43ാം വയസിൽ രോഹൻ ബൊപ്പണ്ണ നമ്പർ വൺ

ടെന്നിസിലെ ഡബിൾസ് റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന പ്രായം കൂടിയ താരമെന്ന റെക്കോഡും സ്വന്തം
Rohan Bopanna
Rohan Bopanna

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ഡബിൾസ് സെമിഫൈനലിൽ കടന്ന ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയ്ക്ക് ചരിത്ര നേട്ടം. പുരുഷ ഡബിൾസിൽ ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡാണ് നാൽപ്പത്തിമൂന്നുകാരൻ ബൊപ്പണ്ണ സ്വന്തമാക്കിയത്. ഓസ്ട്രേലിയയുടെ മാത്യു എബ്ഡനൊപ്പമാണു ബൊപ്പണ്ണ സെമിഫൈനലിൽ കടന്നത്.

ലോക മൂന്നാം നമ്പർ സഖ്യമെന്ന ഖ്യാതിയോടെ ടൂർണമെന്‍റിനെത്തിയ ബൊപ്പണ്ണ- എബ്ഡൻ ജോടി ആറാം സീഡ് അർജന്‍റീനയുടെ എം ഷിമോ ഗോൺസാലസ്- ആൻഡ്രൂസ് മുൾട്ടേനി സഖ്യത്തെ 6-4, 7-6 (5) നു തകർത്താണു സെമിയിലെത്തിയത്. ഒരു മണിക്കൂർ 46 മിനിറ്റിലെ ക്വാർട്ടർ പോരാട്ടം വിജയത്തിലെത്തിയതോടെ സെമി ബർത്തിനൊപ്പം റെക്കോഡും ബൊപ്പണ്ണയെ തേടിയെത്തി. സെമിയിൽ തോമസ് മഷാക്- ഷിചൻ ഷാങ് സഖ്യമാണ് ബൈപ്പണ്ണ- എബ്ഡൻ ടീമിന്‍റെ എതിരാളികൾ.

മുപ്പത്തെട്ടാം വയസിൽ ഒന്നാം റാങ്കിലെത്തിയ യുഎസ് താരം രാജീവ് റാമിനായിരുന്നു ഉയർന്ന റാങ്കിലെ പ്രായംകൂടിയ താരമെന്ന ബഹുമതി. ഇതാണ് ബൊപ്പണ്ണ മറികടന്നത്. 2013ൽ മൂന്നാം റാങ്കിലെത്തിയതായിരുന്നു ബൊപ്പണ്ണയുടെ കരിയറിയെ ഇതുവരെയുള്ള മികച്ച നേട്ടം. ഡബിൾസിൽ ലിയാൻഡർ പേസ്, മഹേഷ് ഭൂപതി, സാനിയ മിർസ എന്നിവർക്കുശേഷം ഒന്നാം റാങ്കിലെത്തുന്ന ഇന്ത്യൻ താരമാണു ബൊപ്പണ്ണ. യുഎസിന്‍റെ ഓസ്റ്റിൻ ക്രായിചെക്കിൽ നിന്നാണ് ഒന്നാം റാങ്ക് ബൊപ്പണ്ണയിലേക്കെത്തിയത്. ക്രായിചെക്കും ക്രൊയേഷ്യൻ താരം ഇവാൻ ഡോഡിഗും ചേർന്ന സഖ്യം രണ്ടാം റൗണ്ടിൽ പരാജയപ്പെട്ടിരുന്നു.

2017ൽ ക്യാനഡയുടെ ഗബ്രിയേല ദബ്രോവ്സ്കിക്കൊപ്പം ബൊപ്പണ്ണ ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾസ് കിരീടം നേടിയിട്ടുണ്ട്. 2010ലും 2023ലും ബൊപ്പണ്ണയുൾപ്പെട്ട സഖ്യം യുഎസ് ഓപ്പൺ പുരുഷ ഡബിൾസിൽ റണ്ണർ അപ് ആയിരുന്നു.

അതേസമ‍യം, യുക്രെയ്‌ൻ താരം ഡയാന യസ്ത്രെംസ്ക വനിതകളുടെ സിംഗിൾസിൽ സെമിഫൈനലിൽ കടന്നു. ഡയാനയുടെ കരിയറിലെ ആദ്യ ഗ്രാൻസ്ലാം സെമിയാണിത്. ക്വാർട്ടറിൽ 78 മിനിറ്റ് നീണ്ട പോരാട്ടത്തിൽ ലിൻഡ നോസ്കോവയെയാണ് ഡയാന പരാജയപ്പെടുത്തിയത്. സ്കോർ: 6-3, 6-4. ഷെങ് ക്വിൻവെൻ- അന്ന കലിൻകയ മത്സരത്തിലെ വിജയിയായിരിക്കും സെമിയിൽ ഡയാനയുടെ എതിരാളി.

Trending

No stories found.

Latest News

No stories found.