രോഹിത് ശർമയും അജിത് അഗാർക്കറും വാർത്താ സമ്മേളനത്തിൽ.
രോഹിത് ശർമയും അജിത് അഗാർക്കറും വാർത്താ സമ്മേളനത്തിൽ.

ലോകകപ്പ് ടീം: അഗാർക്കറും രോഹിതും വിശദീകരിക്കുന്നു | Video

ഇന്ത്യയുടെ ട്വന്‍റി20 ലോകകപ്പ് ടീം തെരഞ്ഞെടുപ്പിനെക്കുറിച്ച് സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും ക്യാപ്റ്റൻ രോഹിത് ശർമയും വാർത്താസമ്മേളനത്തിൽ വിശദീകരിക്കുന്നു.

Key Events

ഫുൾ വീഡിയോ

ഫുൾ വീഡിയോ

രോഹിത്തിനെ കെട്ടിയിറക്കിയതാണോ?

2023ൽ അന്താരാഷ്ട്ര ട്വന്‍റി20 ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത രോഹിത് ശർമ എങ്ങനെ ലോകകപ്പ് ടീമിന്‍റെ ക്യാപ്റ്റനായി എന്ന ചോദ്യവും വാർത്താ സമ്മേളനത്തിൽ പരോക്ഷമായി ഉയർന്നു. ചോദ്യത്തിന്‍റെ ലക്ഷ്യം കൃത്യമായി മനസിലാക്കി തന്നെ അഗാർക്കറും രോഹിതും മറുപടിയും പറഞ്ഞു.

ക്യാപ്റ്റൻ എന്ന നിലയിൽ രോഹിതിന്‍റെ മികവ് ഒരിക്കലും സംശയിക്കപ്പെട്ടിട്ടില്ലെന്നും, അദ്ദേഹം ഈ ടീമിനു മേൽ അടിച്ചേൽപ്പിക്കപ്പെട്ട ആളല്ലെന്നും അഗാർക്കർ പറഞ്ഞു. ഓരോ ഫോർമാറ്റിലെയും പ്രധാന ടൂർണമെന്‍റുകൾ വരുമ്പോൾ മറ്റു ഫോർമാറ്റുകളിൽ വിശ്രമം അനുവദിക്കാറുണ്ട്. ട്വന്‍റി20 ലോകകപ്പിനു മുൻപ് ഏകദിന ക്രിക്കറ്റിലും സീനിയർ താരങ്ങൾക്ക് വിശ്രമം നൽകിയിരുന്നു. അതുപോലെ ഏകദിന ലോകകപ്പ് നടക്കാനുള്ളതുകൊണ്ട് കഴിഞ്ഞ വർഷം ട്വന്‍റി20 മത്സരങ്ങളിൽ മുതിർന്ന താരങ്ങൾക്ക് ബ്രേക്ക് അനുവദിക്കുകയായിരുന്നു എന്നും അഗാർക്കർ വിശദീകരിച്ചു.

താൻ ട്വന്‍റി20 ക്രിക്കറ്റ് കളിക്കാതിരുന്ന കാലത്ത് അജിത് അഗാർക്കർ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ആയിരുന്നില്ല എന്ന രോഹിത് ശർമയും കൂട്ടിച്ചേർത്തു. അതിനാൽ അന്നു ചർച്ച ചെയ്യപ്പെട്ട കാര്യങ്ങൾ പൂർണമായി അദ്ദേഹത്തിന് അറിവുണ്ടാകണമെന്നില്ല. ഇക്കാര്യങ്ങളെല്ലാം വ്യക്തമായ ചർച്ചയുടെ അടിസ്ഥാനത്തിൽ തീരുമാനിക്കപ്പെട്ടതാണെന്നും രോഹിത് പറഞ്ഞു.

''ഞാൻ ക്യാപ്റ്റൻസിയിലേക്ക് തിരിച്ചു വന്നതല്ല. ഞാൻ മുൻപും ക്യാപ്റ്റനായിരുന്നു. ക്യാപ്റ്റൻസി ഒഴിവാക്കിയ ശേഷം തിരിച്ചെടുത്തതല്ല. അതുപോലെ, ക്യാപ്റ്റനല്ലാതെയും കളിച്ചിട്ടുണ്ട്. പല ക്യാപ്റ്റൻമാർക്കു കീഴിലും കളിച്ചിട്ടുണ്ട്. അതൊന്നും എനിക്ക് വലിയ കാര്യങ്ങളല്ല'', ഉപചോദ്യങ്ങൾക്കു മറുപടിയായി രോഹിത് വിശദീകരിച്ചു.

ഐപിഎല്ലിനു മുൻപേ ലോകകപ്പ് ടീം ചർച്ച ചെയ്തിരുന്നു

ലോകകപ്പ് ടീം തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചർച്ചകൾ ഐപിഎൽ സീസണിനു മുൻപു തന്നെ ആരംഭിച്ചിരുന്നതാണെന്ന് അജിത് അഗാർക്കർ. ഐപിഎല്ലിലേതു പോലെ ലോകകപ്പിലും 220-230 റൺസൊക്കെ സാധാരണ സ്കോർ ആയാൽപ്പോലും ആവശ്യമായ ബാറ്റിങ് പവർ നമുക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരൊക്കെ ടീമിലുണ്ടാകുമെന്ന് ഐപിഎല്ലിനു മുൻപു തന്നെ ഏറെക്കുറെ ധാരണയായിരുന്നു എന്ന് രോഹിതും വ്യക്തമാക്കി.

ദുബെയെ എടുത്തത് ഓൾറൗണ്ടറായി

പേസ് ബൗളിങ് ഓൾറൗണ്ടർ എന്ന നിലയിൽ തന്നെയാണ് ശിവം ദുബെയെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്, ലോവർ ഓർഡർ ഹിറ്റർ എന്ന നിലയിൽ മാത്രമല്ല. റെഡ് ബോൾ ക്രിക്കറ്റിൽ പതിവായി പന്തെറിയുന്നയാളാണ് ദുബെ. ഇത്തവണ ഐപിഎല്ലിൽ ദൗർഭാഗ്യവശാൽ അതിനുള്ള അവസരങ്ങൾ അധികം ലഭിച്ചില്ലെന്നു മാത്രം. ബൗളിങ് വിഭാഗം കൂടി പരിഗണിച്ചാണ് ദുബെയെ ഉൾപ്പെടുത്തിയിരിക്കുന്നത്.

അശ്വിനെയും പരിഗണിച്ചിരുന്നു

രവീന്ദ്ര ജഡേജയെ കൂടാതെ സ്പിൻ ബൗളിങ് ഓൾറൗണ്ടറായി പരിഗണിച്ചത് അക്ഷർ പട്ടേലിനെയും ആർ. അശ്വിനെയുമാണ്. നിലവിലുള്ള മികച്ച ഫോമിന്‍റെ അടിസ്ഥാനത്തിലാണ് അശ്വിനു മേൽ അക്ഷറിന് ആനുകൂല്യം ലഭിച്ചത്. ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ അക്ഷർ പ്ലെയർ ഓഫ് ദ സീരീസുമായിരുന്നു.

ടീമിൽ ഓഫ് സ്പിന്നർ ഇല്ലാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായാണ് രോഹിത് ഇതു പറഞ്ഞത്.

കോലിയുടെ സ്ട്രൈക്ക് റേറ്റ് ചർച്ചാവിഷയമല്ല

ടി20 ക്രിക്കറ്റിന് ആവശ്യമായ സ്ട്രൈക്ക് റേറ്റ് വിരാട് കോലിക്ക് ഉണ്ടോ എന്ന ചോദ്യത്തിന്, അത് ചർച്ച ചെയ്യേണ്ട ആവശ്യം പോലുമില്ലെന്ന മറുപടിയാണ് അഗാർക്കർ നൽകിയത്. ഇത്രയേറെ പരിചയസമ്പത്തുള്ള കോലിക്ക് ഓരോ സാഹചര്യത്തിലും എങ്ങനെയൊക്കെ കളിക്കണമെന്ന് വ്യക്തമായി അറിയാം എന്ന് രോഹിതും പറഞ്ഞു.

നാലു സ്പിന്നർമാർ അത്യാവശ്യം; കാരണം ഇപ്പോൾ‌ വെളിപ്പെടുത്താനാവില്ല

രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ എന്നിങ്ങനെ നാലു സ്പിന്നർമാരെ ടീമിൽ ഉൾപ്പെടുത്തിയപ്പോൾ അന്താരാഷ്ട്ര ടി20യിൽ മികച്ച റെക്കോഡുള്ള റിങ്കു സിങ് പുറത്തായി. ഇതെക്കുറിച്ചുള്ള ചോദ്യത്തിന്, നാലു സ്പിന്നർമാർ അത്യാവശ്യമാണെന്നാണ് രോഹിത് ശർമ മറുപടി നൽകിയത്.

വെസ്റ്റിൻഡീസിലെ പിച്ചുകളുടെ സ്വഭാവം ഇപ്പോൾ പ്രവചിക്കാനാവില്ല. സ്പിന്നർമാരിൽ ആരൊക്കെ കളിക്കുമെന്നോ എങ്ങനെയാണ് കോംബിനേഷൻ എന്നോ ഇപ്പോൾ പറയാനാവില്ല. ലോകകപ്പ് വേദിയിൽ എത്തിയ ശേഷം പറയും. കുൽദീപ് കളിക്കാതിരിക്കാം, ചഹൽ കളിക്കാതിരിക്കാം. മറ്റു ടീമുകളും ഇതു ശ്രദ്ധിക്കുന്നതിനാൽ അത്തരം കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും ക്യാപ്റ്റൻ.

റിങ്കു സിങ്ങിനെ പതിനഞ്ചംഗ ടീമിൽ ഉൾപ്പെടുത്താതിരുന്നത് കടുത്ത തീരുമാനമായിരുന്നു എന്നറിയാം. ടീമിൽ നിന്നു പുറത്തായത് അവന്‍റെ തെറ്റുമല്ല. എന്നാൽ, അവനെ പൂർണമായി ഒഴിവാക്കിയിട്ടില്ല. ട്രാവലിങ് റിസർവായി റിങ്കുവും ടീമിനൊപ്പമുണ്ടാകുമെന്ന് രോഹിത് പറഞ്ഞു.

പാണ്ഡ്യ മികച്ച ഓപ്ഷൻ

ഹാർദിക് പാണ്ഡ്യ ഇന്ത്യയിലെ മികച്ച ഓൾറൗണ്ടറാണ്. കായികക്ഷമതയുള്ള അവസ്ഥയിൽ ഹാർദികിന് പകരം വയ്ക്കാൻ ആളില്ല. ടീമിന്‍റെ ബാലൻസിന് അങ്ങനെയൊരു ഓൾറൗണ്ടർ അനിവാര്യമാണ്. അദ്ദേഹം നേരത്തെ തന്നെ ടീമിന്‍റെ വൈസ് ക്യാപ്റ്റനായിരുന്നു എന്നും രോഹിത് ശർമ. ഫോമിൽ അല്ലാത്ത ഹാർദിക് പാണ്ഡ്യയെ ടീമിൽ ഉൾപ്പെടുത്തുകയും വൈസ് ക്യാപ്റ്റനാക്കുകയും ചെയ്തതിനെക്കുറിച്ചുള്ള ചോദ്യത്തോടുള്ള പ്രതികരണം. ടീമിന്‍റെ കോർ നിലനിർത്താൻ ആഗ്രഹിച്ചിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുലിനെ ഒഴിവാക്കിയത്

ലോവർ ഓർഡറിൽ ബാറ്റ് ചെയ്യാനുള്ള ശേഷി കണക്കിലെടുത്താണ് ഋഷഭ് പന്തിനെയും സഞ്ജു സാംസണെയും ടീമിൽ ഉൾപ്പെടുത്തുകയും കെ.എൽ. രാഹുലിനെ ഒഴിവാക്കുകയും ചെയ്തതെന്ന് സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ.

മധ്യ ഓവറുകളിൽ സ്ട്രൈക്ക് റേറ്റ് ഉയർത്താൻ കഴിവുള്ള ബാറ്റർമാർ ആവശ്യമാണ്. കെ.എൽ. നിലവിൽ ടോപ് ഓർഡറിലാണ് കളിക്കുന്നത്. മിഡിൽ ഓർഡർ ഓപ്ഷനുകളാണ് പരിഗണിച്ചതെന്നും അഗാർക്കർ.

logo
Metro Vaartha
www.metrovaartha.com