

ഋഷഭ് പന്ത്, കുൽദീപ് യാദവ്
ന‍്യൂഡൽഹി: ഐപിഎൽ 2027 സീസണിൽ സൂപ്പർ താരം ഋഷഭ് പന്ത് ഡൽഹി ക‍്യാപ്പിറ്റൽസിന് വേണ്ടി കളിക്കും. പകരം കുൽദീപ് യാദവിനെ ലഖ്നൗ സൂപ്പർ ജയന്‍റ്സിന് നൽകികൊണ്ടാണ് ഈ വലിയ താരകൈമാറ്റം നടന്നിരിക്കുന്നത്.
ഐപിഎൽ ഗവേണിങ് കൗൺസിൽ വാർത്താക്കുറിപ്പിലൂടെ ഇക്കാര‍്യം സ്ഥിരീകരിച്ചു. 2016 മുതൽ 2024 വരെ 9 സീസണുകളിൽ പന്ത് ഡൽഹിക്കു വേണ്ടി ബാറ്റേന്തിയിട്ടുണ്ട്.
ലഖ്നൗ 27 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഋഷഭ് പന്തിന് ഡൽഹിയിലെത്തുമ്പോൾ 15 കോടി രൂപ മാത്രമെ ലഭിക്കുകയുള്ളൂ. അതേസമയം, കുൽദീപ് യാദവിന് ലഖ്നൗവിലെത്തുമ്പോൾ 13.50 കോടി ലഭിക്കും.
2 സീസണുകളിലായി 28 മത്സരങ്ങൾ ലഖ്നൗവിനു വേണ്ടി കളിച്ചിട്ടുള്ള പന്തിന് ആകെ നേടാനായത് 581 റൺസ് മാത്രമായിരുന്നു. പന്തിന്‍റെ നേതൃത്വത്തിൽ കളിച്ച ടീം രണ്ട് തവണയും ഐപിഎല്ലിൽ പ്ലേ ഓഫിൽ പോലും പ്രവേശിച്ചില്ല. 2026 സീസൺ അവസാനിച്ചപ്പോൾ ക‍്യാപ്റ്റൻ സ്ഥാനം താരം ഒഴിഞ്ഞിരുന്നു.