റയലിന് 'സാങ്കേതിക' വിജയം

സീസണിലെ അവസാന എല്‍ ക്ലാസിക്കോയില്‍ റയല്‍ ബാഴ്‌സയെ 3-2ന് തോല്‍പ്പിച്ചു
റയലിനായി ഗോൾ നേടിയ ബെല്ലിങ്ങാമും വാസ്കസും.
റയലിനായി ഗോൾ നേടിയ ബെല്ലിങ്ങാമും വാസ്കസും.

മാഡ്രിഡ്: ഗോള്‍ ലൈന്‍ സാങ്കേതിക വിദ്യയുടെ അഭാവത്തില്‍ ഈ സീസണിലെ അവസാന എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിന് ജയം. ബാഴ്‌സയ്‌ക്കെതിരേ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു സ്വന്തം തട്ടകമായ സാന്‍റിയാഗോ ബര്‍ണാബുവില്‍ നടന്ന മത്സരത്തില്‍ റയലിന്‍റെ ജയം. ഇഞ്ചുറി ടൈമില്‍ ജൂഡ് ബെല്ലിങ്ങാമാണ് റയലിന്‍റെ വിജയഗോള്‍ നേടിയത്. റയലിന്‍റെ മൈതാനത്ത് മികച്ച കളി പുറത്തെടുത്ത ബാഴ്‌സ രണ്ടു തവണ ലീഡെടുത്ത ശേഷമാണ് പരാജയത്തിലേക്കു കൂപ്പുകുത്തിയത്. ഇതോടെ ബാഴ്സ പരിശീലകനെന്ന നിലയിലെ സാവി ഹെര്‍ണാണ്ടസിന്‍റെ അവസാന എല്‍ ക്ലാസിക്കോ പരാജയത്തിന്‍റേതായി.

ബാഴ്‌സയ്ക്കായി ആറാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍സണും 69-ാം മിനിറ്റില്‍ ഫെര്‍മിന്‍ ലോപ്പസുമാണ് ഗോള്‍ നേടിയത്. 17-ാം മിനിറ്റില്‍ സൂപ്പര്‍ താരം വിനിഷ്യസ് ജൂനിയറും 73-ാം മിനിറ്റില്‍ ലൂക്കാസ് വാസ്‌കസും 90-ാം മിനിറ്റില്‍ ജൂഡ് ബെല്ലിങ്ങാമുമാണ് റയലിന്‍റെ ഗോളുകള്‍ നേടിയത്. മത്സരത്തിന്‍റെ തുടക്കം റയലിന്‍റെ മുന്നേറ്റമാണ് കണ്ടത്. എന്നാല്‍, അവരെ ഞെട്ടിച്ചുകൊണ്ട് ബാഴ്‌സ മുന്നിലെത്തി. കളിയുടെ ആറാം മിനിറ്റില്‍ റഫീഞ്ഞ്യ എടുത്ത കോര്‍ണറില്‍ നിന്ന് ഹെഡറിലൂടെ ക്രിസ്റ്റ്യന്‍സണ്‍ റയലിനെ മുന്നിലെത്തിച്ചു. എന്നാല്‍, റയല്‍ കുലുങ്ങിയില്ല.

സിറ്റിക്കെതിരായ ചാംപ്യന്‍സ് ലീഗ് ജയത്തിന്‍റെ ആവേശത്തില്‍ 17-ാം മിനിറ്റില്‍ വാസ്‌ക്വസിനെ കുബാര്‍സി ബോക്സില്‍ വീഴ്ത്തിയതിന് റയലിനുകൂലമായി പെനാല്‍റ്റി. കിക്ക് ലക്ഷ്യത്തിലെത്തിച്ച് വിനീഷ്യസ് ജൂനിയര്‍ റയലിനെ ഒപ്പമെത്തിച്ചു. തുടര്‍ന്ന് 28-ാം മിനിറ്റിലായിരുന്നു ഗോള്‍ലൈന്‍ സാങ്കേതികവിദ്യയുടെ അഭാവത്തില്‍ ബാഴ്സയുടെ ഗോള്‍ നിഷേധിക്കപ്പെട്ടത്.

റഫീഞ്ഞ്യയുടെ ക്രോസ് ലാമിന്‍ യമാല്‍ ഫ്ളിക് ചെയ്തത് റയല്‍ ഗോള്‍ ലുണിന്‍ തട്ടിയകറ്റും മുമ്പ് ഗോള്‍വര കടന്നിരുന്നു. എന്നാല്‍ വാര്‍ പരിശോധിച്ച റഫറി പന്ത് ഗോള്‍വര കടന്നെന്ന് സ്ഥീരീകരിക്കാന്‍ ഉതകുന്ന തരത്തില്‍ ക്യാമറ ആംഗില്‍ ലഭ്യമല്ലെന്ന കാരണത്താല്‍ ഗോള്‍ നിഷേധിക്കുകയായിരുന്നു. ഇത് ബാഴ്‌സയ്ക്ക് വന്‍ തിരിച്ചടിയായി.രണ്ടാം പകുതിയില്‍ ബാഴ്സ വീണ്ടും മുന്നിലെത്തി.

ബാഴ്‌സയുടെ മികച്ച ഒരു മുന്നേറ്റം. ബോക്‌സിലേക്ക് ഇരമ്പിക്കയറിയ ലാമിന്‍ യമാലിന്‍റെ ഷോട്ട് ലുണില്‍ തട്ടിയകറ്റിയത് ഫെര്‍മിന്‍ ലോപ്പസ് വലയിലാക്കുകയായിരുന്നു. 73-ാം മിനിറ്റില്‍ ലൂക്കാസ് വാസ്‌ക്വസിലൂടെ റയല്‍ വീണ്ടും ഒപ്പമെത്തി. വിനീഷ്യസിന്‍റെ ക്രോസ് മികച്ചൊരു ഷോട്ടിലൂടെ വാസ്‌ക്വസ് വലയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് അവസാന മിനിറ്റുകളില്‍ ആക്രമണം കടുപ്പിച്ച റയല്‍ ഒടുവില്‍ ഇന്‍ജുറി ടൈമിന്‍റെ ആദ്യ മിനിറ്റില്‍ തന്നെ ബെല്ലിങ്ങാമിലൂടെ വിജയഗോളും നേടി.ജയത്തോടെ 32 മത്സരങ്ങളില്‍ നിന്ന് 81 പോയന്‍റുമായി റയല്‍ കിരീടത്തിലേക്ക് ഒരു പടി കടി അടുത്തു. ഒന്നാം സ്ഥാനത്തുള്ള റയലിന് ബാഴ്‌സയുമായുള്ള ലീഡ് 11 പോയന്‍റായി. 32 കളികളില്‍ നിന്ന് 70 പോയിന്‍റാണ് രണ്ടാമതുള്ള ബാഴ്സയ്ക്കുള്ളത്. ആറു മത്സരങ്ങള്‍ മാത്രമാണ് ലീഗില്‍ ഇനി ഇരുവര്‍ക്കും ബാക്കിയുള്ളത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com