
രോഹിത് ശർമ
മുംബൈ: ഒരു ദശാബ്ദത്തിന്‍റെ ഇടവേളയ്ക്കു ശേഷമായിരുന്നു ഓസ്ട്രേലിയ ഇന്ത‍്യയിൽ നിന്നു ബോർഡർ ഗവാസ്കർ ട്രോഫി തിരിച്ചുപിടിച്ചത്. എക്കാലത്തും മികച്ച താരനിരയുള്ള ഓസീസിന് ഇത്തവണ വിജയം നേടിക്കൊടുത്തതിൽ മുഖ‍്യപങ്കുവഹിച്ചത് നായകൻ പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക് എന്നിവർ അടങ്ങുന്ന മികവുറ്റ ബൗളിങ് നിരയായിരുന്നു.
5 മത്സരങ്ങളടങ്ങിയ പരമ്പര 3-1 ന് ആയിരുന്നു ഓസീസ് വിജയം നേടിയത്. ഇപ്പോഴിതാ ഓസ്ട്രേലിയൻ ടീമിൽ നേരിടാൻ ഏറ്റവും ബുദ്ധിമുട്ടേറിയ താരം ആരാണെന്ന ചോദ‍്യത്തിനു മറുപടി നൽകിയിരിക്കുകയാണ് ഇന്ത‍്യൻ നായകൻ രോഹിത് ശർമ.
പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക് തുടങ്ങിയ ആക്രമണകാരികളായ താരങ്ങളല്ല അതെന്നുള്ളതാണ് ഏറെ കൗതുകകരമായ കാര‍്യം. ജോഷ് ഹേസിൽവുഡിനു പകരകാരനായി ടീമിലെത്തിയ പേസർ സ്കോട്ട് ബോലാൻഡിനെയാണ് രോഹിത് ശർമ നേരിടാൻ ഏറ്റവും ബുദ്ധിമുട്ടേറിയ ബൗളറായി വിലയിരുത്തുന്നത്.
ബോലാൻഡിന്‍റെ ബൗളിങ് ആംഗിളുകൾ വളരെ മികച്ചതായിരുന്നുവെന്നും ബോലാൻഡിനെതിരേ റൺസ് കണ്ടെത്തുന്നതിനായി ഇന്ത‍്യൻ ടീം പിച്ച് മാപ്പ് തയാറാക്കി വിശകലനം ചെയ്തെന്നുമാണ് രോഹിത് ശർമ വെളിപ്പെടുത്തിയിരിക്കുന്നത്.
''ബോലാൻഡിന്‍റെ ബൗളിങ് ആംഗിൾ വെല്ലുവിളി ഉയർത്തി. ബാറ്റർമാരെ സ്വതന്ത്രമായി ഷോട്ടുകൾ കളിക്കാൻ ബോലാൻഡ് അനുവദിച്ചില്ല. ഫുൾ ലെംഗ്ത് പന്തുകൾ അദ്ദേഹത്തിൽ നിന്നു ലഭിച്ചിരുന്നില്ല'', രോഹിത് ശർമ പറഞ്ഞു.
പരമ്പരയിൽ മൂന്നു മത്സരങ്ങളിൽ നിന്ന് 21 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഇതോടെ പരമ്പരയിൽ കൂടുതൽ വിക്കറ്റുകൾ സ്വന്തമാക്കിയ മൂന്നാമത്തെ താരമായി ബോലാൻഡ് മാറി.
ഇന്ത‍്യൻ താരം വിരാട് കോലിയെയും ബോലാൻഡ് വിറപ്പിച്ചിരുന്നു. 5 ഇന്നിങ്സുകളിൽ 4 തവണയാണ് ബോലാൻഡ് കോലിയെ പുറത്താക്കിയത്.
32-ാം വയസിൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ബോലാൻഡ് 13 മത്സരങ്ങളിൽ നിന്നും 56 വിക്കറ്റുകൾ നേടിയിട്ടുണ്ട്.