
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, പഞ്ചാബ് കിങ്സ്
ന‍്യൂഡൽഹി: ജൂൺ മൂന്നിന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന ഐപിഎൽ ഫൈനലിൽ പഞ്ചാബ് കിങ്സും റോയൽ ചലഞ്ചേഴ്സും നേർക്കു നേർ വരുമെന്ന് മുൻ ഇന്ത‍്യൻ താരം റോബിൻ ഉത്തപ്പ.
'പഞ്ചാബിലെ ചില താരങ്ങൾ ദേശീയ ടീമിനു വേണ്ടി കളിക്കാൻ പോയെങ്കിലും ബാറ്റർമാർ ഫോമിലാണ്. അർഷദീപ് സിങ് നിർണായക മത്സരങ്ങളിൽ തിളങ്ങുമെന്നാണ് കരുതുന്നത്. ആർസിബിയും പഞ്ചാബും തമ്മിലായിരിക്കും ഫൈനലെന്ന് എനിക്ക് ഉറപ്പുണ്ട്.
ആർസിബിയുടെ ബൗളിങ് നിര ശക്തമാണ്. വിരാട് കോലി 20 ഓവർ ബാറ്റ് ചെയ്താൽ എതിർ ടീം സമ്മർദത്തിലാകും. ജോഷ് ഹേസിൽവുഡ് തിരിച്ചെത്തിയതോടെ ഭുവനേശ്വർ കുമാറിന് സമ്മർദം കുറയും. യഷ് ദയാലും ക്രുണാൽ പാണ്ഡ‍്യയും നന്നായി പന്തെറിയുന്നുണ്ട്'. ഉത്തപ്പ പറഞ്ഞു.
അതേസമയം പഞ്ചാബ് ക‍്യാപ്റ്റൻ ശ്രേയസ് അയ്യരുടെ ക‍്യാപ്റ്റൻസിയെയും ഉത്തപ്പ പുകഴ്ത്തി. മികച്ച നായകനാണ് ശ്രേയസെന്നും കോൽക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടി കിരീടം നേടികൊടുത്തിട്ടും അയ്യരിനെ അവർ ടീമിൽ നിലനിർത്തിയില്ലെന്നും വില കുറച്ചു കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.
ശ്രേയസ് പിന്നീട് എത്തിയത് ചരിത്രപരമായി ഒന്നും എടുത്തു പറയാനില്ലാത്ത ഒരു ഫ്രാഞ്ചൈസിയിലേക്കാണെന്നും എന്നാൽ അവരെയും പ്രതീക്ഷ ഉയരുന്ന സാഹചര‍്യത്തിലേക്ക് ശ്രേയസ് എത്തിച്ചുവെന്നും ഉത്തപ്പ കൂട്ടിച്ചേർത്തു.