

രോഹിത് ശർമ
മുംബൈ: ടെസ്റ്റും ടി20യും മതിയാക്കി 39ാം വയസിൽ ഏകദിനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടുപോകുകയാണ് മുൻ ഇന്ത‍്യൻ ക‍്യാപ്റ്റൻ രോഹിത് ശർമ. 2027ൽ ദക്ഷിണാഫ്രിക്കയിൽ വച്ചു നടക്കുന്ന ഏകദിന ലോകകപ്പിൽ താരം കളിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
എന്നാൽ ഇത് സംബന്ധിച്ച് സൂചന നൽകിയിരിക്കുകയാണ് താരം. 'നിലവിൽ ശുഭ്മൻ ഗില്ലാണ് എന്‍റെ ക‍്യാപ്റ്റൻ. എനിക്ക് 2027ലെ ലോകകപ്പ് കളിക്കണം. അതിനാൽ അവനെ എനിക്ക് സന്തോഷവാനാക്കണം'. രോഹിത് പറഞ്ഞു.
ഒരു റിയാലിറ്റി ഷോയ്ക്കിടെയായിരുന്നു രോഹിത് ഇക്കാര‍്യം വ‍്യക്തമാക്കിയത്. 2027ന് ശേഷം ടി20 ക്രിക്കറ്റിലേക്ക് തിരിച്ചുവരണമെങ്കിൽ ശ്രേയസ് അയ്യരെയും ഞാൻ സന്തോഷിപ്പിച്ച് നിർത്തേണ്ടിവരും. അതിനാൽ എനിക്ക് അവർ രണ്ടുപേരെയും ആവശ‍്യമാണ്. രോഹിത് തമാശ രൂപേണ പറഞ്ഞു.
2026ൽ 12 ഏകദിന മത്സരങ്ങൾ കളിച്ച രോഹിത് ശർമയ്ക്ക് 50.33 ബാറ്റിങ് ശരാശരിയുണ്ട്. താരത്തിന് ലോകകപ്പ് ടീമിലേക്ക് ഇടം ലഭിക്കാനുള്ള സാധ‍്യത തള്ളി കളയാനാവില്ല. ഫോമും സ്ഥിരതയുമായിരിക്കും ബിസിസിഐ പരിഗണിക്കുക.
ലോകകപ്പുകളിൽ 28 മത്സരങ്ങളിൽ നിന്നും 7 സെഞ്ചുറിയും 6 അർധസെഞ്ചുറിയും നേടിയിട്ടുള്ള താരത്തിന് 60.57 ബാറ്റിങ് ശരാശരിയുണ്ട്. എന്നാൽ ദക്ഷിണാഫ്രിക്കയിൽ രോഹിത്തിന്‍റെ ബാറ്റിങ് ശരാശരി അത്ര മികച്ചതല്ല. വിദേശ സാഹചര‍്യങ്ങളിലാകട്ടെ 121 മത്സരങ്ങളിൽ നിന്നും 41.63 ആണ് രോഹിത്തിന്‍റെ ബാറ്റിങ് ശരാശരി.