കിങ്സ് കപ്പ്: ആദ്യ പാദ സെമിയിൽ റയലിനു ജയം

കിലിയൻ എംബാപ്പെയ്ക്കു പകരം കളിച്ച ബ്രസീലിയൻ കൗമാര താരം എൻഡ്രിക്ക് മത്സരത്തിലെ ഏക ഗോളിന് ഉടമയായി
Brazilian teenage sensation Endrick celebrates his goal against Real Sociedad for Real Madrid

ബ്രസീലിൽനിന്നുള്ള പതിനെട്ടുകാരൻ എൻഡ്രിക്ക് ഗോൾ ആഘോഷത്തിൽ

Updated on

മാഡ്രിഡ്: കോപ്പ ഡെൽ റേ (കിങ്സ് കപ്പ്) സെമി ഫൈനലിന്‍റെ ആദ്യ പാദത്തിൽ റയൽ മാഡ്രിഡിനു ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് റയൽ സോസീദാദിനെ മറികടന്നത്. കിലിയൻ എംബാപ്പെയ്ക്കു പകരം കളിച്ച പതിനെട്ടുകാരൻ എൻഡ്രിക് മത്സരത്തിലെ ഏക ഗോളിന് ഉടമയായി. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ആറു ഗോളടിച്ച എംബാപ്പെ പല്ലെടുത്തതിനെത്തുടർന്ന് വിശ്രമത്തിലാണ്.

ഇംഗ്ലിഷ് സൂപ്പർ താരം ജൂഡ് ബെല്ലിങ്ങാമിന്‍റെ ലോങ് പാസിൽനിന്നായിരുന്നു ബ്രസീലിയൻ കൗമാര താരം എൻഡ്രിക്കിന്‍റെ ഗോൾ. പ്രതിരോധം മുതൽ ആക്രമണം വരെ നിറഞ്ഞു കളിച്ച എൻഡ്രിക്കിന്‍റെ പ്രകടനം നിർണായകമായിരുന്നു എന്ന് മത്സരശേഷം മാഡ്രിഡ് കോച്ച് കാർലോ ആൻസലോട്ടി വിലയിരുത്തി.

ഫ്രെഡറിക്കോ വാൽവെർദെ, ഒന്നാം നമ്പർ ഗോൾ കീപ്പർ തിബോ കർട്ടോ എന്നിവർക്ക് വിശ്രമം അനുവദിച്ചാണ് ആൻസലോട്ടി ടീമിനെ ഇറക്കിയത്. കർട്ടോയ്ക്കു പകരം കളിച്ച ആൻഡ്രി ലൂനിൻ ഗോൾവലയ്ക്കു മുന്നിൽ ഗംഭീര പ്രകടനവും പുറത്തെടുത്തു.

നേരത്തെ, മറ്റൊരു സെമിഫൈനലിലെ ആദ്യ പാദ മത്സരത്തിൽ ബാഴ്സലോണയും അത്ലറ്റിക്കോ മാഡ്രിഡും 4-4 സമനിലയിൽ പിരിഞ്ഞിരുന്നു. രണ്ടു സെമിഫൈനലുകളുടെയും രണ്ടാം പാദ മത്സരങ്ങളിൽ ഏപ്രിലിലാണ് നടത്തുക. സെവിയയിൽ ഏപ്രിൽ 26നാണ് ഫൈനൽ.

2023ലാണ് മാഡ്രിഡ് അവസാനമായി കിങ്സ് കപ്പ് സ്വന്തമാക്കുന്നത്. കഴിഞ്ഞ സീസണിൽ പ്രീ ക്വാർട്ടറിൽ തന്നെ അത്ലലറ്റിക്കോയോട് തോറ്റ് പുറത്താകുകയായിരുന്നു. 2020ൽ മൂന്നാം വട്ടം കിങ്സ് കപ്പ് നേടിയ ശേഷം സോസീദാദ് സെമി ഫൈനൽ കളിക്കുന്നത് ഇതാദ്യമാണ്. സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡും സോസിദാദും നേർക്കുനേർ വന്ന അവസാന മൂന്നു മത്സരങ്ങളിലും മാഡ്രിഡിനായിരുന്നു ജയം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com