ക്കൊപ്പം കളിച്ചാണ് ഫോം വീണ്ടെടുത്തതെന്ന് ജമീമ പറയുന്നു.
ആണ്‍കുട്ടികള്‍ക്കൊപ്പം പരിശീലനം: ഇവള്‍ പെണ്‍ 'വിരാട്'

വനിതാ ടി20 ലോകകപ്പില്‍ ചിരവൈരികളായ പാക്കിസ്ഥാനെതിരെ ത്രസിപ്പിക്കുന്ന വിജയത്തിന്‍റെ വിരുന്നുണ്ടു ഇന്ത്യന്‍ പെണ്‍പട. വിജയറണ്‍സ് കുറിച്ചതിന് ശേഷം, ഇന്ത്യന്‍ താരം ജമീമ റോഡ്രിഗസിന്‍റെ ആഹ്‌ളാദപ്രകടനം മറ്റൊരാളെ അടയാളപ്പെടുത്തുന്നുണ്ടായിരുന്നു. വേറാരുമല്ല, സാക്ഷാല്‍ വിരാട് കോഹ്ലി.

അതേ, ഈ 'അസാധാരണ' വിജയം സൂപ്പര്‍ താരം വിരാട് കോഹ്ലിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണെന്നു ജമീമ റോഡ്രിഗസ് വെളിപ്പെടുത്തുന്നു. കേപ്ടൗണില്‍ നടന്ന മത്സരത്തില്‍ റോഡ്രിഗസ് 38 പന്തില്‍ 53 റണ്‍സ് നേടി പുറത്താകാതെ നിന്നാണു ടീമിനെ ഏഴ് വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത്.

കോഹ്ലിയുടെ ഇന്നിങ്‌സ്

കഴിഞ്ഞവര്‍ഷം പുരുഷ ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയ നാല് വിക്കറ്റ് വിജയത്തില്‍, 53 പന്തില്‍ പുറത്താകാതെ 82 റണ്‍സ് നേടിയ കോഹ്ലിയുടെ മിന്നുന്ന സ്മരണകള്‍ പ്രചോദനാത്മകമായിരുന്നുവെന്ന് മാച്ച്വിന്നര്‍ റോഡ്രിഗസ് സമ്മതിച്ചു.'ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങള്‍ എപ്പോഴും കുറച്ചുകൂടി പ്രത്യേകതയുള്ളതാണ്. ടീം മീറ്റിങ്ങില്‍ ഞങ്ങള്‍ അതിനെക്കുറിച്ച് സംസാരിച്ചിരുന്നു. ഞങ്ങള്‍ക്ക് കൃത്യമായ പദ്ധതികളുണ്ടായിരുന്നു:' മത്സരത്തിനിടെ വിരാടിന്‍റെ ഇന്നിങ്‌സാണ് ഓര്‍മയില്‍ വന്നതെന്ന് ജമീമ പറയുന്നു. 'മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വിരാട് കോഹ്ലി ഇത്തരമൊരു അസാധാരണമായ ഇന്നിങ്‌സ് കളിച്ചത് ഞാന്‍ ഓര്‍ക്കുന്നു. അതുകൊണ്ടാണ് മത്സരം ജയിച്ചതിന് ശേഷം അസാധാരണമായ ആഘോഷമുണ്ടായത്.'

ജമീമ ഫോമിലേക്ക്

തന്‍റെ അവസാന പത്ത് ടി20 അന്താരാഷ്ട്ര ഇന്നിങ്‌സുകളില്‍ 30ന് മുകളില്‍ ഒരു തവണമാത്രമേ ജമീമ സ്‌കോര്‍ ചെയ്തിരുന്നുള്ളൂ. അതുകൊണ്ടു തന്നെ ഫോമിന്‍റെ കാര്യത്തില്‍ ഏറെ ആശങ്കയോടെയാണു ലോകകപ്പിനെത്തിയത്. എന്നാല്‍ റിച്ചയ്‌ക്കൊപ്പം പൊരുതി നേടിയ ഈ വിജയം തന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് താരം പറയുന്നു.

''ഈ ഇന്നിങ്‌സ് എനിക്ക് ഒരുപാട് ആത്മവിശ്വാസം സമ്മാനിക്കുന്നു. വളരെക്കാലമായി ഞാന്‍ വലിയ സ്‌കോറുകള്‍ നേടിയിരുന്നില്ല. നെറ്റ്‌സില്‍ വളരെയധികം കഠിനാധ്വാനം ചെയ്യുകയായിരുന്നു. പക്ഷേ ഏറ്റവും പ്രധാനപ്പെട്ട സമയത്ത് മികച്ച ഫോം പുറത്തെടുക്കാനായി. അതിനാല്‍ എനിക്കിതു വളരെ സവിശേഷമാണ്.' ജമീമ പറയുന്നു. പവര്‍ പ്ലേയുടെ അവസാന ഓവറില്‍ ക്രീസിലെത്തി, പിന്നീട് 38 പന്തില്‍ പുറത്താകാതെ 53 റണ്‍സ് നേടിയാണ് താരം മടങ്ങിയത്.

ആണ്‍കുട്ടികള്‍ക്കൊപ്പം

കഴിഞ്ഞ വര്‍ഷം ടീമില്‍ നിന്ന് പുറത്തായതിന് ശേഷം മുംബൈയില്‍ 14 വയസുള്ള ആണ്‍കുട്ടികള്‍ക്കൊപ്പം കളിച്ചാണ് ഫോം വീണ്ടെടുത്തതെന്ന് ജമീമ പറയുന്നു. 'എന്‍റെ പരിശീലകന്‍ പ്രശാന്ത് ഷെട്ടിയുടെയും അച്ഛന്‍റേയും അടുത്തേക്ക് മടങ്ങിയപ്പോള്‍ ഞാനൊരു ഇടവേള എടുത്തിരുന്നു. ഞങ്ങള്‍ പ്ലാന്‍ തയാറാക്കി. കൂടുതല്‍ വെല്ലുവിളികള്‍ ഏറ്റെടുക്കണമെന്നു തീരുമാനിച്ചു. ഞാന്‍ ഫ്‌ലാറ്റ് വിക്കറ്റിലായിരുന്നു പരിശീലനം നടത്തിയിരുന്നത്. നല്ല ടേണുള്ള വിക്കറ്റില്‍ കളിക്കാന്‍ തീരുമാനിച്ചു. ആ സമയത്ത് മുംബൈ ആസാദ് മൈതാനത്ത് പോയി, ആണ്‍കുട്ടികള്‍ക്കെതിരേ മത്സരങ്ങള്‍ കളിക്കാന്‍ ഉറപ്പിച്ചു.

രാവിലെ, ധാരാളം മഞ്ഞ്, വലിയ ഗ്രൗണ്ട്, നിരവധി പിച്ചുകള്‍, ആരും ഗ്രൗണ്ട് മറയ്ക്കുന്നില്ല. നിങ്ങള്‍ക്ക് പിച്ചിനുള്ളില്‍ വിരല്‍ വയ്ക്കാം, അത്തരം വിണ്ടുകീറിയ പിച്ചില്‍ എനിക്ക് അണ്ടര്‍ 19 ആണ്‍കുട്ടികളുമായി കളിക്കേണ്ടി വന്നു. രണ്ടാം ഇന്നിങ്‌സില്‍ മൈതാനത്ത് വലിയ മാറ്റങ്ങള്‍ പ്രകടമായി. മികച്ച നിലവാരമുള്ള ബൗളര്‍മാര്‍ പിച്ചിലേക്ക് ഓടിയടുത്തു. ടൂര്‍ണമെന്‍റിന്‍റെ ആദ്യ ഗെയിമില്‍ ഞാന്‍ 45 റണ്‍സ് നേടി, അതെനിക്ക് വളരെയധികം ആത്മവിശ്വാസം നല്‍കി. ഒരു ഫ്‌ലാറ്റ് ട്രാക്കില്‍ 80 സ്‌കോര്‍ ചെയ്യുന്നതിനു തുല്യമാണത്. കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുകടക്കാന്‍ അതെന്നെ സഹായിച്ചു.'

'പിന്നീട് ഞാന്‍ അണ്ടര്‍ 14 ആണ്‍കുട്ടികള്‍ക്കൊപ്പമാണ് കളിച്ചത്. അണ്ടര്‍ 14 ആണ്‍കുട്ടികള്‍ക്കൊപ്പം കളിക്കുന്ന ഒരു ഇന്ത്യന്‍ താരമായ എന്‍റെ വിക്കറ്റ് നഷ്ടപ്പെട്ടാല്‍ 'ക്യാ ഹേ യെ' എന്ന് കുട്ടികള്‍ ചോദിക്കും. വളരെയധികം സമ്മര്‍ദ്ദമുണ്ടായിരുന്നു, പക്ഷേ എനിക്ക് അതുമായി പോരാടാന്‍ കഴിഞ്ഞു'

തിരിച്ചുവരവ്

2021 ലെ അഞ്ച് ഏകദിന ഇന്നിങ്‌സുകളില്‍ രണ്ടക്കം കടക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ന്യൂസിലന്‍ഡില്‍ നടന്ന 50 ഓവര്‍ ടൂര്‍ണമെന്‍റിനുള്ള ടീമില്‍ നിന്ന് റോഡ്രിഗസിനെ ഒഴിവാക്കി, ആ വര്‍ഷം ജൂലൈയില്‍ ഫോര്‍മാറ്റില്‍ അവസാനമായി പ്രത്യക്ഷപ്പെട്ടു. ആ സമയത്ത് ടി-20 മത്സരങ്ങളില്‍, ജമീമയുടെ ഉയര്‍ന്ന സ്‌കോര്‍ അഞ്ച് കളികളില്‍ നിന്ന് പുറത്താകാതെ 49 ആയിരുന്നു. എന്തായാലും കഴിഞ്ഞ വര്‍ഷം അവള്‍ പുനരുജ്ജീവനം ആസ്വദിച്ചു, 20 മത്സരങ്ങളില്‍ നിന്ന് 38.58 ശരാശരിയിലാണ് സ്‌കോര്‍ ചെയ്തത്.

ഏറ്റവും പ്രയാസകരമായ സമയങ്ങളില്‍ നാവിഗേറ്റ് ചെയ്യാന്‍ താരത്തെ സഹായിക്കുന്നതിന് കുടുംബം, സുഹൃത്തുക്കള്‍, ടീം അംഗങ്ങള്‍, പരിശീലകന്‍ ഷെട്ടി എന്നിവരില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചത്.

സമൂല മാറ്റം

ഈ സമയം ജമീമയുടെ ചിന്തകളില്‍ സമൂലമായ മാറ്റമാണ് നിറഞ്ഞിരുന്നത്. ആരും കൊതിക്കുന്ന ലോകകപ്പ് വര്‍ഷം മുന്നില്‍ നില്‍ക്കുമ്പോള്‍ എങ്ങനെയെങ്കിലും ടീമിലേക്ക് തിരിച്ചുവരാനുള്ള കഠിനശ്രമം ആരംഭിച്ചു.

'ഞാന്‍ പരിശീലിക്കുന്ന രീതി മാറ്റി. ഇന്നിങ്‌സ് ആസൂത്രണം ചെയ്യുന്ന രീതി മാറ്റി. എന്‍റെ കളി എനിക്ക് കൃത്യമായി മനസിലായി. ആ സമയത്ത് നല്ല ബന്ധങ്ങളുടെ മൂല്യം തിരിച്ചറിഞ്ഞു, അതേസമയം കടന്നുപോകുന്നതു ജീവിതത്തിലെ ഏറ്റവും താഴ്ന്ന ഘട്ടങ്ങളിലൊന്നാണെന്നും തോന്നി. ഇന്ന് എനിക്ക് ഇവിടെ വരെ എത്താന്‍ കഴിഞ്ഞതിന്‍റെ കാരണം അതാണ്.' ജമീമ പറയുന്നു.

'കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ഞാന്‍ വീട്ടിലായിരുന്നു. 50 ഓവര്‍ ലോകകപ്പില്‍ നിന്നു പുറത്താക്കിയതിന്‍റെ സങ്കടമായിരുന്നു മനസിലപ്പോള്‍. അതായിരുന്നു ഏറ്റവും ബുദ്ധിമുട്ടുള്ള സമയം. മാതാപിതാക്കളും സഹോദരന്മാരും അടക്കം ധാരാളം പേരാണ് എനിക്കപ്പോള്‍ സഹായമായി എത്തിയത്.

ഇനിയൊന്നും തെളിയിക്കാനില്ല

''ഇന്നു മൈതാനം വിട്ട് പുറത്ത് വന്നപ്പോള്‍ എനിക്ക് ആരോടും ഒന്നും തെളിയിക്കേണ്ടതില്ലായിരുന്നു, ലോകകപ്പിലാണ് ഞാന്‍ തിരിച്ചുവരവ് നടത്തിയത്. നന്നായി ചെയ്തതു കൊണ്ടാണ് ഇവിടെയെത്തിയത്, മികച്ച പരിശീലനം നടത്തിയതിനാലാണ്, ടീമില്‍ തിരിച്ചെത്താനായത്, നല്ല ആത്മവിശ്വാസത്തിലായിരുന്നു. ബാറ്റ് ചെയ്യുമ്പോള്‍ ഇന്ത്യയെ വിജയിപ്പിക്കാന്‍ എങ്ങനെ സഹായിക്കാമെന്നു മാത്രം ചിന്തിച്ചു. അവിടെ മുതല്‍ ഞങ്ങള്‍ ജയിച്ചു തുടങ്ങുകയായിരുന്നു'

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com