
ബംഗളൂരു: ഏകദിന ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സിക്സർ എന്ന റെക്കോഡ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കൻ താരം എബ്രഹാം ഡിവില്ലിയേഴ്സ് 2015ൽ നേടിയ 58 സിക്സറാണ് ലോകകപ്പിൽ നെതർലൻഡ്സിനെതിരായ മത്സരത്തിൽ രോഹിത് ശർമ 59 ആയി മെച്ചപ്പെടുത്തിയത്.
വെസ്റ്റിൻഡീസിന്‍റെ ക്രിസ് ഗെയിൻ ഒറ്റ വർഷം 56 സിക്സറും പാക്കിസ്ഥാന്‍റെ ഷാഹിദ് അഫ്രീദി 48 സിക്സറും നേടിയിട്ടുണ്ട്.
രോഹിത് ഈ വർഷം നേടിയ 59 സിക്സറുകളിൽ 23 എണ്ണവും ഈ ലോകകപ്പിൽ തന്നെയാണ്. ഇതോടെ, ഒറ്റ ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സറടിക്കുന്ന ക്യാപ്റ്റൻ എന്ന റെക്കോഡും സ്വന്തം. 2019ൽ ഇംഗ്ലണ്ട് ക്യാപ്റ്റനായിരുന്ന ഓയിൻ മോർഗൻ സ്ഥാപിച്ച റെക്കോഡാണ് ഇന്ത്യൻ നായകൻ തിരുത്തിക്കുറിച്ചത്.
നെതർലൻഡ്സിനെതിരായ മത്സരത്തിൽ 54 പന്തിൽ 64 റൺസെടുത്ത രോഹിത്തിന്‍റെ ഇന്നിങ്സിൽ എട്ട് ഫോറും രണ്ടു സിക്സും ഉൾപ്പെടുന്നു.