ബോളിങ്ങിൽ തിളങ്ങി, ബാറ്റിങ്ങിൽ പതറി; രാജസ്ഥാന് തോൽവി

സ്കോർ ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് 20 ഓവറിൽ 154/7 രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ 144/6.
ബോളിങ്ങിൽ തിളങ്ങി, ബാറ്റിങ്ങിൽ പതറി; രാജസ്ഥാന് തോൽവി
Updated on

ജയ്പുർ: ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്‍റ്സിനോട് 10 റണ്‍സിന് തോറ്റ് രാജസ്ഥാന്‍ റോയല്‍സ്. 155 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന റോയല്‍സ് സ്വന്തം തട്ടകത്തിൽ അടിയറവ് പറയേണ്ടിവന്നു. ബോളിങ്ങിൽ മികച്ച പ്രകടനം കാഴ്‌ചവച്ച രാജസ്ഥാൻ ബാറ്റിങ്ങിൽ അവസാന ഓവറുകളിൽ തളർന്ന് പോവുകയായിരുന്നു. സ്കോർ ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് 20 ഓവറിൽ 154/7 രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ 144/6.

തോറ്റെങ്കിലും ആറ് മത്സരങ്ങളിൽ നാല് വിജയവും രണ്ടു തോൽവിയുമടക്കം ആറ് പോയിന്റുമായി ഒന്നാം സ്ഥാനം നിലനിർത്തി. ലഖ്‌നൗ ജയത്തോടെ ആറ് പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. റൺറേറ്റിലെ മികവാണ് രാജസ്ഥാനെ ഒന്നാമതു നിലനിർത്തുന്നത്.

യശസ്വി ജയ്‍സ്വാളും ജോസ് ബട്‍ലറും തുടക്കത്തിൽ മികച്ച പ്രകടനം കാഴ്‌ചവച്ചെങ്കിലും പിന്നീട് വന്ന ബാറ്റർമാർ സ്കോർ ഉയർത്താൻ പാടുപെടുകയായിരുന്നു. പന്ത്രണ്ടാം ഓവറിൽ ജയ്‍സ്വാളിനെ വീഴ്ത്തി ലഖ്‌നൗ രാജസ്ഥാൻ്റെ കൂട്ടുകെട്ട് തകർത്തപ്പോൾ ജയിക്കാൻ വേണ്ടത് 74 റൺസായിരുന്നു. 35 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പടെ 44 റണ്‍സ് നേടിയ ജയ്‌സ്വാളിനെ പുറത്താക്കിയത് മാര്‍ക്കസ് സ്റ്റോയിനിസായിരുന്നു. ശേഷം ഇറങ്ങിയ നായകന്‍ സഞ്ജു സാംസണിനും ജോസ് ബട്‍ലർക്ക് പിന്തുണ നൽകാനായില്ല. 4 റൺസിൽ നിൽക്കെ സഞ്ജു സാംസൺ റൺഔട്ടിലൂടെ പുറത്തായി.

പതിനാലാം ഓവറിൽ സ്റ്റോയിനിസിൻ്റെ പന്തിൽ ബട്‍ലർ അടിച്ച പന്ത് രവി ബിഷ്‌ണോയി കൈപ്പിടിയിലൊതുക്കിയപ്പോൾ രാജസ്ഥാൻ്റെ സ്കോർ 97. ഷിമ്രോന്‍ ഹെറ്റ്മെയർക്കും രക്ഷകനാകാൻ കഴിഞ്ഞില്ല. ആവേശ് ഖാൻ്റെ പന്ത് നീട്ടിയടിച്ചത് കെഎൽ രാഹുലിൻ്റെ കൈകളിൽ ഭദ്രമായി. അവസാന ഓവറുകളിൽ തുടരെ തുടരെ വിക്കറ്റുകൾ നഷ്‌ടമായ രാജസ്ഥാൻ കപ്പൽ മുങ്ങുകയായിരിന്നു. റിയാന്‍ പരാഗിനും ദേവ്‍ദത്ത് പടിക്കലിനും ഫിനിഷ് ചെയ്യാനാവാതായതോടെ രാജസ്ഥാന്‍ തോല്‍വിയിലേക്ക് വീഴുകയായിരുന്നു.

ലക്നൗവിനായി ആവേശ് ഖാൻ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ മാർക്കസ് സ്റ്റോയ്നിസ് രണ്ടു വിക്കറ്റും സ്വന്തമാക്കി. രാജസ്ഥാനായി രവിചന്ദ്രൻ അശ്വിൻ രണ്ടു വിക്കറ്റ് വീഴ്ത്തി. സന്ദീപ് ശർമ ട്രെന്റ് ബോൾട്ട് എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com