വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഋഷഭ് പന്ത് കളിക്കില്ല

ഇന്ത്യൻ ടെസ്റ്റ് ടീമിനെ ബുധനാഴ്ച തെരഞ്ഞെടുക്കും. അശ്വിൻ വിരമിച്ച ശേഷം ഇന്ത്യക്ക് ആദ്യ ഹോം ടെസ്റ്റ്. ജഗദീശൻ ടീമിലെത്തിയേക്കും.
വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഋഷഭ് പന്ത് കളിക്കില്ല | Rishabh Pant to miss India vs West Indies Test series

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനിടെ പരുക്കേറ്റ് മൈതാനം വിടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്.

Updated on

ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിൽ രണ്ട് മത്സരങ്ങൾ ഉൾപ്പെടുന്ന ടെസ്റ്റ് പരമ്പര ഒക്റ്റോബർ രണ്ടിന് അഹമ്മദാബാദിൽ ആരംഭിക്കും. ഇന്ത്യൻ ടീം തെരഞ്ഞെടുക്കാൻ ബുധനാഴ്ച ചേരുന്ന യോഗത്തിൽ സെലക്ഷൻ കമ്മിറ്റിക്കു ചർച്ച ചെയ്യാൻ പല നിർണായക വിഷയങ്ങളുണ്ട്.

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ബാറ്റ് ചെയ്യുന്നതിനിടെ ഋഷഭ് പന്തിനു പരുക്കേൽക്കുന്ന ദൃശ്യം.

വെസ്റ്റീൻഡീസിനെതിരായ ഹോം ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് കളിക്കില്ല. ഇംഗ്ലണ്ട് പര്യടനത്തിനിടെ കാലിനേറ്റ പരുക്ക് ഇനിയും ഭേദമാകാത്തതാണു കാരണം. രണ്ടു ടെസ്റ്റുകൾ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം അഹമ്മദാബാദിൽ ഒക്റ്റോബർ രണ്ടിന് ആരംഭിക്കും.‌

ബുധനാഴ്ചയാണ് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുക്കുന്നത്. ഇംഗ്ലണ്ട് പര്യടനത്തിൽ വൈസ് ക്യാപ്റ്റനായിരുന്ന ഋഷഭിന് നാലാം ടെസ്റ്റിനിടെ പന്തു കൊണ്ട് ഇടതു കാൽപ്പാദത്തിൽ പൊട്ടലുണ്ടായിരുന്നു. നിലവിൽ ബംഗളൂരുവിലെ ബിസിസിഐ സെന്‍റർ ഓഫ് എക്സലൻസിൽ ചികിത്സ തുടരുകയാണ്.

ഋഷഭ് പന്തിന്‍റെ അഭാവത്തിൽ ധ്രുവ് ജുറെൽ ആയിരിക്കും ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ. ഋഷഭിനു പരുക്കേറ്റപ്പോൾ ഇംഗ്ലണ്ടിലേക്കു വിളിപ്പിച്ച തമിഴ്നാടിന്‍റെ വിക്കറ്റ് കീപ്പർ - ഓപ്പണർ എൻ. ജഗദീശനെ റിസർവ് പ്ലെയറായി ടീമിൽ നിലനിർത്തിയേക്കും. ഇന്ത്യ എ ടീമിനു വേണ്ടി മികച്ച പ്രകടനമാണ് ഇരുവരും കാഴ്ചവച്ചത്.

അതേസമയം, അഞ്ച് ടെസ്റ്റ് പരമ്പരകൾക്കുള്ള ടീമിൽ ഇടം പിടിച്ചിട്ടും അരങ്ങേറ്റത്തിന് അവസരം കിട്ടാത്ത സ്ഥിരം റിസർവ് ഓപ്പണർ അഭിമന്യു ഈശ്വരൻ ഇക്കുറി ടീമിനു പുറത്താകാൻ സാധ്യതയുണ്ട്. വിക്കറ്റ് കീപ്പർക്കും ഓപ്പണർക്കും റിസർവായി ജഗദീശനെ തന്നെ പരിഗണിക്കാൻ കഴിയുന്നതാണ് കാരണം. കെ.എൽ. രാഹുലും യശസ്വി ജയ്സ്വാളും തന്നെയാവും ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യുക. ഓസ്ട്രേലിയ എ ടീമിനെതിരായ ഇന്ത്യ എ ടീമിന്‍റെ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ രാഹുൽ ടീമിലെത്തിയപ്പോൾ ജഗദീശനെ നിലനിർത്തുകയും അഭിമന്യുവിനെ പുറത്തിരുത്തുകയും ചെയ്തിരുന്നു.

റിസർവ് ബാറ്റർമാരുടെ സ്ഥാനത്തേക്ക് മികച്ച ഫോമിലുള്ള ദേവദത്ത് പടിക്കലിനു നറുക്കു വീണേക്കും. മൂന്നാം നമ്പറിൽ കരുൺ നായരോ സായ് സുദർശനോ എന്ന കാര്യത്തിൽ സെലക്ഷൻ കമ്മിറ്റിയിൽ കാര്യമായ ചർച്ച തന്നെ നടക്കും. ഇംഗ്ലണ്ടിനെതിരേ ഒരു അർധ സെഞ്ചുറി മാത്രമാണ് നേടാനായതെങ്കിലും കരുണിന് ഒരവസരം കൂടി നൽകാൻ സാധ്യതയുണ്ട്. എന്നാൽ, മൂന്നാം നമ്പറിൽ സായ് സുദർശനു തന്നെയാവും മുൻഗണന. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ നാലാം നമ്പറിൽ തുടരും.

അതേസമയം, മത്സരങ്ങളിൽ ഇന്ത്യയിലായതിനാൽ പേസ് ബൗളിങ് ഓൾറൗണ്ടറായ നിതീഷ് കുമാർ റെഡ്ഡിക്ക് അവസരം കിട്ടാൻ സാധ്യത കുറവാണ്. രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ എന്നീ ലോക നിരവാരമുള്ള സ്പിൻ ബൗളിങ് ഓൾറൗണ്ടർമാരുള്ളപ്പോൾ നിതീഷിന്‍റെ ആവശ്യം വരില്ലെന്നാണ് വിലയിരുത്തൽ.

സ്പെഷ്യലിസ്റ്റ് സ്പിന്നറായി കുൽദീപ് യാദവും ഇടം പിടിക്കും. ആർ. അശ്വിൻ വിരമിച്ച ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ഹോം ടെസ്റ്റ് പരമ്പര എന്ന നിലയിൽ കുൽദീപിന്‍റെ സ്ഥാനം നിർണായകമാണ്.

അതേസമയം, പേസ് ബൗളർമാരുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഏഷ്യ കപ്പ് ടീമിൽ ഉൾപ്പെട്ട ജസ്പ്രീത് ബുംറയ്ക്ക് വെസ്റ്റിൻഡീസിനെതിരായ രണ്ടു മത്സരങ്ങളിലും വിശ്രമം നൽകിയേക്കും. അങ്ങനെയെങ്കിൽ മുഹമ്മദ് സിറാജ് ആയിരിക്കും പേസ് ബൗളിങ് നിരയെ നയിക്കുക. പരുക്ക് പൂർണമായി ഭേദമാകാത്ത ആകാശ് ദീപിന്‍റെ പങ്കാളിത്തം ഉറപ്പായിട്ടില്ല. പ്രസിദ്ധ് കൃഷ്ണ ടീമിൽ സ്ഥാനം നിലനിർത്തുമ്പോൾ ശേഷിക്ക പേസ് ബൗളിങ് സ്ലോട്ടിലേക്ക് അർഷ്ദീപ് സിങ്ങും ഹർഷിത് റാണയും തമ്മിലാവും മത്സരിക്കുക.‌

സാധ്യതാ ടീം:

  1. യശസ്വി ജയ്സ്വാൾ

  2. കെ.എൽ. രാഹുൽ

  3. ബി. സായ് സുദർശൻ

  4. ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ)

  5. കരുൺ നായർ

  6. ധ്രുവ് ജുറെൽ (വിക്കറ്റ് കീപ്പർ)

  7. രവീന്ദ്ര ജഡേജ

  8. അക്ഷർ പട്ടേൽ

  9. കുൽദീപ് യാദവ്

  10. മുഹമ്മദ് സിറാജ്

  11. പ്രസിദ്ധ് കൃഷ്ണ

  12. ആകാശ് ദീപ്/അർഷ്ദീപ് സിങ്

  13. വാഷിങ്ടൺ സുന്ദർ

  14. ദേവദത്ത് പടിക്കൽ

  15. എൻ. ജഗദീശൻ (വിക്കറ്റ് കീപ്പർ)

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com