
കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് അവിശ്വസനീയ വിജയം സമ്മാനിച്ച ഇന്നിങ്സ് കാഴ്ചവച്ച റിങ്കു സിങ് ഉപയോഗിച്ച ബാറ്റ് തന്റേതെന്ന വെളിപ്പെടുത്തലുമായി സഹതാരം നിതീഷ് റാണ. റിങ്കുവിന് ബാറ്റ് നല്കാന് തനിക്ക് മടിയുണ്ടായിരുന്നെങ്കിലും റിങ്കു അത് തിരഞ്ഞെടുത്തതോടെ തനിക്ക് മനസില്ലാ മനസോടെ ബാറ്റ് നല്‍കേണ്ടിവന്നുവെന്ന് നിതീഷ് പറഞ്ഞു.
അത് എന്റെ മാച്ച് ബാറ്റ് ആയിരുന്നു, അതില്‍ ഞാന്‍ ചില മത്സരങ്ങള്‍ കളിച്ചിരുന്നു. സയ്യിദ് മുഷ്താഖ് അലിയിലും അതുമായി ഞാന്‍ കളിച്ചിട്ടുണ്ട്. റിങ്കു അത് ഉപയോഗിച്ച് കളിക്കാന്‍ ആഗ്രഹിച്ചതിനാല്‍ ഞാന്‍ ഇന്ന് എന്റെ ബാറ്റ് മാറ്റി. അത് അവനു കൊടുക്കാന്‍ മനസ്സില്ലെങ്കിലും കൊടുക്കേണ്ടിവന്നു. എനിക്ക് അറിയാമായിരുന്നു അവന് ഈ ബാറ്റ് തിരഞ്ഞെടുക്കുമെന്ന്. കാരണം അതിന്റെ പിക്കപ്പ് വളരെ നല്ലതാണ്. ഇപ്പോള്‍ അത് അവന്റേതാണെന്നും നിതീഷ് കെകെആറിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ട് പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.
റിങ്കുവും നിതീഷും 2018 മുതല്‍ കെകെആര്‍ ക്യാമ്പിന്റെ ഭാഗമാണ്. 2022 ലെ മെഗാ ലേലത്തില്‍ ഇരുവരും ഫ്രാഞ്ചൈസിയുമായി വീണ്ടും ഒപ്പുവച്ചു. 2022 സീസണിന് മുന്‍പും റിങ്കു കെകെആറില്‍ കളിച്ചിട്ടുണ്ടെങ്കിലും അവസരങ്ങള്‍ മുതലെടുക്കാനായില്ല. കൂടാതെ പരിക്കും താരത്തിന് വിനയായി. ആദ്യ തവണ 80 ലക്ഷം രൂപയ്ക്കാണ് റിങ്കു കെകെആറില്‍ എത്തിയതെങ്കില്‍ പിന്നീട് 55 ലക്ഷം രൂപയാണ് പ്രതിഫലം.