രോഹിത്, ജയ്സ്വാൾ, പന്ത് രണ്ടാം ഇന്നിങ്സിലും വീണു; ഡൽഹി തോറ്റു

സൗരാഷ്ട്രക്കു വേണ്ടി കളിക്കുന്ന മറ്റൊരു ഇന്ത്യൻ താരം രവീന്ദ്ര ജഡേജ 12 വിക്കറ്റുമായി ഉജ്വല ബൗളിങ് പ്രകടനം പുറത്തെടുത്തു
Rishabh Pant
ഋഷഭ് പന്ത്
Updated on

മുംബൈ: രഞ്ജി ട്രോഫി കളിക്കാനിറങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ, രോഹിത് ശർമയ്ക്കും യശസ്വി ജയ്സ്വാളിനും ഋഷഭ് പന്തിനും രണ്ടാം ഇന്നിങ്സിലും നിരാശ. രോഹിതിനെയും ജയ്സ്വാളിനെയും കൂടാതെ അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യർ, ശിവം ദുബെ, ശാർദൂൽ ഠാക്കൂർ എന്നിവരും ഉൾപ്പെടുന്ന മുംബൈ ടീം ദുർബലരായ ജമ്മു കശ്മീരിനെതിരേ പതറുന്ന കാഴ്ചയായിരുന്നു മത്സരത്തിന്‍റെ രണ്ടാം ദിനം.

ആദ്യ ഇന്നിങ്സിൽ മൂന്ന് റൺസിനു പുറത്തായ രോഹിത് ശർമയുടെ രണ്ടാം ഇന്നിങ്സിലെ സംഭാവന 28 റൺസാണ്. ആദ്യ ഇന്നിങ്സിൽ 4 റൺസെടുത്ത ജയ്സ്വാൾ രണ്ടാം ഇന്നിങ്സിൽ 26 റൺസിനും പുറത്തായി. പേസ് ബൗളർ യുധ്‌വീർ സിങ്ങാണ് ഇരുവരുടെയും വിക്കറ്റ് സ്വന്തമാക്കിയത്.

120 റൺസാണ് ആദ്യ ഇന്നിങ്സിൽ മുംബൈ നേടിയത്. ഇതിനെതിരേ ജമ്മു കശ്മീർ 206 റൺസ് എടുത്തതോടെ അവർക്ക് 86 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ് കിട്ടി. കളി അവസാനിക്കാൻ രണ്ടു ദിവസം ശേഷിക്കെ മുംബൈ രണ്ടാം ഇന്നിങ്സിലും തകർച്ച നേരിട്ടിരുന്നു. ഒരു ഘട്ടത്തിൽ 101 റൺസെടുക്കുന്നതിനിടെ ഏഴ് വിക്കറ്റ് നഷ്ടമായ അവരെ പക്ഷേ, ശാർദൂൽ ഠാക്കൂറും (113*) തനുഷ് കൊടിയാനും (58*) ഒരുമിച്ച 173 റൺസിന് പിരിയാത്ത എട്ടാം വിക്കറ്റ് കൂട്ടുകെട്ട് കരകയറ്റി.

ആദ്യ ഇന്നിങ്സിലും 51 റൺസുമായി ശാർദൂൽ ഠാക്കൂർ മുംബൈയുടെ ടോപ് സ്കോററായിരുന്നു. രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ 274/7 എന്ന നിലയിലാണ് മുംബൈ.

അതേസമയം, സൗരാഷ്ട്രക്കെതിരേ ഡൽഹിക്കു വേണ്ടി കളിക്കുന്ന ഋഷഭ് പന്ത് ആദ്യ ഇന്നിങ്സിലെ ഒരു റണ്ണിനു പിന്നാലെ രണ്ടാം ഇന്നിങ്സിൽ 17 റൺസെടുത്ത് പുറത്തായി. എന്നാൽ, സൗരാഷ്ട്രക്കു വേണ്ടി ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നേടിയ മറ്റൊരു ഇന്ത്യൻ താരം രവീന്ദ്ര ജഡേജ രണ്ടാം ഇന്നിങ്സിൽ ഏഴ് വിക്കറ്റ് കൂടി വീഴ്ത്തി.

ബാറ്റ് ചെയ്യാനിറങ്ങിയപ്പോൾ 36 പന്തിൽ 38 റൺസും ജഡേജ നേടിയിരുന്നു. മൂന്നാം നമ്പറിലിറങ്ങിയ മുൻ ഇന്ത്യൻ താരം ചേതേശ്വർ പുജാര ആറ് റൺസിനു പുറത്തായി.

ആദ്യ ഇന്നിങ്സിൽ 188 റൺസിന് ഓൾഔട്ടായ ഡൽഹിക്ക് രണ്ടാം ഇന്നിങ്സിൽ വെറും 94 റൺസാണ് നേടാനായത്. സൗരാഷ്ട്രക്കു ജയിക്കാൻ ആവശ്യമുണ്ടായിരുന്ന 12 റൺസ് വിക്കറ്റ് നഷ്ടമില്ലാതെ അവർ നേടിയതോടെ പത്ത് വിക്കറ്റ് ജയവും ബോണസ് പോയിന്‍റും സ്വന്തം. ജഡേജയാണ് പ്ലെയർ ഓഫ് ദ മാച്ച്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com