

ഗൗതം ഗംഭീർ, രോഹിത് ശർമ
മുംബൈ: രോഹിത് ശർമയെ ഇന്ത‍്യൻ ടീമിന്‍റെ ഏകദിന ക‍്യാപ്റ്റൻ സ്ഥാനത്തു നിന്നും നീക്കിയതിന് പിന്നിൽ ടീമിന്‍റെ മുഖ‍്യപരിശീലകൻ ഗൗതം ഗംഭീറാണെന്ന് മുൻ ഇന്ത‍്യൻ താരം മനോജ് തിവാരി.
ഇന്ത‍്യൻ ടീം സെലക്റ്റർ അജിത് അഗാർക്കറിനെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിക്കാൻ ഗംഭീർ സ്വാധീനം ചെലുത്തിയിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. അഗാർക്കറിന് തീരുമാനങ്ങൾ ഒറ്റയ്ക്ക് എടുക്കാൻ സാധിക്കില്ലെന്നും ഗംഭീറിന് ഇതിൽ പങ്കുണ്ടാവുമെന്നാണ് മനോജ് തിവാരിയുടെ വാദം. നേരത്തെയും ഗംഭീറിനെതിരേ വിമർശനവുമായി മനോജ് തിവാരി രംഗത്തെത്തിയിട്ടുണ്ട്.
'ക‍്യാപ്റ്റൻസിയിൽ നിന്നും രോഹിത്തിനെ മാറ്റാനുള്ള യഥാർഥ കാരണം എന്താണെന്ന് എനിക്ക് അറിയില്ല. അഗാർക്കർ ഒരു തീരുമാനമെടുത്താൽ അതിൽ നിന്നും പിന്നോട്ടു പോകാത്ത ആളാണ്. എന്നാൽ ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ അഗാർക്കറെ ആരെങ്കിലും നിർബന്ധിച്ചോയെന്നാണ് അറിയാനുള്ളത്. രോഹിത്തിനെ ക‍്യാപ്റ്റൻ സ്ഥാനത്തു നിന്നും നീക്കിയതിൽ ഗംഭീറിനും അഗാർക്കറിനും ഒരുപോലെ ഉത്തരവാദിത്ത്വമുണ്ട്'. മനോജ് തിവാരി പറഞ്ഞു