റൊമാരിയോ റിട്ടേൺസ്

മകൻ റൊമാരീഞ്ഞോയുൾപ്പെടെ യുവതാരങ്ങളെ അമ്പരപ്പിച്ച റൊമാരിയോ മൈതാനത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ ഗോളുകൾ നേടി
Romario
Romario

സാവോപോളോ: വിരമിച്ച് 16 വർഷത്തിനുശേഷവും തന്‍റെ കാലുകളിൽ നിന്നു ഫുട്ബോൾ മാന്ത്രികത നഷ്ടമായിട്ടില്ലെന്നു തെളിയിച്ച് ബ്രസീലിയൻ ഇതിഹാസം റൊമാരിയോ. താൻ പ്രസിഡന്‍റായ റയോ ഡി ഷാനിറോ ക്ലബ് അമെരിക്കയ്ക്കായി കളത്തിലിറങ്ങിയ റൊമാരിയോ യുവതാരങ്ങളെ അമ്പരപ്പിച്ച് രണ്ടു ഗോളുകൾ നേടി. കഴിഞ്ഞ ദിവസം പരിശീലന മത്സരത്തിലായിരുന്നു അമ്പത്തെട്ടുകാരനായ റൊമാരിയോയുടെ പ്രകടനം. മകൻ റൊമാരീഞ്ഞോയുൾപ്പെടെ യുവതാരങ്ങളെ അമ്പരപ്പിച്ച റൊമാരിയോ മൈതാനത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ ഗോളുകൾ നേടി കാലുകളുടെ വേഗവും മികവും നഷ്ടമായിട്ടില്ലെന്നു തെളിയിച്ചു.

1994 ലോകകപ്പ് വിജയിച്ച ബ്രസീൽ ടീമിന്‍റെ പ്രധാന സ്ട്രൈക്കറായിരുന്നു റൊമാരിയോ. ഈ വർഷം റയോ സെക്കൻഡ് ഡിവിഷൻ ചാംപ്യൻ ഷിപ്പിൽ റൊമാരിയോയുടെ ടീം കളിക്കും. മകനൊപ്പം കളിക്കുകയാണു തന്‍റെ ഏറ്റവും വലിയ ആഗ്രഹമെന്നു റൊമാരിയോ പറഞ്ഞു. നിരവധി പേർ ഇതേ ആഗ്രഹം പങ്കുവയ്ക്കുന്നുണ്ട്. ലെബ്രോൺ ജയിംസ് അടുത്തവർഷം മകനൊപ്പം ടീമിൽ കളിക്കാൻ പരിശീലനം തുടങ്ങി. റിവാൾഡോയും ഇതേ ലക്ഷ്യത്തിൽ നീങ്ങുകയാണ്- റൊമാരിയോ പറഞ്ഞു.

പെലെയും സീക്കോയും മരിയോ സഗല്ലോയും ഉൾപ്പെടെ മുൻ താരങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ചിട്ടുള്ള റൊമാരിയോ തന്‍റെ പ്രകടനത്തെയും വെറുതേവിടുന്നില്ല. ''ഞാൻ ക്ഷീണിതനാണ്. വൈകാതെ സ്ട്രച്ചർ കൊണ്ടുവന്ന് എന്നെ കൊണ്ടുപോകേണ്ടിവരും. 16 വർഷമായി ഒരു പരിശീലനവുമില്ലാതിരുന്നതല്ലേ. ഓടാൻ പറ്റുന്നില്ല. ചാംപ്യൻഷിപ്പിലെ എല്ലാ മത്സരങ്ങളിലും കളിക്കാനോ മത്സരങ്ങളിൽ മുഴുവൻ സമയവും മൈതാനത്തിറങ്ങാനോ ഞാനുണ്ടാവില്ല. തെരഞ്ഞെടുത്ത മത്സരങ്ങളിൽ ഏതാനും സമയം കളിയിലുണ്ടാകും''- റൊമാരിയോ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com