പ്രതികാരദാഹവുമായി മുംബൈ ഇന്ത്യൻസ് രാജസ്ഥാനിലേക്ക്

ഹോം മത്സരത്തിൽ രാജസ്ഥാനോടു തോറ്റ മുംബൈക്ക് പോയിന്‍റ് പട്ടികയിൽ സ്ഥാനം മെച്ചപ്പെടുത്താൻ എവേ മത്സരത്തിൽ അവരെ കീഴടക്കിയേ മതിയാകൂ
രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും.
രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും.File
Updated on

ജയ്പുർ: പതിവുപോലെ മോശം തുടക്കം മറികടന്ന് വിജയവഴിയിൽ തിരിച്ചെത്തിക്കഴിഞ്ഞു മുംബൈ ഇന്ത്യൻസ്. കഴിഞ്ഞ നാലു കളിയിൽ മൂന്നും ജയിച്ച ടീം തിങ്കളാഴ്ച രാജസ്ഥാനെ നേരിടാനൊരുങ്ങുമ്പോൾ പദ്ധതികളിൽ പ്രതികാരമാണ് നിരയുന്നത്. ഹോം മത്സരത്തിൽ രാജസ്ഥാനോടു തോറ്റ മുംബൈക്ക് പോയിന്‍റ് പട്ടികയിൽ സ്ഥാനം മെച്ചപ്പെടുത്താൻ എവേ മത്സരത്തിൽ അവരെ കീഴടക്കിയേ മതിയാകൂ. നിലവിൽ ആറാം സ്ഥാനത്താണ് മുംബൈ. അതേസമയം, ഇതുവരെ ഒരു കളി മാത്രം തോറ്റ രാജസ്ഥാൻ 12 പോയിന്‍റുമായി ഒന്നാം സ്ഥാനത്താണ്.

പഞ്ചാബ് കിങ്സിനെതിരായ കഴിഞ്ഞ മത്സരത്തിൽ അശുതോഷ് ശർമ നടത്തിയ അവിശ്വസനീയമായ പ്രത്യാക്രമണത്തെ കഷ്ടിച്ച് അതിജീവിക്കുകയായിരുന്നു മുംബൈ. ജസ്പ്രീത് ബുംറ ഒഴികെയുള്ള ബൗളർമാർക്ക് റണ്ണൊഴുക്ക് നിയന്ത്രിക്കാൻ സാധിക്കാത്തതാണ് അവരുടെ പ്രധാന പ്രശ്നം. അതേസമയം, ബാറ്റിങ് നിരയിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഒഴികെയുള്ളവർ ഫോമിലാണ്. ഇതുവരെ 13 ഇരകളെ കണ്ടെത്തിക്കഴിഞ്ഞ ബുംറ ഇപ്പോൾ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്കൻ എക്സ്പ്രസ് പേസർ ജെറാൾഡ് കോറ്റ്സി 12 വിക്കറ്റ് നേടിയിട്ടുണ്ടെങ്കിലും റൺ വഴങ്ങുന്നതിൽ തീരെ പിശുക്കില്ല. പാണ്ഡ്യയും ആകാശ് മധ്‌വാളും സ്ഥിരത പുലർത്തുന്നതുമില്ല.

കഴിഞ്ഞ മൂന്നു കളിയിൽ ഓരോ വിക്കറ്റ് നേടിയെങ്കിലും ശ്രേയസ് ഗോപാലിന്‍റെ ലെഗ് സ്പിന്നിൽ നിന്ന് മുംബൈ ഇതിലേറെ പ്രതീക്ഷിക്കുന്നു. എന്നാൽ, അഫ്ഗാനിസ്ഥാൻ ഓൾറൗണ്ടർ മുഹമ്മദ് നബിയുടെ ഓഫ് സ്പിന്നിനെ ഇതുവരെ വേണ്ടിവിധത്തിൽ ഉപയോഗിച്ചിട്ടുമില്ല.

ഓപ്പണർമാരായ രോഹിത് ശർമയ്ക്കും ഇഷാൻ കിഷനുമൊപ്പം, പരുക്കിൽനിന്നു തിരിച്ചെത്തിയ സൂര്യകുമാർ യാദവും മിന്നും ഫോമിലാണെന്നത് മുംബൈയുടെ ബാറ്റിങ് കരുത്ത് വർധിപ്പിക്കുന്നു. ഈ ടോപ് ത്രീ വിസ്ഫോടനശേഷി തടുത്തു നിർത്തുക എന്നതായിരിക്കും ട്രെന്‍റ് ബൗൾട്ട് നയിക്കുന്ന രാജസ്ഥാൻ ന്യൂബോൾ അറ്റാക്കിന്‍റെ ആദ്യത്തെ വെല്ലുവിളി. ഇന്നിങ്സിന്‍റെ രണ്ടാം പകുതിയിൽ റണ്ണൊഴുക്ക് നിയന്ത്രിക്കുക എന്ന ദൗത്യം ആവേശ് ഖാൻ പരമാവധി ഭംഗിയാക്കുന്നു. കുൽദീപ് സെൻ മികവിന്‍റെ മിന്നലാട്ടങ്ങൾ പ്രദർശിപ്പിക്കുന്നുണ്ടെങ്കിലും കൂടുതൽ റൺ വഴങ്ങുന്നത് ആശങ്കയാണ്. സ്പിൻ വിഭാഗത്തിൽ ആർ. അശ്വിൻ ഇതുവരെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നിട്ടില്ലെങ്കിലും യുസ്വേന്ദ്ര ചഹൽ 12 വിക്കറ്റുമായി ഫോം തെളിയിച്ചിട്ടുണ്ട്.

യുവ ഓപ്പണർ യശസ്വി ജയ്സ്വാളിന് ഫോം വീണ്ടെടുക്കാനാവാത്തതാണ് ബാറ്റിങ് നിരയിൽ രാജസ്ഥാൻ നേരിടുന്ന ഏക പ്രതിസന്ധി. ഫോം വീണ്ടെടുത്ത ജോസ് ബട്‌ലർ രണ്ട് സെഞ്ചുറി നേടിക്കഴിഞ്ഞു. മൂന്നും നാലും സ്ഥാനങ്ങളിൽ ക്യാപ്റ്റൻ സഞ്ജു സാംസണും റിയാൻ പരാഗും വിശ്വസ്തത തെളിയിക്കുകയും ചെയ്തിട്ടുണ്ട്. സഞ്ജു ഇതുവരെ 276 റൺസ് നേടിയപ്പോൾ പരാഗ് 318 റണ്ണായിക്കഴിഞ്ഞു. ഫിനിഷിങ് ജോലി ഷിമ്രോൺ ഹെറ്റ്മെയറുടെ ബാറ്റിൽ സുരക്ഷിതം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com