
സച്ചിനും ദ്രാവിഡിനുമൊപ്പം ഇനി കെ.എൽ. രാഹുലും; ടെസ്റ്റ് ക്രിക്കറ്റിൽ അപൂർവ നേട്ടം
ഓൾഡ് ട്രാഫഡ്: ഇംഗ്ലണ്ടിൽ 1,000 ടെസ്റ്റ് റൺസ് തികയ്ക്കുന്ന അഞ്ചാമത്തെ ഇന്ത‍്യൻ താരമായി കെ.എൽ. രാഹുൽ. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫഡിൽ ബുധനാഴ്ച നാലാം ടെസ്റ്റ് നടക്കുന്നതിനിടെയാണ് രാഹുലിന്‍റെ നേട്ടം.
25 ഇന്നിങ്സുകളിൽ നിന്നാണ് താരം 1,000 റൺസ് പൂർത്തിയാക്കിയത്. ഇംഗ്ലണ്ടിൽ 1,575 റൺസ് നേടിയിട്ടുള്ള ഇതിഹാസ താരം സച്ചിന്‍ ടെൻഡുൽക്കറാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 30 ഇന്നിങ്സുകളിൽ നിന്നായിരുന്നു സച്ചിൻ ഈ നേട്ടം കൈവരിച്ചത്.
ഇവർക്കു പുറമെ രാഹുൽ ദ്രാവിഡ്, സുനിൽ ഗവാസ്കർ, വിരാട് കോലി എന്നിവരും പട്ടികയിൽ ഉൾപ്പെടുന്നു. ദ്രാവിഡ് 23 ഇന്നിങ്സുകളിൽ നിന്നും 1,367 റൺസും ഗവാസ്കർ 28 ഇന്നിങ്സുകളിൽ നിന്നും 1,152 റൺസും വിരാട് കോലി 33 ഇന്നിങ്സുകളിൽ നിന്നും 1,096 റൺസും നേടിയിട്ടുണ്ട്.
ഇംഗ്ലണ്ടിനെതിരായ ആദ‍്യ മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ നിന്നും രാഹുൽ 2 സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും ഉൾപ്പെടെ 375 റൺസാണ് ഇതുവരെ അടിച്ചു കൂട്ടിയത്.