

രോഹിത് ശർമ
ന‍്യൂഡൽഹി: ഐസിസി ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത‍്യയുടെ മുൻ ക‍്യാപ്റ്റൻ രോഹിത് ശർമ. 38-ാം വയസിൽ കരിയറിൽ ആദ‍്യമായാണ് താരം ഒന്നാം സ്ഥാനതെത്തുന്നത്. ഓസീസിനെതിരായ ഏകദിന പരമ്പരയിലെ മികവാർന്ന പ്രകടനമാണ് രോഹിത്തിനെ നമ്പർ വണ്ണാക്കിയത്.
രണ്ടാം ഏകദിനത്തിൽ അർധസെഞ്ചുറിയും മൂന്നാം ഏകദിനത്തിൽ സെഞ്ചുറിയും അടക്കം 202 റൺസ് പരമ്പരയിൽ താരം അടിച്ചെടുത്തിരുന്നു. ഇതോടെ ഒന്നാം സ്ഥാനത്തു നിന്ന ഇന്ത‍്യൻ ക‍്യാപ്റ്റൻ ശുഭ്മൻ ഗിൽ മൂന്നാം സ്ഥാനത്തായി.
നിലവിൽ 781 റേറ്റിങ് പോയിന്‍റുണ്ട് രോഹിത് ശർമയ്ക്ക്. 764 പോയിന്‍റുമായി അഫ്ഗാനിസ്ഥാൻ താരം ഇബ്രാഹിം സദ്രാനാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. രോഹിത് ശർമയ്ക്കും ഗില്ലിനും പുറമെ ശ്രേയസ് അയ്യർ, വിരാട് കോലി എന്നിവരാണ് പട്ടികയിൽ ആദ‍്യ പത്തിൽ ഇടം പിടിച്ച ഇന്ത‍്യൻ താരങ്ങൾ.