

എം.എസ്. ധോണി, ഗൗതം ഗംഭീർ, എസ്. ശ്രീശാന്ത്
ന‍്യൂഡൽഹി: ഇന്ത‍്യൻ ക്രിക്കറ്റ് ടീം മുഖ‍്യ പരിശീലകൻ ഗൗതം ഗംഭീറിനെതിരേ രൂക്ഷ വിമർശനവുമായി മലയാളി താരം എസ്. ശ്രീശാന്ത്. ഗംഭീറിനെ പോലെ ഒരു പരമ്പരാഗത കോച്ചിനെ ഇന്ത‍്യൻ ദേശീയ ടീമിന് ആവശ‍്യമില്ലെന്നും മുൻ ഇന്ത‍്യൻ ക‍്യാപ്റ്റൻ എം.എസ്. ധോണിയെ പോലുള്ള പരീശിലകൻ ഉണ്ടെങ്കിൽ മാത്രമെ മികച്ച സേവനം ലഭിക്കൂവെന്നാണ് ശ്രീശാന്ത് പറയുന്നത്.
ഹിന്ദി മാധ‍്യമമായ ലല്ലൻടോപ്പിന് നൽകിയ അഭിമുഖത്തിലാണ് ശ്രീശാന്ത് ഗംഭീറിനെതിരേ തുറന്നടിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ പ്രബല ശക്തിയായിരുന്ന ഇന്ത‍്യ സമീപകാലങ്ങളിൽ ഏറ്റുവാങ്ങിയ തോൽവിയെ കുറിച്ച് ശ്രീശാന്തിനോട് ചോദിച്ചപ്പോൾ ഗംഭീർ ടീമിന്‍റെ മുഖ‍്യ പരിശീലകനായിരുന്ന കാലത്താണ് ന‍്യൂസിലൻഡിനെതിരേ സ്വന്തം മണ്ണിലും ദക്ഷിണാഫ്രിക്കയ്ക്കെതിരേയും പരമ്പര തോറ്റതെന്ന് ശ്രീശാന്ത് മറുപടി നൽകി.
ഇന്ത‍്യയ്ക്ക് വേണ്ടത് പരിശീലകനെയല്ല ഉപദേഷ്ടാവിനെയാണെന്നും പരിശീലകനെ മാറ്റണമെന്നും ശ്രീശാന്ത് ആവശ‍്യപ്പെട്ടു. ഗംഭീറിന്‍റെ പരിശീലന രീതിയിൽ വിമർശനം ഉന്നയിച്ച ശ്രീശാന്ത് താരങ്ങളുടെ മേൽ ഗംഭീർ അമിത സമ്മർദം ചെലുത്തുന്നുണ്ടെന്ന് കൂട്ടിച്ചേർത്തു.
താരങ്ങൾ പരാജയപ്പെടുമ്പോൾ അവരെ ഒഴിവാക്കുന്ന ഒരു പരിശീലകന്‍റെ ആവശ‍്യമില്ലെന്നും ധോണിയായിരുന്നുവെങ്കിൽ അങ്ങനെയൊന്നും ചെയ്യില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായങ്ങളിൽ വ‍്യത‍്യാസമുണ്ടായേക്കാം, പക്ഷേ ധോണി സഹതാരങ്ങളിൽ വളർത്തിയെടുത്ത ആത്മവിശ്വാസമാണ് ഇന്ത‍്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത്.
ധോണിയെ പോലെ ഒരു ഉപദേഷ്ടാവിനെ ടീം ഇന്ത‍്യയ്ക്ക് ആവശ‍്യമുണ്ട്. ഇത്തവണത്തെ ടി20 ലോകകപ്പ് വിജയിച്ചതിന് മുഖ‍്യ പങ്ക് ഗംഭീറിനാണെന്ന വാദവും ശ്രീശാന്ത് തള്ളി കളഞ്ഞു. മുഴുവൻ പങ്കും താരങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും സഞ്ജു സാംസൺ, സൂര‍്യകുമാർ യാദവ് എന്നീ താരങ്ങൾ ലോകകപ്പിൽ നൽകിയ സംഭാവനകളും ശ്രീശാന്ത് എടുത്തു പറഞ്ഞു. ലോകകപ്പ് ജയിച്ചപ്പോൾ അതിന്‍റെ മുഴുവൻ ക്രെഡിറ്റും ഗംഭീറിനായിരുന്നു. എന്നാൽ സഞ്ജു ടീമിൽ ഇല്ലായിരുന്നുവെങ്കിൽ, സൂര‍്യകുമാർ യാദവ് ക‍്യാപ്റ്റൻ ആയില്ലായിരുന്നെങ്കിൽ ശരിയായ സമയത്ത് ബൗളിങ്ങിൽ മാറ്റങ്ങൾ വരുത്തിയില്ലായിരുന്നുവെങ്കിൽ നമ്മൾ ലോകകപ്പ് ജയിക്കുമായിരുന്നോ? ശ്രീശാന്ത് ചോദിച്ചു.