ലോകകപ്പിൽ ആരാകും വിക്കറ്റ് കീപ്പർ, സഞ്ജുവോ ഋഷഭോ?

നാലായിരം റൺസ് പിന്നിട്ട് സഞ്ജു സാംസൺ; തിളങ്ങാനാവാതെ കെ.എല്‍. രാഹുല്‍, ധ്രുവ് ജുറേല്‍, ഇഷാന്‍ കിഷൻ, ജിതേഷ് ശര്‍മ
Sanju Samson, Rishabh Pant
Sanju Samson, Rishabh Pant

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 17-ാം സീസണ്‍ ആവേശകരമായി പുരോഗമിക്കവെ എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരിലേക്കാണ്. സഞ്ജു സാംസണ്‍, ഋഷഭ് പന്ത്, കെ.എല്‍. രാഹുല്‍, ധ്രുവ് ജുറേല്‍, ഇഷാന്‍ കിഷൻ, ജിതേഷ് ശര്‍മ എന്നിവരില്‍ ആരൊക്കെയാവും ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഇടം നേടുന്ന വിക്കറ്റ് കീപ്പര്‍മാരെന്നതാണ് ആരാധകര്‍ ആകാംക്ഷയോടെ ചോദിക്കുന്നത്. ഐപിഎല്ലിലെ പ്രകടനം ടീം തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പാണ്. ഐപിഎല്ലിലെ ഇതുവരെയുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ ഋഷഭ് പന്തും സഞ്ജു സാംസണുമാണ് ഈ സ്ഥാനത്തിനായി മുന്‍നിരയിലുള്ളത്. എന്നാല്‍ ഇവരിലാരാവും പ്രധാന വിക്കറ്റ് കീപ്പറാവുകയെന്നതാണ് കണ്ടറിയേണ്ടത്. സഞ്ജു രാജസ്ഥാന്‍ നായകനായും വിക്കറ്റ് കീപ്പറായും ബാറ്റ്‌സ്മാനായും ഒരുപോലെ മികവ് കാട്ടുന്നു. എന്നാല്‍ ഇപ്പോഴും മുന്‍തൂക്കം ഋഷഭ് പന്തിനാണെന്ന് പറയാം. സെലക്ടര്‍മാര്‍ സഞ്ജുവിനെക്കാള്‍ പ്രാധാന്യം ഋഷഭിന് നല്‍കും.

ഒന്നാമത്തെ കാര്യം സഞ്ജു ടോപ് ഓഡര്‍ താരമാണെന്നതാണ്. ടോപ് ഓഡറില്‍ ഇന്ത്യക്ക് കളിക്കാന്‍ നിരവധി താരങ്ങളുണ്ട്. ഇന്ത്യക്ക് ആവശ്യം മധ്യനിരയില്‍ കളിക്കാന്‍ ശേഷിയുള്ള വിക്കറ്റ് കീപ്പറെയാണ്. ഇതിന് സഞ്ജുവിനെക്കാള്‍ മിടുക്ക് ഋഷഭിനും ജിതേഷിനും ജുറേലിനുമുണ്ട്. ഋഷഭ് പന്തും രണ്ട് അര്‍ധ സെഞ്ച്വറി ഈ സീസണില്‍ നേടിയിട്ടുണ്ട്. മധ്യനിരയില്‍ കളിക്കാന്‍ ഋഷഭ് മിടുക്കനാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ഋഷഭിന് സവിശേഷമായ മികവുണ്ട്. ഈ മിടുക്ക് സഞ്ജുവിന് അവകാശപ്പെടാനാവില്ല. സഞ്ജു മൂന്നാം നമ്പറിലാണ് കൂടുതല്‍ മികച്ചുനില്‍ക്കുന്നത്. ഈ റോളില്‍ കളിക്കാന്‍ വിരാട് കോലി, ശുഭ്മൻ ഗില്‍, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാമുണ്ട്. അതുകൊണ്ടുതന്നെ ഇവരെയെല്ലാം മറികടന്ന് സഞ്ജുവിനെ പരിഗണിക്കില്ലെന്നുറപ്പ്. സഞ്ജുവിന് അവസരം തേടാനാവുക മധ്യനിരയിലാണ്. നിലവിലെ പ്രകടന മികവ് നോക്കുമ്പോള്‍ ഋഷഭ് മോശമല്ല. നായകനെന്ന നിലയില്‍ ഋഷഭ് അല്‍പ്പം പിന്നിലാണെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും മികവ് പുലർത്തുന്നു. അതുകൊണ്ടുതന്നെ സഞ്ജുവിനെപ്പോലെ തന്നെ ഋഷഭിനും ഇപ്പോള്‍ സജീവ സാധ്യതയുണ്ട്.

ഐപിഎല്ലിൽ 4000 റൺസ് പൂർത്തിയാക്കി സഞ്ജു സാംസൺ

ജയ്‌പൂർ: ഐപിഎല്ലിൽ 4000 റൺസ് പൂർത്തിയാക്കി സഞ്ജു സാംസൺ. കഴിഞ്ഞദിവസം ആർസിബിക്ക് എതിരായ മത്സരത്തിലെ ഇന്നിംഗ്സോടെയാണ് സഞ്ജു സാംസൺ 4000 റൺസ് മറികടന്നത്. ഐ പി എല്ലിൽ 4000 റൺസ് നേടുന്ന പതിനാറാമത്തെ ബാറ്റർ ആണ് സഞ്ജു സാംസൺ. 152 ഇന്നിംഗ്സുകളിൽ നിന്നാണ് സഞ്ജു 4000 റൺസ് എന്ന നാഴികക്കല്ലിൽ എത്തിയത്.

ഐപിഎല്ലിൽ 137 ആണ് സഞ്ജു സാംസന്‍റെ സ്ട്രൈക്ക് റേറ്റ്. 29നു മുകളിൽ ആണ് സഞ്ജുവിന്‍റെ ഐ പി എല്ലിലെ ശരാശരി. മൂന്നാം സ്ഥാനത്ത് ബാറ്റു ചെയ്ത് ഐ പി എല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് സഞ്ജു.

22 അർധ സെഞ്ച്വറികളും 2 സെഞ്ച്വറികളും സഞ്ജു ഐ പി എല്ലിൽ നേടിയിട്ടുണ്ട്. ഈ സീസണിലെ സഞ്ജുവിന്‍റെ രണ്ടാമത്തെ അർദ്ധ സെഞ്ച്വറി ആയിരുന്നു കഴിഞ്ഞ ദിവസം പിറന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com