ഞെട്ടിച്ചുവെന്ന് പോണ്ടിങ്, നാണക്കേടെന്ന് ഹെയ്ഡൻ; ബംഗ്ലാദേശിന്‍റെ ചരിത്ര വിജയത്തിൽ പ്രതികരണവുമായി മുൻ ഓസീസ് താരങ്ങൾ

പേസ് ആക്രമണവും സ്പിൻ ബൗളിങ്ങും ബാറ്റിങ്ങും കൊണ്ട് അവർ നടത്തിയ പ്രകടനം വളരെ മികച്ചതായിരുന്നുവെന്ന് ഹെയ്ഡൻ പറഞ്ഞു
ricky ponting and mathew hayden responded to bangladesh darwin test win

റിക്കി പോണ്ടിങ്, മാത‍്യു ഹെയ്ഡൻ

Updated on

ഡാർ‌വിൻ: കംഗാരുക്കളുടെ നാട്ടിൽ ബംഗ്ലാദേശ് നേടിയ ചരിത്ര വിജയത്തിൽ പ്രതികരണവുമായി മുൻ ഓസ്ട്രേലിയൻ താരങ്ങൾ. ഇത്തരത്തിലൊരു പ്രകടനം ബംഗ്ലാദേശിൽ നിന്നും പ്രതീക്ഷിച്ചില്ലെന്നും അവരെന്നെ ഞെട്ടിച്ചുവെന്നും മുൻ ക‍്യാപ്റ്റൻ റിക്കി പോണ്ടിങ് പറഞ്ഞു.

പേസ് ആക്രമണവും സ്പിൻ ബൗളിങ്ങും ബാറ്റിങ്ങും കൊണ്ട് അവർ നടത്തിയ പ്രകടനം വളരെ മികച്ചതായിരുന്നു. എല്ലാ മേഖലകളിലും അവർ ഓസ്ട്രേലിയയിൽ ആധിപത‍്യം പുലർത്തി. മത്സരം ജയിക്കാൻ അവർ പൂർണമായും അർഹരാണ്. ബംഗ്ലാദേശ് ക്രിക്കറ്റിന് ഇത് അവിശ്വസനീയവും ചരിത്രപരവുമായ നേട്ടമാണ്. അവരുടെ പേസ് നിര ഏറ്റവും മികച്ചതാണ്. പോണ്ടിങ് പറഞ്ഞു.

ഓസ്ട്രേലിയൻ ക്രിക്കറ്റിന് ഇത് വലിയ നാണക്കേടാണെന്നും ഓസീസ് ഇത്തരമൊരു പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ബംഗ്ലാദേശ് മികച്ച രീതിയിൽ കളിച്ചെന്നും മാത‍്യു ഹെയ്ഡൻ പറഞ്ഞു. ബംഗ്ലാദേശിന്‍റെ പേസർമാർക്കു മുന്നിൽ ഓസീസ് ബാറ്റിങ് നിര പ്രതിരോധത്തിലായെന്നു പറഞ്ഞ പോണ്ടിങ് പാറ്റ് കമ്മിൻസിന്‍റെ ബൗളിങ്ങിനെയും ക‍്യാപ്റ്റൻസിയെയും ചോദ‍്യം ചെയ്തു.

ഓൾറൗണ്ടർ എന്ന നിലയ്ക്ക് മെഹ്ദി ഹസൻ മിറാസിന്‍റെ പ്രകടനം മികച്ചതായിരുന്നുവെന്നും പോണ്ടിങ് ചൂണ്ടിക്കാട്ടി. ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ടീമിനെയാണ് ബംഗ്ലാദേശ് അവരുടെ മണ്ണിൽ പരാജയപ്പെടുത്തിയത്. പാക്കിസ്ഥാനെതിരേ ടെസ്റ്റ് പരമ്പര വിജയിച്ച ശേഷം സിംബാബ്‌വെയ്ക്കെതിരേ ബംഗ്ലാദേശ് പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഓസ്ട്രേലിയയെ തോൽപ്പിച്ച് തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com