അജിത് അഗാർക്കറുടെ കരാർ കാലാവധി നീട്ടാത്തതിനു പിന്നിൽ രോഹിത് ശർമയും ലക്ഷ്മണും?

2027 ഏകദിന ലോകകപ്പിൽ രോഹിത് മികച്ച പ്രകടനം പുറത്തെടുക്കുമെന്ന കാര‍്യത്തിൽ അഗാർക്കറിന് വിശ്വാസമില്ലായിരുന്നുവെന്നും റിപ്പോർട്ടിൽ വ‍്യക്തമാക്കുന്നു
Rohit, Laxman Key Factors Behind Agarkar's Decision To Quit reports

അജിത് അഗാർക്കർ, രോഹിത് ശർമ, വി.വി.എസ്. ലക്ഷ്മൺ

Updated on

മുംബൈ: ഇന്ത‍്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് തുടരുകയാണ് മുൻ പേസർ അജിത് അഗാർക്കർ. അഗാർക്കറുടെ കരാർ കാലാവധി അവസാനിക്കാൻ 15 ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഈ സാഹചര‍്യത്തിൽ അഗാർക്കറുടെ കരാർ ബിസിസിഐ നീട്ടി നൽകിയേക്കില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

എന്നിലിപ്പോഴിതാ അഗാർ‌ക്കറുടെ കരാർ കാലാവധി ബിസിസിഐ നീട്ടി നൽകാത്തതിനു പിന്നിൽ രോഹിത് ശർമയുടെ ഭാവിയെ പറ്റിയുള്ള ആശങ്കകളും വി.വി.എസ്. ലക്ഷ്മണുമായുള്ള അഭിപ്രായ വ‍്യത‍്യാസങ്ങളുമാണെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുൻപ് ബിസിസിഐയിലെയും സെലക്ഷൻ കമ്മിറ്റിയിലെയും ഉന്നതർ ഒരു കൂട്ടായ തീരുമാനമെടുത്തെന്നും മുൻ താരം പ്രഖ‍്യാൻ ഓജ ഇക്കാര‍്യം രോഹിത് ശർമയെ അറിയിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. തീരുമാനത്തിൽ അതൃപ്തനായ രോഹിത് മറ്റൊരു ഉന്നത അധികാരിയെ സമീപിക്കുകയും അഗാർക്കറുടെ സമീപനത്തിനെതിരേ പരാതിപ്പെടുകയും ചെയ്തു. ഒരുപക്ഷേ ഇംഗ്ലണ്ട് പരമ്പരയ്ക്കു ശേഷം രോഹിത് ശർമ വിരമിക്കണമെന്നതായിരിക്കാം സെലക്ഷൻ കമ്മിറ്റിയിലെ ഉന്നതർ ചേർന്നെടുത്ത തീരുമാനം.

അന്ന് ലോർഡ്സ് ഏകദിനം രോഹിത്തിന്‍റെ അവസാന ഏകദിന മത്സരമായിരിക്കുമെന്ന തരത്തിൽ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ലോർഡ്സിലെ ഏകദിനം രോഹിത് ശർമയുടെ അവസാന മത്സരമായിരിക്കുമെന്ന റിപ്പോർട്ടുകൾ ബിസിസിഐ സെക്രട്ടറി ദേവ്ജിത്ത് സൈക്കിയ തള്ളിയതിൽ അഗാർക്കർ അങ്ങേയറ്റം അസ്വസ്ഥനാ‍യിരുന്നുവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന 2027 ഏകദിന ലോകകപ്പിൽ രോഹിത് മികച്ച പ്രകടനം പുറത്തെടുക്കുമെന്ന കാര‍്യത്തിൽ അഗാർക്കറിന് വിശ്വാസമില്ലായിരുന്നുവെന്നും റിപ്പോർട്ടിൽ വ‍്യക്തമാക്കുന്നു. കൂടാതെ യുവതാരം യശസ്വി ജയ്സ്വാളിന് മത്സരപരിചയം ഉറപ്പാക്കാൻ അഗാർക്കർ ആഗ്രഹിച്ചിരുന്നുവെന്നാണ് വിവരം. അതേസമയം, ലക്ഷ്മണുമായി അഗാർക്കർക്ക് അഭിപ്രായ വ‍്യത‍്യാസമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇത്തവണത്തെ ഏഷ‍്യൻ ഗെയിംസിലേക്ക് ശക്തമായ ടീമിനെ അയക്കാൻ അഗാർക്കറിന് യോജിപ്പില്ലായിരുന്നുവെന്നും എന്നാൽ മികച്ച ടീമിനെ തന്നെ അയക്കണമെന്ന നിലപാടിലായിരുന്നു ലക്ഷ്മണെന്നുമാണ് റിപ്പോർ‌ട്ടുകൾ. ഇതുകൂടാതെ ബിസിസിഐ സെന്‍റർ ഓഫ് എക്സലൻസിന്‍റെ ചുമതലയുള്ള ലക്ഷ്മണനുമായി പ്രമുഖ താരങ്ങളുടെ പരുക്കുകൾ സംബന്ധിച്ച് അഗാർക്കർക്ക് അഭിപ്രായ വ‍്യത‍്യസമുണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.

logo
Metro Vaartha
www.metrovaartha.com