രോഹിത് ശര്‍മ ചെന്നൈ ജഴ്‌സിയണിയും!

ഹാര്‍ദിക് മുംബൈയിലേക്ക് വരുന്നത് തന്നെ വലിയ സമ്മര്‍ദ്ദമാണ്.
രോഹിത് ശര്‍മ ചെന്നൈ ജഴ്‌സിയണിയും!

ഐപിഎല്ലിന്‍റെ തുടക്കത്തില്‍ തന്നെ വലിയ വിവാദമായി മാറിയ സംഭവമായിരുന്നു രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും മാറ്റിയത്. രോഹിത്തിനെ മാറ്റി പകരം ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയ തീരുമാനത്തോട് ആരാധകര്‍ക്ക് കടുത്ത എതിര്‍പ്പാണ് ഉയര്‍ന്നു വന്നത്. രോഹിത് ശര്‍മയും ടീമിലെ മറ്റ് പല സീനിയര്‍ താരങ്ങളും ഈ തീരുമാനത്തില്‍ അസംതൃപ്തരാണെന്ന്റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ഇതിനിടെയാണ് ഈ സീസണോടെ രോഹിത് ശര്‍മ മുംബൈ ടീം വിടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. സോഷ്യല്‍ മീഡിയയും ക്രിക്കറ്റ് പണ്ഡിതരുമെല്ലാം ഇപ്പോള്‍ രണ്ട് തട്ടിലാണുള്ളത്. രോഹിത് ശര്‍മയെ നായകസ്ഥാനത്തു നിന്നും മാറ്റിയതിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും. രോഹിത് മുംബൈയില്‍ തുടരേണ്ടതില്ലെന്നാണ് താരത്തിന്‍റെ കടുത്ത ആരാധകരുടെ വാദം.

അങ്ങനെയെങ്കില്‍ രോഹിത് പോകേണ്ടത് ഏത് ടീമിലേക്കാണെന്ന ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോഴിതാ ഈ ചര്‍ച്ചയില്‍ തന്‍റെ അഭിപ്രായം പങ്കുവച്ച് എത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കിള്‍ വോണ്‍. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വോണ്‍ മനസ് തുറന്നത്. രോഹിത് ശര്‍മ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് പോകണമെന്നാണ് വോണ്‍ പറയുന്നത്.

''അദ്ദേഹം ചെന്നൈയിലേക്ക് പോകുമോ? ധോണിയ്ക്ക് പകരക്കാരനാകുമോ? ഈ വര്‍ഷം ഗെയ്ഗ്‌വാദ് ആണ് നായകന്‍. ഒരുപക്ഷെ അടുത്ത വര്‍ഷം രോഹിത്തിനായി മാറ്റിവെക്കുന്നതാകാം. ഞാന്‍ അദ്ദേഹത്തെ ചെന്നൈയില്‍ കാണുന്നുണ്ട്'' എന്നാണ് വോണ്‍ പറഞ്ഞത്. അതേസമയം മുംബൈയിലെ ക്യാപ്റ്റന്‍സിയെ ചൊല്ലിയുള്ള തര്‍ക്കങ്ങളിലും വോണ്‍ അഭിപ്രായം അറിയിക്കുന്നുണ്ട്. ''വ്യക്തിപരമായി ഞാന്‍ രോഹിത്തിനെ തന്നെ നായകനായി നിര്‍ത്തിയേനെ. ഹാര്‍ദിക് മുംബൈയിലേക്ക് വരുന്നത് തന്നെ വലിയ സമ്മര്‍ദ്ദമാണ്. രോഹിത് ഉറപ്പായും ട്വന്‍റി-20യില്‍ ഇന്ത്യയുടെ നായകനാകും'' എന്നാണ് വോണ്‍ പറഞ്ഞത്.

ഗുജറാത്ത് ടൈറ്റന്‍സിനെ നയിച്ച രണ്ട് സീസണിലും ഐപിഎല്ലിന്‍റെ ഫൈനലിലെത്തിച്ച നായകനാണ് ഹാര്‍ദിക് പാണ്ഡ്യ. തങ്ങളുടെ ആദ്യ സീസണില്‍ തന്നെ ഗുജറാത്തിനെ വിജയികളാക്കാനും പാണ്ഡ്യയ്ക്ക് സാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുംബൈ ഹാര്‍ദിക്കിനെ തിരികെ തങ്ങളുടെ തട്ടകത്തിലേക്ക് കൊണ്ടുവരുന്നത്. പക്ഷെ രോഹിത്തിനെ മാറ്റി ഹാര്‍ദിക്കിനെ നായകനാക്കാനുള്ള തീരുമാനം വലിയ വിവാദമായി മാറുകയായിരുന്നു. മുംബൈ ടീമിലെ സീനിയര്‍ താരങ്ങളും ഈ തീരുമാനത്തിന് എതിരാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തന്നെ മാറ്റിയതില്‍ രോഹിത് ശര്‍മയും സന്തുഷ്ടനല്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായി. രോഹിത് ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ലെങ്കിലും രോഹിത്തിന്‍റെ ഭാര്യ റിതികയുടെ പ്രതികരണം വലിയ ചര്‍ച്ചയായിരുന്നു. അതേസമയം മുംബൈ നായകനായുള്ള ഹാര്‍ദിക് പാണ്ഡ്യയുടെ ആദ്യ മത്സരത്തില്‍ ആരാധകര് താരത്തെ വരവേറ്റത് കൂവലുകളോടെയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com