

റിച്ചാർഡ് പൈബസ്
കാബുൾ: അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം പുതിയ മുഖ‍്യ പരിശീലകനെ പ്രഖ‍്യാപിച്ചു. ഇംഗ്ലണ്ട് സ്വദേശി റിച്ചാർഡ് പൈബസാണ് അഫ്ഗാനിസ്ഥാന്‍റെ പുതിയ പരിശീലകൻ. ജൊനാഥാൻ ട്രോട്ടിന്‍റെ ഒഴിവിലേക്കാണ് പൈബസിന്‍റെ കടന്നുവരവ്.
ടി20 ലോകകപ്പിൽ സൂപ്പർ 8 ൽ പ്രവേശിക്കാതെ അഫ്ഗാനിസ്ഥാൻ പുറത്തായതിനു പിന്നാലെയാണ് ട്രോട്ട് പരിശീലക സ്ഥാനം ഒഴിഞ്ഞത്. മാർച്ച് 13ന് ശ്രീലങ്കയ്ക്കെതിരായി നടക്കുന്ന ഏകദിന, ടി20 പരമ്പരകൾക്ക് മുന്നോടിയായി പൈബസ് ടീമിനൊപ്പം ചേർന്നേക്കുമെന്നാണ് വിവരം. 2012 മുതൽ 2020വരെ ബംഗ്ലാദേശിന്‍റെ മുഖ‍്യപരിശീലകനായിരുന്നു പൈബസ്. കൂടാതെ 2016ൽ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്‍റെ ഡയറക്റ്ററായും പ്രവർത്തിച്ചിട്ടുണ്ട്.
പൈബസ് ഡയറക്റ്ററായി പ്രവർത്തിച്ചിരുന്ന കാലത്താണ് വെസ്റ്റ് ഇൻഡീസ് ടി20 ലോകകപ്പും അണ്ടർ 19 പുരുഷ ലോകകപ്പും സ്വന്തമാക്കിയിരുന്നത്. തുടർന്ന് 2018ൽ വെസ്റ്റ് ഇൻഡീസിന്‍റെ താത്കാലിക മുഖ‍്യ പരിശീലകനായി പൈബസ്. എന്നാൽ പൈബസ് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്‍റെ ഡയറക്റ്ററായി പ്രവർത്തിച്ചിരുന്ന കാലം ഏറെ വിവാദത്തിന് വഴിവച്ചിരുന്നു. ]
അന്താരാഷ്ട്ര മത്സരങ്ങൾക്ക് താരങ്ങളെ തെരഞ്ഞെടുക്കണമെങ്കിൽ ആഭ‍്യന്തര മത്സരങ്ങൾ കളിക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. തങ്ങളുടെ താരങ്ങൾ വിദേശ ലീഗുകളെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നതായിരുന്നു റിച്ചാർഡ് പൈബസ് ഇതിലൂടെ അർഥമാക്കിയിരുന്നത്. റിച്ചാർഡ് പൈബസ് മുഖ‍്യ പരിശീലകനായി എത്തുന്നതോടെ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം കൂടുതൽ ശക്തമാകുമെന്ന് പ്രതീക്ഷിക്കാം.